I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, നവംബർ 19

ഈഡൻ രോഹിതിന്റെ ഗാർഡൻ



                   ഈഡൻ രോഹിതിന്റെ ഗാർഡൻ
ഫിറോസ് തടിക്കാട് (9446706338)

          ഈഡൻ ഗാർഡനിൽ രാജാക്കന്മാർ ഒരുപാടുണ്ട്. വി.വി എസ് ലക്ഷ്മൺ, മുഹമ്മദ് അസ്ഹറുദീൻ തുടങ്ങിയവർ ഈഡനെ സ്വന്തം ഗാർഡനായി കണ്ടവരാണ്. ഇപ്പോൾ ഈഡന് ഒരു ചക്രവർത്തി ഉണ്ടായിരിക്കുന്നു. രോഹിത് ഗുരുനാഥ് ശർമ. സുന്ദരമായ കവർ ഡ്രൈവുകളുടെ സഹായത്തോടെ 2014 നവംബർ 13 ന് മോശമല്ലാത്ത ശ്രീലങ്കൻ ബൌളിങ്ങിനെ  തച്ചു തകർത്ത് 33 ഫോറുകളുടെയും 9 സിക്സുകളുടെയും അകമ്പടിയോടെ 173 പന്തിൽ 264 റൺസ് നേടിയപ്പോഴാണ് രോഹിതിനെ ഈഡന്റെ ചക്രവർത്തിയായി ക്രിക്കറ്റ് ലോകം വാഴിച്ചത്. ഇംഗ്ലണ്ട് മാദകനടി സോഫിയ ഹയാത്താകട്ടെ സ്വന്തം നഗ്ന ചിത്രം ട്വിറ്ററിൽ സമ്മാനമായി രോഹിതിനു നൽകുകയായിരുന്നു.

          കായികതാരങ്ങളിൽ പലരും കഠിനാധ്വാനവും ആത്മാർഥതയും കൊണ്ട് പ്രതിഭാദാരിദ്ര്യത്തെ മറികടക്കുമ്പോൾ അലസതയും ഏകാഗ്രതയില്ലായ്മയും കൊണ്ട് സ്വന്തം പ്രതിഭയെ മൂടിവച്ച കളിക്കാരനായിരുന്നു രോഹിത് ശർമ്മ. സ്കൂൾ ക്രിക്കറ്റ് മുതൽ രോഹിതിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കണ്ടിരുന്നതിനാൽ സച്ചിനും ക്രിക്കറ്റ് നിരൂപകരും സച്ചിന്റെ പിൻഗാമിയായി രോഹിതിനെ വാഴ്ത്തുകയായിരുന്നു. പക്ഷേ, ക്രിക്കറ്റ് ആസ്വാദകർക്കു മാത്രം നിരാശയായിരുന്നു ഫലം.
          2007 ൽ നടന്ന ആദ്യ ടി20 ലോകകപ്പിലാണ് അന്താരാഷ്ട്ര തലത്തിൽ രോഹിത് ശ്രദ്ധിക്കപ്പെട്ടത്. പാകിസ്താനെതിരേ 16 പന്തിൽ 30 ഉം ദക്ഷിണാഫ്രിക്കയ്ക്കെതിരേ 40 പന്തിൽ 50 ഉം റൺസ് നേടി ജേതാക്കൾക്കിടയിൽ രോഹിത് സ്ഥാനം പിടിച്ചു. 2007 ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ സിബി സീരീസിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു രോഹിതിന്റേത്.പിന്നീട് ഫോം നഷ്ടപ്പെട്ട് ടീമിനു ബാധ്യതയായി കടിച്ചു തൂങ്ങുകയായിരുന്നു. ഏകദിന സ്പെഷിലിസ്റ്റുകളായി സുരെഷ് റെയ്നയും വിരാട് കോലിയും ഉയരുകയും ധോണിയും യുവരാജും കൂടി അടങ്ങുന്ന മധ്യനിരയിൽ അവസരമില്ലാതാകുകയും ചെയ്തതോടെ 2011 ലെ ലോകകപ്പ് ടീമിൽ നിന്നും രോഹിത് ശർമ്മ പുറത്തായി.
          2009 ൽ നടന്ന രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിക്കൊണ്ട് രോഹിത് പ്രതിഭ പ്രദർശിപ്പിച്ചു. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് റെയ്നയുടെ നേതൃത്വത്തിൽ നടന്ന വെസ്റ്റ് ഇന്റീസ് പര്യടനത്തിനുള്ള ടീമിൽ അങ്ങനെ ഇടം പിടിച്ചു. ഒന്നാം ഏകദിനത്തിൽ 68 ഉം മൂന്നാം ഏകദിനത്തിൽ 86 ഉം റൺസ് നേടി രോഹിത് ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ജാഗ്രതയുള്ള കളിക്കാരൻ എന്ന് ഗവാസ്കർ രോഹിതിനെ വിശേഷിപ്പിച്ചു.



          2013 ഐപി എൽ സീസണിൽ രോഹിത് മൂംബൈ ഇന്ത്യൻസിന്റെ ക്യാപ്ടനാകുകയും ഐപിഎല്ലിലും സിഎൽ ടി20 യിലും ചാമ്പ്യന്മാരാകുകയും ചെയ്തു. 2013 ലെ ചാ‍മ്പ്യൻസ് ട്രോഫിയിലേക്കുള്ള ടീമിൽ രോഹിത് സ്ഥാ‍നം ഉറപ്പിച്ചു. സച്ചിനും സേവാഗും ഗംഭീറും വിട്ടൊഴിഞ്ഞ ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിതിലൂടെ സെലക്ടർമാർ ഒരു പരീക്ഷണം നടത്തുകയായിരുന്നു.ശിഖിർ ധവാനുമായുള്ള ഓപ്പണിങ്ങ് പാർട്ടണർഷിപ്പ് രോഹിത് ആസ്വദിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഹോം സീരീസിലും രോഹിത് ഫോം തുടർന്നു. ജയ്പൂരിൽ 141 നോട്ടൌട്ട്, ബാംഗ്ലൂരിൽ 158 പന്തിൽ 209 റൺസ്. ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തേയും ഇന്ത്യുടേയും മൂന്നാമത്തെ താരമയി അദ്ഭുതപ്പെടുത്തി.
          ഫോം തുടർന്ന രോഹിതിനെ സച്ചിന്റെ വിരമിക്കൽ ടെസ്റ്റ് ടൂർണമെന്റിലും ഉൾപ്പെടുത്തി. 106 ഏകദിനങ്ങൾക്ക് ശേഷമായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. അതും അരങ്ങേറ്റത്തിനു മുൻപ് തന്നെ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.നവംബർ 6 നു വെസ്റ്റ് ഇന്റീസിനെതിരേ ഈഡൻ ഗാർഡനിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിൽ 177 റൺസ്, തീർന്നില്ല തൊട്ടടുത്ത ടെസ്റ്റിൽ വാങ്കഡേയിൽ 111 റൺസ്. കോലിയേക്കാൾ പ്രതിഭാശാലിയെന്ന് ക്രിക്കറ്റ് ലോകം രോഹിത് ശർമ്മയെ വിലയിരുത്തി.ജൂണിൽ കൈ വിരലിനു പരിക്കേറ്റ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ നിന്നും പുറത്തായി.

          പിന്നീട് കളിച്ചപ്പോൾ ഈഡനിൽ ശ്രീലങ്കയ്ക്കെതിരെ തകർക്കുകയായിരുന്നു. ഏരങ്ക എറിഞ്ഞ 46 ആം ഓവറിലെ രണ്ടാം പന്ത് സിക്സറിനു പറത്തി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് രോഹിത് അവകാശിയായി. പക്ഷേ, നിയന്ത്രിത ഓവറിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൌണ്ടിയിൽ സറേ ബാറ്റ്സ്മാനായ അലിസ്റ്റർ ബ്രൌണിന്റെ 268 റൻസാണ്.
          അലസതയുടെ പര്യായമാണ് രോഹിത് ശർമ്മ.തന്റെ പ്രിയപ്പെട്ട ഷോട്ടുകൾ കളിക്കുന്നതിലും ഫീൽഡിങ്ങിലെ പൊസിഷനുകളിൽ നിലയുറപ്പിക്കുന്നതിലും ആ അലസത കാണാൻ കഴിയും. രോഹിതിന്റെ ഏകദിന ബാറ്റിങ്ങ് ശരാശരി 37 മാത്രമാണെന്നറിയുമ്പോഴാ‍ണ് ആ അലസതയുടെ ആഴം വ്യക്തമാകുന്നത്. സാങ്കേതികത്തികവിലും പ്രതിഭയിലും സച്ചിനും ഗവാസ്കറിനും തുല്യമാണ് രോഹിത്. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്മാർ പിഞ്ച് ഹിറ്റർമാരാകുന്നതിന്റെ ദൃഷ്ടാന്തമാണ് രോഹിതിന്റെ ബൃഹത്തായ ഇന്നിംഗ്സുകൾ. തന്റെ പ്രതിഭയെ രോഹിത് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഉയർച്ചതാ‍ഴ്ചകളുടെ ഒരു നീണ്ട കരിയറാണ്  രോഹിതിന്റേത്. സമർത്ഥരായ സഹകളിക്കാരിൽ നിന്നും രോഹിത് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.

          ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിന്ത്യൻ ഇതിഹസം ബ്രയൻ ലാറ നേടിയ 400 റൺസിനോട് ചേർത്തുവയ്ക്കാവുന്ന മനോഹരമായ ഇന്നിഗ്സായിരുന്നു ഈഡനിലേത്. പക്ഷെ, കുട്ടിക്രിക്കറ്റിന്റെ ഭൂതം പിടികൂടിയ ഏകദിന ക്രിക്കറ്റിൽ 264 ഒരു മാന്ത്രിക സംഖ്യ അല്ല. വിരാട് കോലിയോ സുരേഷ് റെയ്നയോ രോഹിത് ശർമ്മ തന്നെയോ ഈ റെക്കോഡ് മറി കടന്നേക്കാം. ക്രിക്കറ്റ് ഒരുപാട് ബാക്കിയുണ്ട് ഈ 27 കാരന് . ഏകദിന ക്രിക്കറ്റിൽ ഓപ്പണിങ്ങിലും ടെസ്റ്റ്ക്രിക്കറ്റിൽ മധ്യനിരയിലും സച്ചിൻ ടെണ്ടുൽക്കർ ഒഴിച്ചിട്ട ഇടം ഈ മൂംബൈ താരം തന്നെ ഏറ്റെടുത്തിരിക്കുന്നു എന്നു നമുക്ക് കരുതാം.

ബുധനാഴ്‌ച, നവംബർ 5

അശാന്തി



അശാന്തി
 
ഇന്നലെ,
          സിരകൾ ത്രസിപ്പിച്ച
ഹൃദയത്തിന്റെ ഇടത്തേയറയിൽ
വച്ചാണ്
എന്റെ ശ്വേതരക്താണുക്കൾ
അവളെ തിരിച്ചറിഞ്ഞത്.

അവൾ
കരഞ്ഞു കലങ്ങിയ കണ്ണുകൾ
ദീർഘാംഗുലികളാൽ മറച്ച്
ലോലമെൻ ഹൃദയഭിത്തിയിൽ
മുഖം ചേർത്ത്...

ഉണർന്നു നോക്കിയപ്പോൾ
നയാഗ്രാ വെള്ളച്ചാട്ടത്തിനു പിന്നിൽ
ഭർത്താവിന്റെ കവിളിൽ
ക്യൂട്ടക്സിട്ട നഖങ്ങളാൽ നുള്ളി...

കണ്ട മാത്രയിൽ
എന്റെ കോൺ കോശങ്ങളിൽ
കാഴ്ച്ചയുടെ അശാന്തി വിതച്ച്
റെറ്റിനയുടെ പിന്നിലേയ്ക്ക്
അവൾ...............

വീണ്ടും,
          ഞാൻ കണ്ണുകളടച്ച്
ഹൃദയം തുറന്ന്
ഇന്നലെകൾക്കായി കാത്തു കിടന്നു.