I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, ഒക്‌ടോബർ 15

ദേശസ്നേഹവും കായികമേഖലയും



ദേശസ്നേഹവും കായികമേഖലയും
                        ഫിറോസ് തടിക്കാട്, 9446706338

ദേശസ്നേഹവും കായികമേഖലയും തമ്മിൽ നാം പലപ്പോഴും കൂട്ടിക്കലർത്താറുണ്ട്. ശത്രുരാജ്യങ്ങൾ തമ്മിലുള്ള കായിക മത്സരങ്ങൾക്ക് യുദ്ധസമാനമായ അന്തരീക്ഷമാണ് നാം നൽകുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റിലോ ഹോക്കിയിലോ ഏറ്റുമുട്ടുമ്പോൾ പോലും അതിർത്തി രക്ഷാസേനയുടെ ഏറ്റുമുട്ടൽ പോലെയുള്ള ഒരു വികാരം സൃഷ്ടിക്കാ‍റുണ്ട്. സത്യത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത നയതന്ത്രമേഖലയിലും ഭൂമിശാസ്ത്രത്തിലുമാണ്. മറിച്ച് വൈകാരികമോ ബൌദ്ധികമോ അല്ല. ക്രിക്കറ്റ്, ഹോക്കി മുതലായ കായിക മത്സരങ്ങൾ നടക്കുമ്പോൾ കായിക ശക്തിയാണ് അളക്കുന്നത്. ഈ വിജയം എങ്ങനെ നയതന്ത്രവിജയമാകും. പാകിസ്താൻ ഒരു കളിയിൽ ജയിച്ചാൽ ഇന്ത്യ സൈനികമായോ നയതന്ത്രപരമായോ തോറ്റു എന്നാണോ അർത്ഥം.
 
          കായിക താരങ്ങൾ ദേശസ്നേഹത്തിന്റെ വക്താക്കളാണ് എന്ന് നാം അവകാശപ്പെടാറുണ്ട്.  യഥാർത്ഥത്തിൽ അത്ര ദേശസ്നേഹമുള്ളവരാണോ നമ്മുടെ ദേശീയ കായിക താരങ്ങൾ. രാജ്യ താത്പര്യമല്ല, വ്യക്തി താത്പര്യവും സാമ്പത്തിക ലാഭവുമാണ് നമ്മുടെ കായിക താരങ്ങളുടെ ലക്ഷ്യമെന്ന് അവർ പലതവണ തെളിയിച്ചിരിക്കുന്നു.
ഇത്തവണ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ ടെന്നീസ് ബാഡ്മിന്റൺ താരങ്ങൾ ഗെയിംസ് ഉപേക്ഷിക്കുകയും റാങ്കിങ്ങിൽ നേട്ടം കൊയ്യാൻ അന്താരാഷ്ട്ര മത്സരങ്ങലിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ബന്ധപ്പെട്ട വിഷയത്തിൽ പഴി കേൾക്കേണ്ടി വന്നത് സാനിയ മിർസയ്ക്ക് മാത്രമായത് എന്തുകൊണ്ടാണെന്നത് പകൽ പോലെ രാഷ്ട്രീയ സത്യമാണ്. സാനിയ യുടെ കാര്യത്തിലാകട്ടെ , വിദേശ താരങ്ങളോട് ചേർന്ന് ഡബിൾസ് വിജങ്ങൾ സ്വന്തമാക്കുന്ന സ്പെഷിലിസ്റ്റാണ്. അതും സാനിയയേക്കാൾ ഉയർന്ന റങ്കുകാരോടൊപ്പവും. സാനിയ മത്സരിക്കാതിരിക്കുന്നത് ഈ വിദേശ താരങ്ങളെ പ്രതികൂലമായി ബാധിക്കുകയും അവർ മറ്റു ഡബിൾസ് പങ്കാളികളെ കണ്ടെത്തികയും ചെയ്യും. അപ്പോൾ ദേശീയ ഗെയിംസിൽ പങ്കെടുക്കാതിരിക്കുന്നതിനു അല്പമെങ്കിലും ന്യായമായ കാരണങ്ങൾ നിരത്താൻ കഴിയുന്നത് സാനിയയ്ക്ക് മാത്രമാണ്.

ദേശീയതയുടെ പര്യായമാണ് ക്രിക്കറ്റ് താരങ്ങൾ എന്നു പറയുന്നതിനു എന്തു ന്യായമാണുള്ളത്.തുടർചയായി രണ്ടാം തവണയാണ് ( 2010 ഗ്യാംഗ്ഷു, 2014 ഇഞ്ചിയോൺ) ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കാതിരിക്കുന്നത്. ഇതിന്റെ ഒന്നാമത്തെ കാരണം ഒളിമ്പിക് അസോസിയേഷനേക്കാളും ഫിഫയെക്കാളും വലുതെന്ന ധാർഷ്ട്യം ചുമക്കുന്ന ബി.സി.സി.ഐ യുടെ നിലപാടാണ്.
          ചാമ്പ്യൻസ് ലീഗ് എന്ന ക്ലബ് ടൂർണമെന്റിനു വേണ്ടിയാണ് പുരുഷ താരങ്ങളെ ഒഴിവാക്കിയതെങ്കിൽ സ്ത്രീ താരങ്ങളെ ഒഴിവാക്കിയ കാരണം കവടി നിരത്തി നോക്കേണ്ടി വരും. സ്വർണ്ണ മെഡലുകളുടെ എണ്ണം കൈ വിരലുകളിൽ കൂട്ടി ഇരിക്കുന്ന നമുക്ക് ഉറച്ച രണ്ട്  സ്വർണ്ണ മെഡലുകളാണ് നഷ്ടമായിരിക്കുന്നത്.  ക്രിക്കറ്റിന്റെ ദേശീയത നഷ്ടപ്പെടുത്തുന്നത് 2008 ൽ തുടങ്ങിയ ഐ.പി.എൽ ഉം 2009 ൽ തുടങ്ങിയ ചാമ്പ്യൻസ് ലീഗും വന്നതിനു ശേഷമാണ്. രണ്ടു ടൂർണമെന്റും ബി.സി.സി ഐ യുടേത് തന്നെ.   വേൾഡ് കപ്പ് അല്ലാതെ മറ്റൊരു ടൂർണമെന്റും സംഘടിപ്പിക്കാതെ ഏകദിന ക്രിക്കറ്റ് നശിച്ചു. ആകെയുള്ളത് ചില സീരീസ് മത്സരങ്ങൾ മാത്രം. ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിലിനെ ഭരികുന്ന ബിസിസിഐ ചവിട്ടി അരച്ചത് സുഭാഷ് ചന്ദ്രയുടെ ഐ.സി.എൽ മോഹങ്ങളായിരുന്നു. അതിന്റെ വിജയം കണ്ട് കോപ്പിയടിക്കുകയും ഐ.സി.എൽ കളിക്കുന്നവരെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും ബി സി സി ഐ വിലക്കുകയും ചെയ്തു. പാവം സുഭാഷ് ചന്ദ്ര.. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാതിരിക്കുക വഴി ക്രിക്കാറ്റിനു ഏഷ്യയിൽ ലഭിക്കുന്ന പ്രചാരമല്ലേ ബി സി സി ഐ നശിപ്പിച്ചത്. ചൈനയും ജപ്പാനുമൊക്കെ ഏഷ്യൻ ഗെയിസ് ക്രിക്കറ്റിൽ മെഡലുകൾ വാങ്ങിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ ഹോക്കിയുടെ അവസ്ഥ ക്രിക്കറ്റിനുണ്ടാകും.
          വിദേശ താരങ്ങളെ ഒഴിവാക്കിയാൽ ചെന്നൈ സൂപ്പർ കിംഗ്സ് എന്നാൽ ഇന്ത്യൻ ടീമാണ്. പ്രസ്തുത ടീമിന്റെ സ്പോൺസർമാരോ, ശ്രീനിവാസനും സാക്ഷാൽ ബി.സി.സി.ഐ യും.  ചാമ്പ്യൻസ് ട്രോഫി ഫൈനലിനു മുൻപ് ബിക്കികൾ (ബി.സി.സി. ഐ) സുനിൽ നരേൻ എന്ന സൂപ്പർ താരത്തെ ആക്ഷന്റെ പേരിൽ മാറ്റി നിർത്തിയത് എന്തു കൊണ്ടാണെന്ന് വെറുതേ സംശയിച്ചു നോക്കാവുന്നതാണ്. ഓരോ പന്തിനും കാശു വീഴുന്ന ചാമ്പ്യൻസ് ലീഗ് ടി 20 യും ഐ പി എൽ ഉം കളിക്കാൻ താരങ്ങൾ തയാറാകുമോ, അതോ ദേശീയതയുടെ പേരിൽ ലഭിക്കുന്ന മെഡലും പതാകയും ഗാനവും സ്വീകരിക്കാൻ തയാറാകുമോ. !

          സിഎൽ ടി20 യുടെ ആറാം എഡിഷൻ സെപ്റ്റമ്പർ 13 മുതൽ ഒക്ടോബർ 4 വരെ അരങ്ങേറുന്ന അതേ സമയം തന്നെയാണ് ഏഷ്യൻ ഗെയിംസും നടന്നത്. ഏഷ്യൻ ഗെയിംസ് ബിക്കിയുടെ വർക്കിങ്ങ് കമ്മിറ്റികളിൽ ചർച്ച പോലും ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ഡോപ്പിങ്ങ് ടെസ്റ്റ് നടത്താനുള്ള തീരുമാനം അട്ടിമറിക്കാൻ കഴിവുള്ള ഇതേ ബിക്കിയായിരുന്നു ടി20 ക്കെതിരേ തുടക്കത്തിൽ  എതിർപ്പുമായി രംഗത്തെത്തിയത്. സാമ്പത്തിക ലാഭമുണ്ടെന്ന് മനസിലാക്കിയതോടെ ടി20 യെ വാ‍ാരിപ്പുണരാൻ തുടങ്ങി.

സാനിയ മിർസ സെപ്റ്റമ്പർ 29 ന് ചൈന ഓപ്പണിൽ വിജയം നേടിയ ശേഷമാണ് ഏഷ്യൻ ഗെയിംസിലെത്തിയത്. മിക്സഡ് ഡബിൾസിൽ സ്വർണ്ണവും ഡബിൾസിൽ വെള്ളിയും നേടി സാനിയ തന്റെ ദേശസ്നേഹം തെളിയിച്ചു.
          ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത 541 കായികതാരങ്ങളിൽ ഒരാളായതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ ദേശീയ പതാക മറ്റുരാജ്യങ്ങളുടെ  പതാകകളിൽ നിന്നും ഉയർന്നു പറക്കുന്നതും ദേശീയ ഗാനം കേൾക്കുന്നതും എന്റെ സ്വപ്നമാണ്. ഞാൻ ഒരു ക്രിക്കറ്റിംഗ് നേഷനിൽ നിന്നാണ് വരുന്നത്. അതിനാൽ എന്റെ വിജയം കൂടുതൽ അഭിമാനമുണ്ടാക്കുന്നു. സാനിയയുടെ വാക്കുകൾ പോലും എന്തു പ്രചോദനപരം.

11 സ്വർണവും 10 വെള്ളിയും 36 വെങ്കലവുമായി ഇന്ത്യ ഇഞ്ചിയോൺ ഗെയിംസിൽ 8 ആം സ്ഥാനത്താണ് . ബിക്കി നടത്തിയ ചാമ്പ്യൻസ് ലീഗ് അവർക്ക് മാറ്റിവയ്ക്കാമെന്നിരിക്കെ നഷ്ടപ്പെട്ട രണ്ട് സ്വർണ്ണമോർത്ത് നമുക്ക് വിഷമിക്കേണ്ടി വരും.നമ്മുടെ വനിതാ ക്രിക്കറ്റർമാർ തങ്ങളെ ഏഷ്യൻ ഗെയിംസിൽ അയക്കണം എന്ന് ബിക്കിയോട് കാലു പിടിച്ച് പറഞ്ഞതാണ്.

 വാൽക്കഷണം: റയൽ മാട്രിഡും ബാർസലോണയുമൊക്കെ തങ്ങളുടെ താരങ്ങളെ ദേശീയ സൌഹൃദ മത്സരങ്ങൾക്ക് അയക്കുമെന്നും താരങ്ങൾ ദേശീയ മത്സരങ്ങളിൽ കളിക്കുമെന്നും പോൽ.