I can't ever imagine more wonderful than sharing My life with You

ഞായറാഴ്‌ച, മേയ് 17

ഓർമ്മക്കുറിപ്പ് (വിനയചന്ദ്രന് )

ഓർമ്മക്കുറിപ്പ് (വിനയചന്ദ്രന് )
**************** **************
വീട്ടിലേക്ക് നീ തിരിച്ചിരിക്കുന്നു
അനന്തപുരിയുടെ മണ്ണ്
നീ കരഞ്ഞിരന്ന് നേടിയതാണ്
അതിനാൽ , വീട്ടിലേക്ക് കയറുമ്പോൾ
നീ കാൽ തട്ടിക്കുടഞ്ഞ് കാണില്ല.

ലളിതമായി കൈകളുയർത്തി
അതിലലസമായി
തലക്കെട്ടില്ലാത്ത തലേക്കെട്ടും
ചിലപ്പോൾ തൊപ്പിയും തടവി
ഒരു മാന്ത്രികനെപ്പോലെ
ചിരിച്ച് ചിരിച്ച്
ഉച്ചത്തിൽ കടുപ്പിച്ച്
പതിയെ മൂളി മുരണ്ട്
നീ നാട്ടറിവുകൾ പാടുന്നു.

യൂറോ ലാറ്റിനമേരിക്കൻ
പാരമ്പര്യം പോലെ
കവിതയിൽ ജീവിതവും
ജീവിതത്തിൽ കവിതയും
തിരുകിയവർ, നിന്നെപ്പോലെ
മലയാളത്തിൽ ചിലർ മാത്രം.
അല്ലെങ്കിലും
നമ്മുടെ റൊമാന്റിക് റിയലിസ്റ്റുകൾ
പോലും
ജീവിതത്തിൽ നിയോ ക്ലാസിക്കുകളായിരുന്നു.

പുസ്തകങ്ങളെ പിരിയാൻ
നീ മടിച്ചിരിക്കണം, അവർ നിന്നെയും.
ചൂട്ടു കത്തിച്ച നിന്റെ
നീണ്ട അവധികൾ
ഞങ്ങൾക്ക് വേദനകൾ പകരുന്നു.
വിരഹം വിഷാദമനാഥ സങ്കല്പം .

വരുമെന്ന് കരുതി
പടിപ്പുരയിലിരിക്കാം ഞങ്ങൾ.
കണ്ണുനീർ വീഴ്ത്തിയിവിടം
തുളസിത്തറകളാക്കാം.
ബ്ലോഗിന് നാമം ചൊല്ലിക്കൊടുക്കും
നീയെങ്ങനെ
അക്കാദമിക്കും സമാന്തരർക്കും
കാസറ്റുകവിതയ്ക്കും ചെല്ലമായി.
പെയ്തിറങ്ങിയമറി മുരണ്ട്
ഉറഞ്ഞിറങ്ങുന്ന നിന്റെ വാക്കുകൾ
എത്രമേലത്ര മേൽ ലളിതം.

സഞ്ചാരീ,
അമ്മയുടെ ഗർഭാശയത്തിൽ
കവിത ചൊല്ലിയ
പകലിന്റെ സൂര്യാ
ഇരവിന്റെ ചന്ദ്രാ
തിരിച്ചു വായിക്കുവാൻ വേണ്ടി
നിന്റെ പൂർവ ലിപികൾ
ഞങ്ങൾ പിന്തുടരാം.......
                              [ ഫിറോസ് തടിക്കാട്]