ഒരാൾക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ അയാൾ
ഉടനേ തന്നെ പേന എടുക്കുമെന്ന് ബൽസാക്ക് പറഞ്ഞിട്ടുണ്ട്. ഓരോ കവിതയും
രചിക്കുന്നതിനു മുൻപ് ‘ഞാൻ എഴുതണോ‘ എന്നു ചോദിക്കാറുണ്ടായിരുന്നെന്ന് റിൽക്ക
അഭിപ്രായപ്പെടുന്നു. ആധുനികതയുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന കെ. പി. അപ്പന്റെ
‘ പേനയുടെ സമര മുഖങ്ങൾ ‘ എന്ന ഗ്രന്ഥത്തിൽ ഈ രണ്ടു വിശകലനങ്ങളും
ഉൾപ്പെടുത്തിയിട്ടുള്ളത് വർത്തമാന മലയാള കവിതയുടെ
അവസ്ഥയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
എപ്പോഴാണ്
ഒരാൾ കവിത എഴുതുന്നത് ? ‘ എഴുത്ത് നിർബന്ധമാകുമ്പോൾ ‘ എന്നതായിരിക്കണം മറുപടി.
പക്ഷേ, അങ്ങനെയൊന്ന് വർത്തമാന മലയാളത്തിൽ കാണാൻ കഴിയുന്നില്ല. പേനയെടുത്തവരും
പേരെഴുതിയവരുമെല്ലാം ഇപ്പോൾ കവികളായി മാറുന്നുവെന്നതാണ് കവിതയിലെ വർത്തമാനം. ഇത്
കവിതയ്ക്ക് വളരേയേറെ ദോഷം ചെയ്യും. ഉത്തരാധുനികതയുടെ രണ്ടാം പാദത്തിൽ ശക്തി
പ്രാപിച്ചു വരുന്ന പുതുകവിതാപ്രസ്ഥാനത്തിൽ ഭാഷാസ്നേഹികളും സഹൃദയ ലോകവും വച്ചു
പുലർത്തിയിരുന്ന പ്രതീക്ഷകളെ തകിടം മറിയ്ക്കുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്.
ആധുനിക കവിത വന്നപ്പോൾ ഇതൊന്നും
മനസ്സിലാകുന്നില്ലെന്നു പറഞ്ഞവരാണ് നാം. എന്നാൽ ഇന്ന് ഇതിലൊന്നുമില്ലെന്നു പറയുന്ന
അവസ്ഥയാണ്. ആധുനിക കവിതയെ രക്ഷിക്കാൻ ശക്തമായ നിരൂപണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന്
അതുമില്ല. കവിതയെ വായനക്കാരിൽ നിന്നകറ്റിയത് ആധുനിക കവിതയാണെന്നാണ് നാം
കരുതുന്നത്. എന്നാൽ ആധുനികോത്തര കവിതയുടെ വരവോടെ മാറ്റം വന്ന ഈ അവസരത്തിൽ വർത്തമാന
കവിതയുടെ നിലവാരമില്ലായ്മ വീണ്ടും വായനക്കാരിൽ നിരാശ സൃഷ്ടിക്കുമോ എന്നാണ്
ഭയക്കേണ്ടത്.
കല കല്യ്ക്കു വേണ്ടി , കല ജീവിതത്തിനു
വേണ്ടി എന്നീ രണ്ട് വികല്പങ്ങൾ നമ്മുടെ കലാസാഹിത്യത്തിൽ നിറഞ്ഞു നിന്നിട്ടുണ്ട്.
ഒന്നുകിൽ കവിത സൌന്ദര്യപരമായിരിക്കണം, അല്ലെങ്കിൽ ജീവിതഗന്ധിയായിരിക്കണം. ഇത്
രണ്ടുമല്ലാതിരിക്കുന്നത് കലാപരമായ പരാജയമാണ്. ഒരു കവിത വായിച്ചു കഴിഞ്ഞാൽ അത്
വായിച്ചതിനു മുൻപും ശേഷവും എന്ന് നമ്മുടെ മാനസികാവസ്ഥ രണ്ടായി മാറണം. കലാത്മകമായി
അവതരിപ്പിക്കുന്നതിൽ കവിഞ്ഞ ഗൌരവം അർഹിക്കുമ്പോൾ മാത്രമേ കവിത ഗദ്യവും കഴിഞ്ഞുള്ള
പരുക്കൻ ഗദ്യത്തിലേയ്ക്ക് വഴി മാറാവൂ.
തോട്ടിലും
കുളത്തിലും കുളിക്കാൻ സ്വാതന്ത്ര്യം കിട്ടി എന്നതു കൊണ്ട് പുതു കവിതയ്ക്ക്
നിരത്തിലൂടെ പൂർണ നഗ്നനായി നടക്കാം എന്നു കരുതരുത്. സഭ്യതയുടെ സകല അതിരുകളും
ലംഘിച്ച് നിരത്തുന്ന പദങ്ങൾ കവിതയ്ക്ക് അപലപനീയമാണ്. ഇങ്ങനെയൊക്കെ വിമർശന തലങ്ങൾ
ഉൾക്കൊള്ളുമ്പോൾ തന്നെ പുതു കവിതയിൽ ഞെട്ടിക്കുന്ന പല കവിതകളും പിറക്കുന്നത്
ആശ്വാസമാണ്. വാൽമീകിയും വ്യാസനും ഒരു വിഷയമവതരിപ്പിക്കാൻ പതിനായിരക്കണക്കിനു
വരികളെ ആശ്രയിച്ചപ്പോൾ അതിനേക്കാൾ ഭാവാത്മകമായി വിഷയമവതരിപ്പിക്കാൻ പുതുകവിതയിലെ
കവിയ്ക്ക് കഴിയുന്നു. അങ്ങനെ എഴുത്ത് നിർബന്ധമായതു കാരണം എഴുതപ്പെടലിനു
വിധേയമായതെന്നു തോന്നിപ്പിക്കുന്ന , 2012 ലെ ആനുകാലികങ്ങളിൽ നിന്നും
തെരഞ്ഞെടുക്കപ്പെട്ട 43 കവിതകളാണ് ഇവിടെ പരാമർശ വിധേയമാക്കുന്നത്.
ഭാഷാപോഷിണി, മാത്രുഭൂമി, മാധ്യമം, ഒരുമ,
പ്രസക്തി, ചിദംബരം, കലാചന്ദ്രിക, കേരള കവിത, മാതൃകാന്വേഷി, എതിർദിശ, ഗ്രന്ഥാലോകം
തുടങ്ങിയ ആനുകാലികങ്ങളിൽ നിന്നാണീ കവിതകൾ കണ്ടെടുത്തത്. കവി ആർ. മനോജ് പറയുന്നതു
പോലെ കളങ്ങളിൽ ഒതുക്കി നിർത്താത്ത വിധം വൈവിധ്യം പുലർത്തുന്ന ഇവയുടെ പൊതുസ്വഭാവം
കണ്ടെത്തുക പ്രയാസമായതിനാൽ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.
ഓരോ കവിതയും ഓരോ ഭാഷയായി മാറുന്നതായും
കവി ഭാഷയായി മാറുന്നതായും ‘ഓരോരോ‘ എന്ന കവിതയിൽ ഡി വിനയചന്ദ്രൻ
പറയുന്നു. ഏതു വാക്കും ഏത് അർത്ഥത്തോടും ഇണ ചേരുന്ന കാലത്ത്, എന്റെ ഭാഷ
അപൂർണമല്ലെന്ന് കുമാരനാശാനെ തിരുത്തുന്ന കവിതയാണ് ജി. ഹരികൃഷ്ണന്റെ ഭാഷ്യം.
കവികൾ ഞാനുണ്ട് ഞാനുണ്ട് എന്നു പറഞ്ഞ് സന്നിധ്യവും ഇടവും കണ്ടെത്താൻ ശ്രമിക്കുന്നതായി
‘എഴുത്ത് ‘ ഇൽ വി ടി ജയദേവൻ അഭിപ്രായപ്പെടുന്നു.
മുറ്റത്തെ കമ്പിയിൽ ഓരോ ഹാങറിലും പാറി
വന്ന് കൂടു കൂട്ടുന്ന ഓലക്കുരുവികളും ജീവിതത്തിന്റെ ഓഫ് ലൈനിൽ കഴിയുന്ന മനുഷ്യരും ഗയയുടെ
ഹാങറിൽ കയറി വരുന്നു. തുന്നിക്കെട്ടുന്തോറും അറ്റു പൊയ്ക്കൊണ്ടിരിക്കുന്ന
തലയണ...
ഇനി ഉപേക്ഷിക്കുന്നതെങ്ങനെ
കുപ്പത്തൊട്ടിയിലോ
കാണാമറയത്തോ ഇരുന്ന്
അത് പിന്നെയും
എന്നെ സ്നേഹിച്ചാലോ...
എന്ന് അമ്മു ദീപ സംശയം
പ്രകടിപ്പിക്കുന്നു. സസ്കാരത്തെ കളയാനോ കൊണ്ടു പോകാനോ കഴിയാത്ത പ്രതിസന്ധിയിലാണ്
വർത്തമാന മനുഷ്യനെന്ന് തലയിണ എന്ന ഈ കവിത സാക്ഷ്യപ്പെടുത്തുന്നു.
അനുഭവങ്ങളുടെ കവിഞ്ഞൊഴുകലല്ല വിങ്ങലുകളാണ് കവിതകൾക്ക് വഴിയൊരുക്കുന്നത് കണ്ണീർ
എന്ന കവിതയിൽ ആനപ്പുഴ്യ്ക്കൽ അനിൽ സംശയം പ്രകടിപ്പിക്കുന്നു. രാവിലെ പത്രം
തുറക്കുമ്പോൾ ചോരത്തുള്ളികളാണ് സാംബശിവൻ മുത്താന കാണുന്നത്.
അധികാരത്തിലിരിക്കുന്നവനും
അത് കിട്ടാത്തവനും തമ്മിലുള്ള
ദാഹത്തിൽ മരിച്ചവൻ
ഇന്നു നീയായിരിക്കാം
നാളെ ഞാനായിരിക്കാം
മറ്റന്നാൾ എന്റെ മകനായിരിക്കാം.
നമ്മുടെ
എത്ര ഇതിഹാസങ്ങൾ കൊല എന്ന ഈ കവിതയിലേയ്ക്ക് ചുരുണ്ട് കൂടിയിരിക്കുന്നു. പൂർത്തിയാക്കാൻ വായനക്കാരനോട്
ആവശ്യപ്പെടുന്ന കവിതയാണ് ടോം ജോസഫ് കളപ്പുരയ്ക്കലിന്റെ പ്രണയം.
പകലിന്റെ അതിർത്തിരേഖയിൽ ഒരു മഷിത്തണ്ട് വാടാതെ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം
പറയുന്നു. കണ്ണൂം കാഴ്ചയും വ്യത്യസ്തമാണെന്നും ഇന്ദ്രിയങ്ങളെ
അവിശ്വസിക്കേണ്ടിയിരിക്കുന്നുവെന്നും കെ ആർ ടോണി അഭിപ്രായപ്പെടുന്നു. ‘
കാഴ്ച ‘ എന്ന കവിതയിൽ അന്ധൻ പറിക്കുന്നത് പഴുത്ത മാങ്ങകളാകുന്നത് അതു കൊണ്ടാണ്.
ജി. പി. എസ്സിന്റെ സഹായം കൊണ്ട് മാത്രം നാം സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ വഴിയറിയാതെ
നാം കുടുങ്ങുക തന്നെ ചെയ്യും. പുറപ്പെട്ടവൻ സ്ഥല ഭൂപടങ്ങൾ എടുക്കാൻ മറന്നതിനാൽ
അടയാളങ്ങളില്ലാതെ നാം മിഴിച്ചിരിക്കുന്നുവെന്നു
‘ ചിറക് ‘ എന്ന കവിതയിൽ റോഷ്നി സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു.
ഇന്നത്തെ മരണമൊന്നും മരണമല്ല
അരിയെവിടെന്നും
മരുന്നെവിടെന്നും അറിഞ്ഞിട്ടും
ദയ എന്ന പ്രാണവായു
ഒഴിഞ്ഞു മാറുമ്പോൾ
ഒരു ഷെൽഫിലും കൈ എത്താതെ
മുങ്ങിത്തഴുന്നതാണ്
നീതി.
എന്ന് ‘ ടിച്ച് ഞാത് ഹാർത്ത് ‘
ഇൽ കെ.ജി. ശങ്കരപ്പിള്ള വെളിപ്പെടുത്തുന്നു. കവിതയ്ക്ക് കനം വേണമെന്ന്
നിരൂപകരും വേണ്ടെന്നു വായനക്കാരും അഭിപ്രായപ്പെടുന്നതാണ് കെ ആർ ടോണി യുടെ കല്ല്
എന്ന കവിത. സത്യം കാലത്തിനനുസരിച്ച് സ്വർണവും റബ്ബറും പ്ലാസ്റ്റിക്കുമായി രൂപം
മാറുന്നുവെന്ന് റഫീക്ക് അഹമ്മദ് പറയുന്നു.
ആകെ മൊത്തം ജീവിതം
പ്രകൃതി വിരുദ്ധമായെങ്കിലും
സത്യം ഇക്കോ ഫ്രണ്ട്ലി
ആയിട്ടുണ്ട്.
എന്നു പറഞ്ഞ് സത്യം എന്ന കവിത അവസാനിക്കുന്നു. സ്ത്രീകളുടെ പ്രാദേശിക വിഷയങ്ങളെ
അവതരിപ്പിക്കുന്ന രശ്മി യുടെ കവിതയാണ് നൂൽബന്ധം.
ചോദ്യ ചിഹ്നങ്ങൾ
എത്ര ചോദിച്ചാലും
എത്ര കേട്ടാലും തൃപ്തിയാവില്ല.
നമ്മൾ നമ്മളെത്തന്നെ വെട്ടിൽ
വീഴ്ത്തി
രസിക്കുകയാണ്.
ഉത്തരങ്ങളേക്കൾ ചോദ്യങ്ങൾ നമ്മേ
വേട്ടയാടുന്നതായി തിരുവല്ലയിൽ ബോധി വൃക്ഷത്തിനു
കീഴെ എന്ന ദേവസേന യുടെ കവിത അഭിപ്രായപ്പെടുന്നു. താൻ അഴുക്ക പദങ്ങൾ
തന്നെ ഉപയോഗിക്കുമെന്ന് തറപ്പിച്ച് പറയുന്ന കവിതയാണ് അഴുക്കകവിത.
ഇനി പറയൂ
നിങ്ങൾ കുരയ്ക്കുന്നോ ?
ചുരുണ്ട് കൂടുന്നോ ?
രണ്ടായാലും ഞാൻ
ഒന്നേന്നേ തുടങ്ങാൽ
പോകുകയാണ്.
ബൌ ബൌ ബൌ ബൌ.
എന്നാണ് ചായം ധർമ്മരാജൻ
കവിത അവസാനിപ്പിക്കുന്നത്. അനശ്വരതയ്ക്ക് പുതിയ നിർവചനം തരുന്നതാണ് രാമചന്ദ്രൻ
വെട്ടിക്കാടിന്റെ ‘മരിച്ചുപോയവന്റെ ഓർക്കൂട്ട് ‘ എന്ന കവിത. മരിച്ചതിനു
ശേഷവും അവനു വരുന്ന സ്ക്രാപ്പുകളും ലൈക്കുകളും റിക്വസ്റ്റുകളും അവനെ
അനശ്വരനാക്കുന്നു.
മരിച്ചവരോടൊപ്പം
വസന്തങ്ങൾ നഷ്ടപ്പെടുന്നതായി മനോജ് മേനോൻ കണ്ടെത്തുന്നു. ചെറുമൻ
താമിക്കൊപ്പം പടിഞ്ഞാറേ പുഴയും മൊയ്തീന്‍ക്കയുടെ കൂടെ കട കട കാളവണ്ടിയും വറീത് മാപ്ലയ്ക്കൊപ്പം
മേരീ മാതാ ടാക്കീസും പോയെങ്കിൽ
ഇനി പറയൂ
മരിച്ചവർ ഒന്നും കൂടെ
കൊണ്ടു പോകുന്നില്ലെന്ന്
ആരാണ് പറഞ്ഞത് ?
മരിച്ചവർ കൊണ്ട് പോകുന്നത് എന്ന
കവിതയുടെ അവസാന വരികളാണിവ.
വീട്ടുസാധനങ്ങളെല്ലാം
വാരിക്കൂട്ടി
ഹോസ്റ്റൽ മുറിയിലെ
അലമാരയിലും
അവന്റെ പോക്കറ്റിലും
ലാപ്ടോപ്പിന്റെ
മെമ്മറിയിലും
ഞാൻ ഒളിച്ച്
വയ്ക്കുന്നു.
കരയെ കടൽ, അടിത്തട്ടിലും
കടലിനെ കര, കണ്ണീരിലും
ഒളിപ്പിക്കുന്നതു പോലെ.
പണ്ടെങ്ങോ എന്നോ ഒരു
വീടുണ്ടായിരുന്നു എന്ന കവിതയിൽ ആർദ്ര എൻ ജെ
പറയുന്നു. പാളങ്ങൾ ഇരട്ടിപ്പിച്ച്
തീവണ്ടി യാത്ര എളുപ്പമാക്കുമ്പോൾ വശത്തുള്ള പൊടി പിടിച്ച വീടിന്റെ ഉടമസ്ഥന്റെ
ജീവിതം പ്രയാസമേറിയതായി ‘ എഴുപ്പങ്ങൾ പ്രയാസങ്ങൾ ‘ എന്ന കവിതയിൽ എസ്.
ജോസഫ് പറയുന്നു. സന്ദേശ കാവ്യങ്ങളിലും അനന്തപുര വർണനത്തിലും കാണുന്ന രീതിയാണ്
എതുക്കാട്ട് ചന്ത എന്ന കവിതയിൽ സാംബശിവൻ മുത്താന സ്വീകരിച്ചത്. ഓടവെള്ളം മുദ്ര
വച്ച് ദാഹത്തിനു കിട്ടുന്നതായി സുഖമാരറിവൂ എന്ന കവിതയിൽ തിരുവട്ടാർ സുകുമാരൻ
അഭിപ്രായപ്പെടുന്നു.
ഹൈക്കു
കവിതകളുടെ സ്വാധീനം 2012 ലുണ്ടായി. അഷിതയുടെ പാചകക്കുറിപ്പ് എന്ന കവിത ചുവടെ
ചേർക്കുന്നു.
ഒരു
ടീസ്പൂൺ സ്നേഹവും
സ്വപ്നങ്ങളൂടെ
രണ്ടച്ചും
ഹാ!
ജീവിതം എത്ര ഉന്മേഷഭരിതം.
മുഷിയരുത്,
മരണശേഷമാണ് അനാഥ ജഡമായും അജ്ഞാത ജീവിയായും ജീവിതം സാർത്ഥകമാകുന്നതെന്ന് വി കെ
ശ്രീരാമന്റെ എന്നോടും
നിന്നോടുമായി എന്ന കവിത
പറയുന്നു. യുവത്യുടെ മുറിയിൽ കയറുന്ന കള്ളനെ സദാചാര വിരുദ്ധനായി
പിടിക്കപ്പെടുമ്പോൾ താൻ ഒരു കള്ളനാണെന്ന് സ്ഥാപിച്ച് അവൻ രക്ഷ പെടുന്നു. എന്നാൽ
കാമുകനെ കള്ളനായി പിടിക്കപ്പെടുമ്പോൾ നെടുവീർപ്പുകൾ കൊണ്ട് ലോക്കപ്പ് മുറി
നിറയ്ക്കാനേ അവനു കഴിയുന്നുള്ളൂ എന്ന് കല്പറ്റ നാരായണൻ അഭിമാനങ്ങൾ എന്ന കവിതയിൽ വ്യക്തമാക്കുന്നു.
പ്രണയത്തിന്റെ കാലാന്തരമാണ് കല്പറ്റയുടെ തന്നെ കാലാന്തരം എന്ന കവിത.
അവളുടെ കണ്ണീലെ കരടെടുക്കാനോ കാലിലെ മുള്ളെടുക്കാനോ ഇപ്പോൾ അയാൾക്ക് സമയമില്ല.
നിന്റെ
ദേഹത്തെവിടെയെങ്കിലും
സ്ഥിരതാമസത്തിനായി
അല്പം സ്ഥലം വിട്ടു തരുമോ
പൊന്നും
വില തരാം
എന്നു
പറഞ്ഞയാളാണ്.
ഒരു
സൂചി കുത്താനുള്ള സ്ഥലം
തരില്ല,
അവൾ ഗർവിഷ്ഠയായി പറഞ്ഞു.
ഇന്നവയാൾക്ക്
സമയമോ
അവൾക്ക്
ഗർവോ ഇല്ല.
ഉടുതുണി
മാറാത്തവരെ നഗ്നരാക്കുന്നതാണ് ലാപ്ടോപ്പുകളെന്ന് ഡി വിനയചന്ദ്രൻ പശുക്കൾ
എന്ന കവിതയിൽ പറയുന്നു.
ഉത്തരാധുനികതയുടെ
എട്ടാമത്തെ ഹെയർപ്പിന്നിൽ
കവിതയും
നോവലും ഏറ്റുമുട്ടി.
പക്ഷേ,
കവിത
പരിക്കുകളൊന്നുമില്ലതെ
രക്ഷപെട്ടു.
കവിതയിൽ,
കവിത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കവിതയുടെ
അതിജീവനത്തിന്റെ രഹസ്യം ആക്സിഡന്റ് എന്ന കവിതയിൽ പവിത്രൻ തീക്കുനി
വ്യക്തമാക്കുന്നു. ഈ ഇരുട്ടിൽ പുഴയെ ഒഴുക്കാനായി ജീവിതത്തിന്റെ ഉപ്പു കലർന്ന
പേജുകൾ ആർത്തിയോടെ തിന്നിട്ടും പുഴ സ്വപ്നമായി അവശേഷിക്കുന്നുവെന്ന് അനുഗ്രഹ പി
കെ പുഴ യിൽ വിലപിക്കുന്നു. കരിമ്പാറകളെ മുറിച്ച് കടന്നവരെ പോലും പ്രണയം
വലിച്ച് താഴ്ത്തിയിട്ടുണ്ടെന്ന് സുഷമ ബിന്ദു പ്രണയത്തിൽ
അഭിപ്രായപ്പെടുന്നു. മനുഷ്യൻ താണുവണങ്ങിയതിനാൽ ദൈവമുണ്ടായി, അവൻ മരിച്ചതിനാൽ ദൈവം
അമരനായി എന്ന് ധന്യാലയം പ്രമോദിന്റെ, ദൈവത്തെ വിചാരണ ചെയ്യുന്ന കവിതയാണ് ദൈവം. നോട്ട്
സൈനുദ്ദീൻ എടുത്തു കൊടുത്തതാണെന്ന് പറയിമ്പോൾ
“
പാകിസ്താനീന്നാ
കള്ളനോട്ടിന്റെ
വരവ്”
കാഷ്യർ
പറഞ്ഞു.
പി
എൻ ഗോപി കൃഷ്ണന്റെ അസ്സലും പകർപ്പും എന്ന ഈ കവിത പറയാനുദ്ദേശിക്കുന്നത്
വ്യക്തമാണ്.
അടിയുടുപ്പിന്റെ
ദരിദ്ര നരകളും മേനിയഴകിന്റെ പച്ചവരകളും പിഞ്ഞിയ നൂലരഞ്ഞാൺ കുടുങ്ങിയ മന്ത്രച്ചരടും
‘ കുളിമുറിയിലെ ബൾബ് ‘ എന്ന കവിത സ്കാൻ ചെയ്തെടുക്കുന്നതായി സുരേന്ദ്രൻ കടങ്കോട് കണ്ടെത്തുന്നു. ജീവിതം കനലെരിഞ്ഞു
വരുമ്പോൾ കണ്ണീർ തുടച്ച് കവിത അരികിലെത്തുമെന്നും ഊന്നുവടിയായി നിൽക്കുമെന്നും ശങ്കരൻ
കോറോം കവിത യിൽ അഭിപ്രായപ്പെട്ടു.
ജ്യോമെട്രി
ബോക്സിൽ മഞ്ചാടിക്കുരുവും പുളിങ്കുരുവുമൊക്കെയാണ് കരുതിയിരുന്നത്. കൂർത്തു മൂർത്തൊരു കോമ്പസ്സ്
സൂക്ഷിച്ചിട്ടുണ്ട്
ഞാൻ.
ബസ്സിൽ,
ശരീരത്തിലേയ്ക്ക് നീളുന്ന
വേണുവിന്റെ
കൈകളും
ഒഴിഞ്ഞ
വഴിയോരങ്ങളിൽ
ഭയശൈത്യപ്പുതപ്പ്നൽകാൻ
കാത്തിരിക്കുന്ന
.രവിയും അതറിയണം.
സുരേന്ദ്രൻ
കാനത്തിന്റെ ജ്യോമെട്രി ബോക്സ് കൂടുതൽ വ്യത്യസ്തത പുലർത്തുന്നു.
എത്ര
ഉപദേശിക്കുമ്പോഴും
എന്റെ
ആഗ്രഹം
നിന്റെ
വാല് വളഞ്ഞു തന്നെ ഇരിക്കണം.
നിന്റെ
നിവരാത്ത വാലിനെതിരേ
ശബ്ദിക്കുമ്പോൾ
ലഭിക്കുന്ന
എന്റെ
നിർവ്രുതി
നീ
ഒരിക്കലും അറിഞ്ഞു കാണില്ല.
പ്രസ്സദ്
കൂട്ടാളി യുടെ പട്ടിയുടെ വാൽ എന്ന കവിത വർത്തമാന കാപട്യം വി
ളിച്ചോതൂന്നു, രാജൻ കൈലാസിന്റെ പലായനം
എന്ന കവിത ഗീതയിലും ഖുറാനിലും ദാസ് ക്യാപിറ്റലിലും നാം തെരയുന്നത് നരഹത്യയുടെ ന്യായീകരണങ്ങളാണെന്ന്
കണ്ടെത്തുന്നു. വണ്ടിച്ചക്രം കയറി മരിച്ചവനെ പഞ്ചറായ ചക്രം കൊണ്ടുണ്ടാക്കിയ
പുഷ്പചക്രം കയറ്റി പിന്നെയും കൊല്ലാൻ ശ്രമിക്കുന്നെന്ന് നൌഷാദ്
പത്തനാപുരത്തിന്റെ ചാക്രികം എന്ന കവിത സാക്ഷ്യപ്പെടുത്തുന്നു.
അശോകൻ
പുത്തൂർ മനസ്സ് എന്ന കവിതയിൽ മനസ്സിനു വ്യത്യസ്ത നിർവചനങ്ങൾ നൽകുന്നു.
സ്വയം
കുത്തി നോവിക്കാനുള്ള’
കാലത്തിന്റെ
കണ്ണാടി
മുള്ളുകൾ
പാകിയ
തിരിച്ചറിവിലേക്കുള്ള
നടപ്പാത
പുര
നിറയും
പെണ്ണിന്റെ
മാതാവിന്
പുകഞ്ഞിരിക്കാനൊരു
നെരിപ്പോട്
ഓർമകൾ
പകുത്തു വയ്ക്കാൻ
ഒരു
പത്തായം
ചതിയുടെ
കൂമ്പ് കൊയ്യാൻ
ഒരരിവാൾ.
മോഹന
കൃഷ്ണൻ കാലടിയുടെ ആൻഡ്രോയിഡ് സോഷ്യൽ നെറ്റ്വർക്കുകളുടെ സ്വാധീനത്തെ
പരിഹസിക്കുന്ന കവിതയാണ്.
ഒരജ്ഞാത ജഡം
ഒറ്റനോട്ടത്തിലൊരു
മാന്യൻ
ജീൻസ്,
ടീ ഷർട്ട്, ഷൂസ്
ആൻഡ്രോയിഡ്
ഫോൺ
അഗ്നി
തരംഗങ്ങൾ അവന്റെ ദേഹിയെ
വിവിധ
പോസുകളിൽ
വിവിധ
അടിക്കുറിപ്പുകളോടെ
വിവിധങ്ങളായ
സോഷ്യൽ നെറ്റ്വർക്കുകളിൽ
വിതരണം
ചെയ്തു.
ആത്മഹത്യ,
കൊലപാതകം, അപകറ്റ മരണം
എന്നീ
വെബ് കമ്മ്യൂണിറ്റികളിൽ
അവന്റെ
മരണം ഹിറ്റായി.
പ്രണയ
നൈരാശ്യം, കടബാധ്യത, കുടിപ്പക
രാഷ്ട്രീയ
വൈരാഗ്യം
എന്നിങ്ങനെ
സാധ്യതകളാൽ
സൈബർ
ലോകം വീർപ്പു മുട്ടി.
പേരോ
മതമോ ദേശമോ ഇല്ലാത ഗർഭാവസ്ഥയിലെ ശയനം ആഗ്രഹിക്കുന്ന കവിതയാണ് ശയനം.
ഹിന്ദുവെന്നും മുസ്ലിമെന്നും അടിയെടാ എന്നും പിന്നേയും ചീളുകൾ ചിതറി വന്നു.
ഉത്കണ്ഠയോടെ
പൈതൽ
ഗർഭപാത്രം
പരതാൻ
തുടങ്ങി.
എന്ന്
പി എ നാസിമുദ്ദീൻ ശയനം അവസാനിപ്പിക്കുന്നു.
വർത്തമാന
മലയാളകവിത കവിതകളാൽ സമ്പന്നമാകുമ്പോൾ രചനാപരമായ ഗുണങ്ങൾ നഷ്ടപ്പെട്ടു പോകുന്നത്
സങ്കടകരമാണ്. പ്രശസ്തിയ്ക്കും സാന്നിധ്യത്തിനും വേണ്ടി കവിതയെഴുതുന്നവർ സ്വയം
ഇളിഭ്യരാകുന്നത് മാത്രമല്ല പുതുകവിതയുടെ വസന്തത്തിന് നിഴൽ വീഴ്ത്തുക തന്നെ
ചെയ്യും. വായനക്കാരെ നിരാശരാക്കുന്ന രചനകൾ തിരിച്ചറിയുന്നതിൽ നമ്മുടെ എഡിറ്റർമാരും
പരാജയപ്പെടുന്നതായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ബ്ലോഗു കവിതയുടെ സുവർണ്ണ കാലമായിരിക്കെ അവയെ ഒഴിവാക്കിയത്
ആനുകാലികങ്ങളിലെ കവിതാബാഹുല്യം കൊണ്ടാണ്. മുകളിൽ വിവരിച്ചതു പോലെയുള്ള കവികളുടെ
സാന്നിധ്യം പുതുകവിതയ്ക്ക് ആശയും ആശ്വാസവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. വർത്തമാന
കവിതാസങ്കേതങ്ങളേയും നിരൂപണ രീതികളേയും മനസ്സിലാക്കുന്നതിന് നമ്മുടെ കവികൾ പരന്ന
വായനയ്ക്ക് തയാറാകേണ്ടിയിരിക്കുന്നു. പുതുകവിതയുടെ മേൽ നിരൂപക ശ്രദ്ധ പതിയുന്നതിന്
അക്കാഡമികൾ മുൻകൈ എടുക്കുക കൂടി വേണം.