I can't ever imagine more wonderful than sharing My life with You

തിങ്കളാഴ്‌ച, ഡിസംബർ 3

പ്രവാസം


പ്രവാസം

രുത്തി
ശരിക്കും ഒരുത്തി തന്നെ.
കാസർഗോഡ് നിന്നും
തിരുവനന്തപുരത്തേയ്ക്കുള്ള
യാത്രയിൽ;

പെരുമഴയായതു കാരണം
പല വീടുകളുടേയും
കുടിലുകളുടേയും
വരാന്തയിൽ കയറി നിന്നു.
എവിടുന്ന്, നിർദാക്ഷിണ്യം
ഉടമസ്ഥർ അവളെ
ആട്ടിപ്പുറത്താക്കി.

ഒരു വിദേശവിമാനത്തിൽ കയറി
അവൾ നാടുവിട്ടു.
ചെന്നു കയറിയത്
ഒരു പ്രവാസി മലയാളിയുടെ
ജോലി സ്ഥലത്ത്.

അവിടെ ബ്രൂകോഫിയിൽ
വിറയൽ മാറ്റി അവളിരുന്നു.
ഇതെന്റെ ഭാഷയെന്നയാൾ
പരിചയപ്പെടുത്തിയപ്പോൾ
സുഹൃത്തുക്കളവളെ
തൊഴുതു കടന്നു പോയി.

അപ്പോഴവളുടെ
കണ്ണുനീരിലെ ഭാവപ്പകർച
പകർത്താൻ കഴിയാതെ
ഞാൻ തിരിച്ചു നടന്നു.

വ്യാഴാഴ്‌ച, നവംബർ 29

വിജയത്തിനു പിന്നിൽ


വിജയത്തിനു പിന്നിൽ
                   വിജയം എന്നത് ഏത് ദു:ഖത്തിനിടയിലും മനുഷ്യനെ അല്പമെങ്കിലും സന്തോഷിപ്പിക്കുന്നുണ്ട്. വിജയിക്കുവാൻ ആഗ്രഹിക്കാത്തതായി അരെങ്കിലും ഉള്ളതായി കരുതേണ്ടതില്ല. വിജയത്തിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചിന്തകൾ വിജയത്തിന് കുറുക്കുവഴികളില്ല, പരിശ്രമമൊന്നുകൊണ്ടു മാത്രമേ വിജയപീഠത്തിൽ കയറാൻ കഴിയൂ എന്ന അവസ്ഥയിലാണ് കൊണ്ടെത്തിച്ചത്. ഏതൊരു വിജയത്തിനും പിന്നിൽ കുറുക്കു വഴികളില്ലാത്ത , വിജയം വരെ പൊരുതാനുള്ള ക്ഷമയും താത്പര്യവും നിലനിർത്താനുതകുന്ന ചില എളുപ്പവഴികളുണ്ട്. വിജയത്തിലേക്കുള്ള യാത്രയെ നാലു ഘട്ടങ്ങളായി തിരിക്കാം.

1)               ആഗ്രഹിക്കുക

     നാമെന്തു നേടുന്നതിനാണോ വിജയം എന്നു പറയാൻ താത്പര്യപ്പെടുന്നത് ആ വസ്തു ലഭിക്കാൻ അമിതമായി ആഗ്രഹിക്കുക. അമിതവും വസ്തുനിഷ്ഠവുമായ ആ ആഗ്രഹം ദുരാഗ്രഹങ്ങളാൽ സമ്പന്നമോ പരോപദ്രവം നിറഞ്ഞതോ ദൈവത്തിന് അഹിതമോ ആകാൻ പാടില്ല. ആഗ്രഹത്തിന്റെ ശക്തിയനുസരിച്ചാണ് വിജയത്തിലേയ്ക്കുള്ളാ യാത്ര ആവശ്യമായി മാറ്റപ്പെടുന്നത്. ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ എ പി ജെ അബ്ദുൽ കലാം പറഞ്ഞതു പോലെ പറക്കാനുള്ള യാതൊരു സാ‍ദ്ധ്യതകളുമില്ലാത്തതും പറക്കുന്നതിന് തടസമായ രൂപമുള്ളതുമായ വണ്ട് എന്തുകൊണ്ടാണ് പറക്കുന്നത്. പറക്കണമെന്നുള്ള വണ്ടിന്റെ അതിയായ ആഗ്രഹമാണ്. വണ്ട് നൽകുന്ന പാഠവുമതാണ്.

2  സ്വപ്നം കാണുക

     ഗ്രഹിച്ചു കഴിഞ്ഞാൽ അടുത്ത പടി സ്വപ്നം കാണുക തന്നെയാ‍ണ്. സ്വപ്നം നമ്മുടെ ആഗ്രഹത്തെ പ്രത്യക്ഷവത്കരിക്കും. ഒരു മന:ശാസ്ത്രപരമായ കാഴ്ചപ്പാട് തന്നെയാണ് ഇതിനു പിന്നിലും. നമ്മുടെ അമിതമായ താല്പര്യങ്ങൾ സ്വപ്നങ്ങളായി പരിണമിച്ചേയ്ക്കും. മാത്രമല്ല, അവ സ്വപ്നം കാണണമെന്ന് ആഗ്രഹിക്കുക കൂടി ചെയ്യണം. വിജയ പീഠത്തിൽ പരിപൂർണ സന്തോഷവാനായി നിൽക്കുന്നതും അനുമോദനങ്ങളും ആശംസകളും കൊണ്ട് നാം വീർപ്പുമുട്ടി നിൽക്കുന്നതും വർണ്ണാങ്കിതമായി നാം കാണുമ്പോൾ മുൻപ് പറഞ്ഞ അതേ ആഗ്രഹം നമ്മെ വിജയത്തിലേയ്ക്കുള്ള കഠിനമായ പരിശ്രമത്തിന് മാനസികമായി തയാറാകും.

3) പരിശ്രമിക്കുക

     വിജയത്തിന് കുറുക്കുവഴികളില്ലെന്ന് പറയുന്നത് പരിശ്രമത്തിന്റെ പ്രാധാന്യത്താലണ്. വിജയം 90% വും പരിശ്രമത്തിനു പിന്നിലാണ്. ഇവിടെ വിജയ മാർഗത്തിൽ പ്രത്യക്ഷപ്പെടുന്ന താത്കാലിക പ്രതിഭാസങ്ങളായ പരാജയങ്ങൾ വഴി മുടക്കികളായേക്കാം. നാം ലക്ഷ്യമാക്കിയ വിജയത്തിനായി എന്ത് വിട്ടുവീഴ്ചകൾക്കും തയാറാകണം. ലക്ഷ്യത്തിൽ നിന്നും ഒരു വിട്ടു വീഴ്ചകൾക്കും തയാറാകുകയുമരുത്. വീഴ്ചകളെ അനുഭവങ്ങളായി മാത്രം കണ്ട് മുന്നേറണം. പരാജയങ്ങളുടെ ആക്കം കുറച്ചെടുത്ത് വിജയത്തിന്റെ മാന്ത്രികതയിലേയ്ക്ക് പറന്നടുക്കണം. എബ്രഹാം ലിങ്കണെ നമ്മൾ അനുസ്മരിക്കേണ്ടതിവിടെയാണ്. മഹാന്മാരുടെ പരിശ്രമങ്ങൾ നമുക്ക് ശുഭാപ്തി വിശ്വാസവും ആത്മബലവും നൽകും.

4) പ്രാർത്ഥിക്കുക
    
     പ്രാർത്ഥനയെ നിരീശ്വരവാദികൾ തള്ളിക്കളഞ്ഞേക്കുമെങ്കിലും നമുക്കാശ്രയം ദൈവം തന്നെയാണ്. ഇതെന്റെ വിധിയാണെന്ന് പറഞ്ഞ് കഴിഞ്ഞു കൂടുന്നവർക്ക് ഒരിക്കലും വിജയത്തിന്റെ മാധുര്യം അനുഭവിക്കാൻ കഴിയില്ല. വിധിയെ കവച്ചു കടക്കാൻ ദൈവത്തിന്റെ സഹായം വേണം. അമാനുഷികമായ തിരിച്ചടികളിൽ നിന്നും നമ്മുടെ പരിശ്രമം കൊണ്ട് മാത്രം മറികടക്കാൻ കഴിയും. അവിടെ നമുക്ക് മുൻകൂറായി നേടാൻ കഴിയുന്ന ജാമ്യം പ്രാർത്ഥന മാത്രമാണ്. തങ്ങളുടെ പ്രാർത്ഥനകളൊന്നും ദൈവം കേൾക്കുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്.

              ചക്രവർത്തി ഔറംഗസീബിന്റെ കാലത്ത് ഒരു ദിവസം പ്രാർത്ഥനയ്ക്കായി അദ്ദേഹം ഒരു പള്ളിയിലെത്തി. പള്ളിയുടെ മുൻപിൽ ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹം തനിക്ക് കാഴ്ചശക്തി നൽകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. കൂടാതെ തന്റെ മുമ്പിൽ വിരിച്ച തുണിയിൽ ആളുകൾ ഭിക്ഷ നൽകുന്നുമുണ്ട്. ചക്രവർത്തി അന്ധനെ സമീപിച്ച് ചോദിച്ചു.
 “ താൻ എത്ര നാളായി ഇങ്ങനെ പ്രാർത്ഥിക്കുന്നു”.
              40 കൊല്ലമായി .
” ഇതുവരെ തനിക്ക് കാഴ്ച ശക്തി ലഭിച്ചില്ലേ”.
              ഇല്ല.
“ഞാൻ ഈപള്ളിയിൽ കയറി 5 മിനിറ്റ് പ്രാർത്ഥിച്ചതിനു ശേഷം തിരികേ വരുമ്പോൾ തനിക്ക് കാഴ്ച ശക്തി ലഭിച്ചിരിക്കണം. ഇല്ലെങ്കിൽ തന്റെ തല ഞാനെടുക്കും” .
     ക്രവർത്തി പള്ളിയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ച്. തിരികേ വന്നപ്പോൾ അന്ധനു കാഴ്ച ശക്തി ലഭിച്ചിരുന്നു. 40 വർഷമായി പ്രാർത്ഥിച്ചിട്ട് ലഭിക്കാത്തത് വെറും 5 മിനിറ്റിന്റെ പ്രാർത്ഥന കൊണ്ട് ലഭിച്ചെങ്കിൽ അതിനു പിന്നിൽ നിന്ന് എന്തർത്ഥമാണ് ലഭിക്കുക.           അതു വരെയുള്ള അയാളുടെ പ്രാർത്ഥന ഭിക്ഷ ലഭിക്കാൻ മാത്രമുള്ളതായിരുന്നു. എന്നാൽ ജീവൻ അപകടത്തിലാ‍യ നിമിഷം അയാളുടെ പ്രർത്ഥന യഥാർത്ഥ ലക്ഷ്യത്തിലേയ്ക്കായി. നമ്മുടേയും പ്രാർത്ഥനകൾ ആത്മാർത്ഥത നിറഞ്ഞതാണെങ്കിൽ വിധിയെ മറികടന്ന് നമുക്ക് ദൈവാധീനത്തോടെ വിജയപീഠത്തിലിരിക്കാം.

                   എന്താ, തയാറാണോ? ശരി. എങ്കിൽ ഇനി നിങ്ങളുടെ വിജയത്തിലേയ്ക്കുള്ള ലക്ഷ്യങ്ങളിൽ , രീക്ഷിച്ചറിഞ്ഞ ഈ തത്വങ്ങൾ കൂടി സൂക്ഷിക്കുക. വിജയശ്രീലാളിതരായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ.          

ബുധനാഴ്‌ച, നവംബർ 28

ക്ലിക്


                   ക്ലിക്

ക്ലിക് ക്ലിക് ക്ലിക്
അപ്പോഴേക്കും അയാൾ മരിച്ചിരുന്നു.
ഒന്നൊരു ഹാന്റി ക്യാം
മറ്റൊന്ന് മൊബൈൽ ക്യാമറ
മൂന്നാമത്തേത് ചാനൽ ക്യാമറ

വ്യാഴാഴ്‌ച, നവംബർ 22

ദ്വിവിഭജനം



ഗൂഗിളിന്
ഫെയ്സ്ബുക്കിലുണ്ടായ കുഞ്ഞ്.
അമ്മ പോക്ക് ചെയ്ത്
അവളെ ഉണർത്തി.

കൊഞ്ചിക്കുഴഞ്ഞാടിയത്
സൌഹൃദാഭ്യർത്ഥനകളോട്.
പ്രൊഫൈൽ ചിത്രങ്ങൾ
മാറ്റി മാറ്റി
അവൾ വളർന്നു.

ചിലരെ പബ്ലിക്കാക്കി
മറ്റു ചിലരെ പ്രൈവറ്റാക്കി
കുറേ പേജുക്
ലംഗമായി.

കല്യാണപ്രായമായത്
കലണ്ടർ വഴി നാട്ടുകാരറിഞ്ഞു.
വിവാഹാഭ്യർത്ഥനകളുടെ
നിലയ്ക്കാത്ത പ്രവാഹം.

അവളും വിട്ടില്ല.
ചാറ്റു ചെയ്ത്
സുഹൃത്തുക്കളെ തെരഞ്ഞ്
പരിധി വിട്ടവരെ
അൺഫ്രണ്ട് ചെയ്ത്.....

ഒടുവിൽ,
അവളിലെ
പുരുഷഹോർമോൺ
വളർന്നാണായതോടെ
ഫെയ്സ്ബുക്കടച്ച്
പ്രതീതിയാഥാർത്യത്തിലേക്ക്
അവൾ മറഞ്ഞു.

പിറ്റേന്ന്,
അവൾ
മറ്റു രണ്ട് പേരിൽ
രണ്ട് പ്രൊഫൈൽ ചിത്രമായി
അമീബയെപ്പോലെ
ദ്വിവിഭജനം നടത്തിയിരുന്നു.

( ഫെയ്സ് ബുക്കിൽ ചാറ്റും പോസ്റ്റും ലൈംഗീകമാകുന്നെങ്കിലുമൊരലൈംഗിക പ്രതുല്പദനമാണ് നടക്കുന്നത്. )



ശനിയാഴ്‌ച, നവംബർ 17

വിവര സാങ്കേതിക ലോകത്ത് മലയാളം നേരിടുന്ന വെല്ലുവിളികൾ


വിവരസാങ്കേതിക ലോകത്ത് മലയാള ഭാഷാസാഹിത്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ
                                                               ഫിറോസ് ഖാൻ എം എസ്
ഗവേഷണ വിദ്യാർത്ഥി
എൻ എസ് എസ് കോളേജ്
നിലമേൽ, കൊല്ലം
            വിവര സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ചയ്ക്കും വികാസത്തിനുമാണ് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലം സാക്ഷ്യം വഹിച്ചത്.അലോപ്പതി ചികിത്സാരീതി പോലെ പെട്ടെന്ന് ഫലപ്രാപ്തി നൽകുന്ന വിവര സാങ്കേതികമാധ്യമങ്ങൾ ബ്രിട്ടീഷ് കോളനി വാഴ്ച്ചയ്ക്കും ഒരിംഗ്ലീഷ് വാഴ്ചയ്ക്കും ശേഷം മറ്റൊരു ഭാഷാവാഴ്ചയ്ക്ക് വഴി തെളിച്ചു എന്നു പറയാം. ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി കൊളോണിയലിസത്തെ എതിർക്കാനും അതിനോട് ചേർന്ന് ഫലങ്ങൾ കൈപ്പറ്റാനും ലോകജനത ഇംഗ്ലീഷ് പഠിച്ചുവെങ്കിൽ ഇൻഫൊർമേഷൻ സൂപ്പർ ഹൈവെയുടെ ഫലമായി അമേരിക്കൻ ഇംഗ്ലീഷ് വികാരമായും അഭിമാനമായും മാറ്റപ്പെട്ടിരിക്കുന്നു.

            വിവര വിജ്ഞാന സമ്പാദനത്തിന് ഭാഷ അതിർവരമ്പുകൾ സൃഷ്ടിച്ചപ്പോൾ പല പ്രാദേശിക ഭാഷകൾക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്. മലയാളം പോലെ വളരെക്കുറച്ചു പേർ സ്നേഹിക്കുകയും കുറച്ചു കൂടി പേർ സംസാരിക്കുകയും ചെയ്യുന്ന ഭാഷകളുടെ കാര്യം അതിദയനീയവും. ഭാഷ മാത്രമല്ല സാഹിത്യമേഖലയും ഈ വീഴ്ചയിൽ കൂടെ നിന്നു. വിവര സാങ്കേതിക മേഖല ഭാഷയിൽ ഏല്പിച്ച മുറിവുകളെ മൂന്നു പഠന മേഖലകളായി തിരിക്കാം.

1)     ലിപി
            മലയാള ഭാഷാവ്യാകരണത്തിന്റെ ആധികാരിക ഗ്രന്ഥമേതെന്ന് ഏത് അക്കാദമിക് പണ്ഡിതനോട് ചോദിച്ചാലും മറുപടി ഒന്നേ ഉണ്ടാകൂ- കേരള പാണിനീയം. കേരള പാണിനിയുടെ അഭിപ്രായത്തിൽ 53 അക്ഷരങ്ങളാണ് മലയാളത്തിലുള്ളത്. എന്നാൽ എഴുത്തിലേയ്ക്കും അച്ചടിയിലേയ്ക്കും കടക്കുമ്പോൾ കൂട്ടക്ഷരങ്ങളായും ശൈലികളായും കടന്നു വരുന്ന ലിപികളെകൂടി ഉൾപെടുത്തേണ്ടി വരും.അക്കാര്യത്തിൽ 52 ലിപികളെ കൊണ്ട് ഇംഗ്ലീഷ് മേൽക്കോയ്മ നേടി. അച്ചടിയുടെ വിശാലമായ അർത്ഥത്തിൽ മലയാളം സഞ്ചരിച്ചു തുടങ്ങിയത് 1821 ലാണ്. ജസ്യൂട്ട് പാതിരിയായിരുന്ന ഡോ.ബെഞ്ചമിൻ ബെയ്ലി അക്കാലത്ത് പ്രചാരത്തിലിരുന്ന 56 അക്ഷരങ്ങളെ അച്ചടിയിലേയ്ക്ക് പറിച്ചു നടാൻ 600 അച്ചുകളാണ് നിരത്തിയത്. 900 അച്ചുകളായി ഗുണ്ടർട്ട് സായിപ്പ് പിന്നീടതു വികസിപ്പിച്ചെടുത്തു.

            1960 കളിൽ ടൈപ് റൈറ്റർ പ്രചാരത്തിലായതോടെ ടൈപ് ചെയ്യുന്നതിന്റെ സൌകര്യത്തിനായി 900 ലിപികളെ 90 കീ പ്രസ്സുകളായി ഒതുക്കേണ്ടി വന്നു. അങ്ങനെ 1968 -ൽ ശ്രീ ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ നേതൃത്വത്തിൽ ലിപി പരിഷ്കരണ കമ്മിറ്റിയ്ക്ക് രൂപം നൽകി. ഉ , ഊ , ഋ എന്നിവയുടെ സ്വരചിഹ്നങ്ങളേയും രേഫത്തേയും വ്യഞ്ജനങ്ങളിൽ നിന്നും വേർപെടുത്തി. കൂട്ടക്ഷരങ്ങളേയും ഇരട്ടിപ്പുകളേയും ചന്ദ്രക്കലയിട്ടു കാണിക്കാ‍ൻ തുടങ്ങി. അതുവരെ മലയാളികൾക്ക് തികച്ചും അന്യമായിരുന്ന ഒരു ഭാഷ ടൈപ് റൈറ്റർ മലയാളം എന്ന പേരിൽ സ്വന്തമാക്കി. ഈ രീതി ടൈപ് റൈറ്ററിൽ മാത്രമൊതുങ്ങണമെന്നും വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിക്കരുതെന്നും കമ്മറ്റി നിർദേശിച്ചു. 1974 ലെ ഒന്നാം പാഠം പക്ഷേ ഈ രീതിയിലായിരുന്നു പുറത്തു വന്നത്. 1980 -ൽ ഡി റ്റി പി പ്രചാരത്തിലായതോടെ ലിപിയിൽ മാറ്റങ്ങൾക്ക് വേണ്ടി മുറവിളികൾ ശക്തമായി. മലയാളത്തിന്റെ അക്ഷരങ്ങളെ ഉൾക്കൊള്ളാൻ കഴിവില്ലാത്തതിന് വിവര സാങ്കേതിക മാധ്യമങ്ങളെ വിമർശിക്കുന്നതിനു പകരം മലയാളത്തെ കുറ്റം പറയാനും ലിപി വെട്ടിച്ചുരുക്കാനുമാണ് എല്ലാവരും ശ്രമിച്ചത്. 9000 ലിപികളുള്ള ചൈനീസ് ഭാഷ കമ്പ്യൂട്ടറിനു വശമാണെങ്കിൽ 900 ലിപികളുള്ള മലയാളത്തെ എന്തുകൊണ്ട് ഉൾക്കൊണ്ടു കൂടാ എന്നു ചിലരെങ്കിലും ചോദിച്ചു.

            256 ചിഹ്നങ്ങളെ മാത്രം സ്വീകരിക്കാൻ കഴിയുന്ന ആസ്കീ (ASCII) സമ്പ്രദായം പിന്തുടർന്നിരുന്ന കമ്പ്യൂട്ടറുകളിൽ കൂടുതൽ ഭാഷകൾ ചേർക്കാൻ കഴിയില്ല. ഇന്ത്യൻ ഭാഷകളിൽ ഇസ്കീ (ISCII) എന്നൊരു കോഡ് അക്ഷരങ്ങൾ രേഖപ്പെടുത്താൻ പിന്നീട് വികസിപ്പിച്ചെടുത്തു. ഇതിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക തരം സോഫ്റ്റ് വെയറുകൾ ഇന്ത്യൻ ഭാഷകളിലെ വേഡ് പ്രോസസിങ്ങുകളിൽ ലഭ്യമാണ്. സി ഡാക്കിന്റെ ഐ ലീപ്, ഐ എസ് എം , സൂപ്പർ സോഫ്റ്റ് ന്റെ തൂലിക എന്നിവ ഉദാഹരണങ്ങളാണ്. കീ ബോഡിലെത്തുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ച് മോണിറ്ററിൽ അച്ചടിക്കുകയും മാത്രമാണ് ഇത്തരം സൊഫ്റ്റ് വെയറുകൾ ചെയ്യുന്നത്. അപ്പൊഴും ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെയാണ് കമ്പ്യ്യൂട്ടർ കൈ കാര്യം ചെയ്യുന്നത്. ഇക്കരണത്താൽ വാക്കുകൾ അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകൾ കണ്ടെത്തുക തുടങ്ങിയവ സാധ്യമല്ല. കൂട്ടക്ഷരങ്ങൾ സൃഷ്ടിച്ചതിലും വ്യാകരണപരമായി വലിയ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. ഉദാ: - ന്‌+പ =മ്പ. ഇത് ഡി റ്റി പി ഒപ്പറേറ്റർമാരിലും പഠിതാക്കളിലും തെറ്റായ വ്യാകരണ രീതികൾ ശീലമാക്കുന്നതിന് കാരണമാകും.

            യൂണികോഡിന്റെ വരവോടെ മുകളിൽ വിവരിച്ച പ്രശ്നങ്ങൾക്ക് അല്പംസമാധാനം വന്നിട്ടുണ്ട്. 2003 ൽ നമ്മുടെ ഭാഷയ്ക്ക് നമ്മുടെ ലിപി എന്ന സന്ദേശവുമായി വന്ന രചന യാണ് അക്കൂട്ടത്തിൽ പ്രധാനം. അഞ്ജലി ഓൾഡ് ലിപി , മീര തുടങ്ങിയവയും അക്കൂട്ടത്തിലുണ്ട്. മലയാളികളുടെ തന്നെ സംരംഭങ്ങളിലൂടെ തനതു മലയാള ലിപിയിലേയ്ക്ക് തിരിച്ചെത്താൻ കഴിഞ്ഞുവെങ്കിലും ഫോർമാറ്റിങ്ങിനു പ്രയാസം നേരിടുന്നതും ഫോട്ടോഷോപ്, പേജ് മേക്കർ തുടങ്ങിയ ജനകീയ സോഫ്റ്റ് വെയറുകൾ പിന്തുണയ്ക്കാത്തതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലിപി മാറ്റം ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പ വഴിയാണെന്ന് എം ടി അഭിപ്രായപ്പെട്ടു. ഒരു സംസ്കാരചിഹ്നമെന്ന നിലയ്ക്ക് തനതു ലിപിയെ നിലനിർത്തിക്കൊണ്ട് സാങ്കേതിക വിദ്യയെ ചൂഷണവിധേയമാക്കണം.

            മലയാളം പ്രചാരത്തിലായെങ്കിലും കൂടുതൽ സ്ഥാപനങ്ങളും തങ്ങളുടെ വെബ് സൈറ്റുകൾ , ഇ മെയിൽ ,എസ് എം എസ് , ബ്ലോഗ് എന്നിവ ഡിസൈൻ ചെയ്യുന്നത് ഇംഗ്ലീഷിലാകുന്നത് കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷ് മാത്രമാണെന്ന മിഥ്യാധാരണയിലാണ്. ഡി റ്റി പി ഓപറേറ്റർമാർ , കമ്പ്യ്യൂട്ടർ ഉപയോക്താക്കൾ എന്നിവർ  മലയാളം ടൈപ് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും മലയാളം ടൈപിങ്ങിനു പ്രാധാന്യം നൽകുന്ന കീ ബോഡുകൾ പ്രചാരത്തിലാക്കുകയും വിദ്യാലയങ്ങളിൽ ഇൻസ്ക്രിപ്റ്റ് പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

2) പദനിഷ്പത്തി
            ഓരോ പദവും അതിന്റെ ധാത്വർത്ഥവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സാങ്കേതിക വിദ്യയുടെ ഫലമായി മലയാളം കണ്ടിട്ടോ കേട്ടിട്ടോ പരിചയിച്ചിട്ടോ ഇല്ലാത്ത പല പദങ്ങളും കുത്തൊഴുക്കിൽ ഇവിടെയെത്തി. അവയ്ക്ക് പകരം പദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത് ഇംഗ്ലിഷിന്റെ പദ സമ്പത്തിൽ ഭ്രമിച്ചുണ്ടായ അവജ്ഞാ ബോധത്തിൽ നിന്നാ‍ണ്. . ഭരണ ഭാഷ മലയാളമാക്കുന്നതിന്റെ ഫലമായി ഇംഗ്ലീഷിന് പകരം പദങ്ങൾ ഇവിടെയെത്തിയെങ്കിലും അനുകരണീയമല്ലാത്തതും പ്രയോഗ സാധുതയില്ലാത്തതുമായതോടേ ഒരല്പം അപകർഷതാബോധത്തോടെ ആ പദങ്ങൾ മാറ്റം കൂടാതെ ഉപയോഗിച്ച് തുടങ്ങി. സജീവ ഭാഷകളാകുമ്പോൾ കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാക്കിയിരിക്കും. പദസമ്പത്തിന്റെ കാര്യത്തിൽ മുൻപിലുള്ള ഇംഗ്ലീഷ് തന്നെ ലാറ്റിൻ ഗ്രീക്കു ഭാഷകളിൽ നിന്നും കടം കൊണ്ടതാണ്. നാമരൂപങ്ങൾ മറ്റു ഭാ‍ഷകളിൽ നിന്നും സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

            ക്രിയാവ്യവസ്ഥയാണ് ഭാഷയെ നിർണയിക്കുന്നത്. സഹപദങ്ങളുടെ ഭാഷയാണ് ഒരു പദത്തിന്റെ ഭാഷയെ നിർണ്ണയിക്കുന്നതെന്ന് എന്ന് കൂന്തൽ വിവാദത്തിൽ ലീലാതിലകം വ്യക്തമാക്കുന്നു. ലീലാതിലകം (ഇളംകുളം കുഞ്ഞൻ പിള്ള, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയംൊ, ജൂൺ-2001) നോക്കുക.
                                         കുളിച്ചു കൂന്തൽ പുറയും തുവർത്തി-
                                         ……………………………………
                                                   ……………………………………
                                                   ലവൾക്കുപോലങ്ങിനിയെങ്ങൾ ചേതഃ
            ഈ വരികളിൽ കാണുന്ന കൂന്തൽ എന്ന പദം ചോളഭാഷയാണോ കേരളഭാഷയാണോ എന്ന സംശയത്തിനു ലീലാതിലകകാരൻ നൽകുന്ന മറുപടി ശ്രദ്ധേയമാണ്. അങ്ങിനിയെങ്ങൾ എന്ന പ്രയോഗം മലയാളം ആയതിനാൽ കൂന്തൽ എന്ന പദം കേരളഭാഷാ പദമാണ്. അങ്കിനിയെങ്കൾ എന്നായിരുന്നുവെങ്കിൽ കൂന്തൽ പാണ്ഡ്യ ഭാഷയാകുമായിരുന്നു. I have a book എന്നതിലെ book എന്ന പദം ഇംഗ്ലീഷും എന്റെ കൈവശം ഒരു ബുക്കുണ്ട് എന്നതിലെ ബുക്ക് എന്ന പദം മലയാളവുമാണെന്നു തിരിച്ചറിയുന്നതിൽ എന്താണ് തെറ്റ്.  മലയാളം അറിഞ്ഞുകൂടാത്ത എത്രയോ മലയാളികൾക്ക് ജനകീയത കൊണ്ട് പല ഇംഗ്ലീഷ് പദങ്ങളുടേയും അർത്ഥം അറിയാം. മലയാളികളേക്കാൾ ഭാഷാസ്നേഹം പ്രകടിപ്പിക്കുന്ന തമിഴരുടെ സംഭാഷണത്തിൽ എത്ര ഇംഗ്ലീഷ് പദങ്ങളാണ് കടന്നു വരുന്നത്. അപകർഷതാബോധം ഒഴിവാക്കി മലയാള പദങ്ങളേക്കാൾ ജനകീയത നേടിയ ഇംഗ്ലീഷ് നാമരൂപങ്ങളെ സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്. കമ്പ്യ്യൂട്ടറിനു പകരം പദം കണ്ടെത്തുന്നതിനും ബി എ ചെയ്യുന്നു എന്നു പറയുന്നതിനും അവസരം ഉണ്ടാക്കരുത്. തമിഴിൽ നിന്നും സംസ്കൃതത്തിൽ നിന്നും മലയാളിക്ക് ജനകീയമായ പദങ്ങളെ സ്വീകരിച്ചതിനാലാണല്ലോ എഴുത്തച്ഛൻ മലയാളത്തിന്റെ പിതവായത്. എഴുത്തച്ഛനില്ലാത്ത മാനക്കേട് നമുക്കെന്തിനാണ്.

2)    സാഹിത്യമേഖല
            വായനശാലയുടെ അന്ത്യത്തോടെയും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റ്റെ വരവോടെയും മലയാള സാഹിത്യ മേഖല അല്പമാത്രമായ ഭാഷാസ്നേഹികൾക്കിടയിലും ചില ബുദ്ധിജീവികൾക്കിടയിലും സാഹിത്യം വായിക്കുക കൂടി ചെയ്യാത്ത അവാർഡ് കമ്മിറ്റികൾക്കിടയിലും പഠനം ഗതികേടോടെ നിർബന്ധിതരാകുന്നവർക്കിടയിലും മാത്രമായി ചുരുങ്ങുപ്പോയി. ഇന്റെർനെറ്റിന്റെ വരവോടെ മലയാളത്തിൽ അച്ചടിച്ചിറങ്ങുന്ന പുസ്തകങ്ങളുടെയും അവ വായിക്കുന്നവരുടെയും എണ്ണത്തിൽ കുറവുണ്ടായിരിക്കണം. ദിവസങ്ങളോളം സോഷ്യൽ നെറ്റ് വർക്കിന്റെ മാത്രം സഹായത്തോടെ ഉരിയാടുന്നവരായി മലയാളികളും മാ‍റി വരുന്നുണ്ട്. സാഹിത്യാസ്വാദന മേഖല ശുഷ്കമാണെന്നു തന്നെ പറയാം. ഇംഗ്ലീഷ് കമ്പ്യൂട്ടർ ഭാഷയാണെന്ന തെറ്റിദ്ധാരണകൾ വിവര സാ‍ങ്കേതിക മേഖലയിൽ നിന്ന് ഭാഷാസാഹിത്യത്തെ ഒഴിവാക്കാൻ കാരണമായി.
                              
            റ്റി വിപ്ലവത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ബ്ലോഗ്. വിക്കിപീഡിയയുടെ അഭിപ്രായത്തിൽ ജേണൽ പോലെ കുറിപ്പുകളോചെറു ലേഖനങ്ങളോ ഉൾക്കൊള്ളുന്ന മുഖ്യമായും വ്യക്തിഗതമായി അവതരിപ്പിക്കുന്ന വെബ് പേജുകളണ് ബ്ലോഗ്. വെബ് , ലോഗ് എന്നീ പദങ്ങൾ ചേർന്നാണ് ഈ പദമുണ്ടായത്. വ്യക്തികൾ അവരുടെ സ്വകാര്യ ജീവിതത്തെ പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.1994 ആദ്യ ബ്ലോഗ് രൂപപ്പെട്ടു. ഐ റ്റി മേഖലയിൽ വിപ്ലവകരമായ പുരോഗതി മലയാളികൾ സ്വന്തമാക്കിയതോടെ പകലന്തിയോളം ഉരിയാട്ടം കൂടിയില്ലാതെ കമ്പ്യൂട്ടറിനു മുമ്പിൽ ചെലവഴിക്കുന്ന ആധുനിക തലമുറയ്ക്ക് മലയാളത്തിന്റെ സമ്പന്നമായ സാഹിത്യസംസ്കാരം നഷ്ടമാകുന്നുണ്ട്. ബ്ലോഗുകളെ ഭാഷാസാഹിത്യ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന  രീതിയിൽ പരിവർത്തനം നടത്തുമ്പോൾ അത് സാഹിത്യ പോഷണത്തിനു വഴി വയ്ക്കും.  കേരളാ ബ്ലോഗ് അക്കാഡമി, മലയാളം ബ്ലോഗ് പോർട്ടൽ , വരമൊഴി വിക്കിയ, നമ്മുടെ.കോം, മലയാളം ബ്ലോഗ് ഹെല്പ്, ബൂലോഗം , ബ്ലോഗുലകം, ശ്രുതിലയം.നെറ്റ് തുടങ്ങിയ സംരംഭങ്ങൾ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും പ്രാധാന്യം നൽകുന്നവയാണ്. 2003 മുതലാണ് മലയാളത്തിൽ ബ്ലോഗുകൾ സജീവമായത്. ഇത്താരം സംരംഭങ്ങളും കൂട്ടായ്മകളും ധാരാളം കേരളത്തിലുണ്ടെങ്കിലും നമ്മുടെ സാഹിത്യവിദ്യാർത്ഥികൾക്കിടയിലും സഹൃദയരിലും മുഖ്യധാരാ എഴുത്തുകാർക്കിടയിലും ബ്ലോഗിന്റെ സാന്നിധ്യം കാണാ‍ൻ കഴിയുന്നില്ല. കഥയും കവിതയുമൊക്കെ അച്ചടിയുടെ സഹായത്താൽ പുറത്തിറങ്ങുമെന്നല്ല്ലാ‍തെ കമ്പ്യ്യൂട്ടറിന്റെ സഹായം കൊണ്ട് പ്രസിദ്ധീകരിക്കാമെന്നും ആസ്വാദകരിൽ നിന്നും പ്രതികരണങ്ങൾ സ്വീകരിക്കാമെന്നും നമ്മുടെ എത്ര എഴുത്തുകാർക്കറിയാം. ബ്ലോഗിനു കൂടുതൽ പ്രചാരം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. 

            വിവരസാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന പഠനമേഖലകൾ സാഹിത്യപഠനത്തിനും സാഹിത്യാസ്വാദനത്തിനും വിഘാതങ്ങളുയർത്തുന്നു. തൊഴിൽ മേഖലയുടെ അനന്തസാദ്ധ്യതകൾ വിവര സാങ്കേതിക വിപ്ലവം മൂലമുണ്ടായിട്ടുണ്ട്. ഭാഷയ്ക്കും സംസ്കാരത്തിനും  പ്രാധാന്യം നൽകുന്ന ഒരു പഠനാവസരം, ഒരു അസ്വാദനാവസരം ഇവിടെ നിഷേധിക്കപ്പെടുന്നുണ്ട്. കേരത്തിൽ തന്നെ നില നിലവിലിരിക്കൂന്ന പ്രാഥമിക വിദ്യാഭ്യാസരീതികൾ മലയാളത്തെ ഒഴിവാക്കിക്കൊണ്ടു പോലും പഠനം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ളതാണ്. ഇത് സംഭാഷണ മേഖലയിൽ നിന്നു പോലും മലയാളത്തെ ഒറ്റപ്പെടുത്തുണ്ട്. ഭാഷയുടെ സജീവത നിർണ്ണയിക്കുന്നത് വ്യവഹാരത്തെ അടിസ്ഥാനമാക്കിയത്. അതിനാൽ മലയാളം പഠിക്കാതെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുന്ന എല്ലാ‍ പഴുതുകളും അടയ്ക്കണം.

            സാഹിത്യപോഷണത്തിനു പോലും അവസരം ലഭിക്കുന്ന കത്തുകൾക്ക് സംഭവിച്ച വംശനാശത്തിനു കാരണം വിവര സാങ്കേതിക വിദ്യയുടെ സൃഷ്ടിയായ മൊബൈൽ ഫോണാണ്. ഇ-മെയിലും എസ് എം എസും ചാറ്റിങ്ങും മാധ്യമങ്ങളായി വ്യക്തികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. യൂണികോഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മലയാളം ഫോണ്ടുകളൂള്ള പല മൊബൈൽ ഫോണുകളും ഇന്നു വിപണീയിൽ ലഭ്യമാണ്. എസ് എം എസ് അയക്കുന്നതിനും വിവരശേഖരണത്തിനും മൊബൈൽ ഫോണിൽ മലയാളം ഉപയോഗിക്കാൻ ഇന്നു കഴിയുന്നത് സ്വാഗതാർഹമാണ്.

            വായനശാലകളുടെ സഹായത്തോടെ സാഹിത്യത്തിന് വിപ്ലവം നടത്താൻ കഴിയുമെന്ന് തെളിയിച്ച നാടാണ് കേരളം. കേരളത്തിൽ നില നിന്നിരുന്ന അയിത്താനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ജന്മി കുടിയാൻ വ്യവസ്ഥകൾക്കുമെതിരേ തൂലിക ചലിപ്പിച്ച എഴുത്തുകാർ നമുക്കുണ്ട്. വായനശാലകൾക്ക് പകരം ഇന്ന് ഓൺലൈൻ ലൈബ്രറികളും ഡയറക്ടറികളും സ്ഥാനം പിടിച്ചിരിക്കുന്നു. വിക്കിപീഡിയ സംരംഭങ്ങളിൽ നിലവിൽ മലയാളമുണ്ടെങ്കിലും ഇംഗ്ഗ്ലീഷിലെപ്പോലെ വിപുലമായ വിവരണം ലഭിക്കുന്നില്ല. മലയാളം പോലും നേരേ ചൊവ്വേ ഉപയോഗിക്കാൻ കഴിയാത്ത ശരാശരിയിൽ താഴെയുള്ളവരെ വിവരസാങ്കേതിക മേഖലയ്ക്ക് പുറത്തു നിർത്താനേ നിലവിൽ കഴിയൂ. ഇംഗ്ലീഷിലുള്ള പരിചയക്കുറവു മൂലം കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ മടിക്കുന്ന എത്രയോ പേരുണ്ട്.

            ഭാഷ ഒരു സംസ്കാരത്തേയും ഒരു വംശത്തേയും കൈമാറ്റം ചെയ്യുന്നു. ഓരോ നാടിന്റേയും സാംസ്കാരികത്തനിമ വംശനാശം വരാതെ നിലനിർത്തേണ്ടത് ഗ്ലോബലൈസേഷന്റെ കാലത്ത് ഒരാവശ്യം തന്നെയാണ്. ഭാഷയെ വെറും ഭാഷയായി കാണുന്നതു കൊണ്ടാണ് നാം ഇംഗ്ലീഷിൽ ഭ്രമിച്ച് മലയാളത്തെ ഒതുക്കി മറ്റുന്നത്. മലയാളി മാത്രമാണ് ലോകത്ത് വാശിയോടെ സ്വന്തം സാംസ്കാരിക ചിഹ്നങ്ങളെ നിഷേധിക്കുന്നത്.ഭാഷ കാലഘട്ടത്തിനനുസരിച്ച് മാറ്റത്തിനു വിധേയമാകണം. ഈ മാറ്റം ഭാഷയുടെ ആത്മാവും ശരീരവും നഷ്ടമാക്കുന്ന രീതിയിലാകരുത്. ചങ്ങമ്പുഴ മുതലായ കവികളുടെ കവിതകൾ വായിക്കാൻ വേണ്ടി മാത്രം അക്ഷരം പഠിച്ചവർ പോലും കേരളത്തിലുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ഉയർന്ന ജീവിത നിലവാരവും സാക്ഷര ബോധവും നമ്മുടെ ഭാഷാസാഹിത്യത്തിന്റെ നേട്ടങ്ങളായിത്തന്നെ എണ്ണപ്പെടേണ്ടതാണ്. ഈ മനോഹര ഭാഷയും സംസ്കാരവും സംരക്ഷിച്ചു നിർത്താൻ നമ്മളല്ലാതെ മറ്റാരുണ്ട്. ബ്രിട്ടീഷുകാർക്ക് പകരം കോഴിക്കോട് സാമൂതിരിയോ , കോട്ടയം കേരളവർമ്മയോ , കൊച്ചി ശക്തൻ തമ്പുരാനോ, തിരുവിതാകൂർ മാർത്താണ്ഡവർമ്മയോ ലോകം കീഴടക്കാൻ തുനിഞ്ഞിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു പോകുകയാണ്.                                                                         (ശുഭം) 

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17



1983  ല്‍ കൊല്ലം ജില്ലയിലെ അഞ്ജലിനടുത്തുള്ള തടിക്കാട് എന്ന ഗ്രാമത്തില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡ് ഉം നേടിയ ശേഷം ഇപ്പോള്‍ ' ആനന്ദിന്റെ നോവലുകളിലെ നോണ്‍ ലിനിയര്‍ ആഖ്യാനം ' എന്ന വിഷയത്തില്‍ പി എച് ഡി ഗവേഷണം നടത്തുന്നു. Uztech  Associates എന്ന സോഫ്ട്വെയര്‍ ഡിസൈനിംഗ് ടീമിന്റെയും ദിപ്തി കലാകായിക വേദിയുടെയും സ്ഥാപകനാണ്. ഹയര്‍ സെകന്റരി കംപ്യുട്ടര്‍ വിദ്യാര്തികള്‍ക്ക് വേണ്ടി firozpluz.blogspot.com  , സാഹിത്യരച്ചനയ്ക്കായി uzcommunications.blogspot .com  എന്നീ ബ്ലോഗുകള്‍ കൈകാര്യം  ചെയ്യുന്നു. കെ എസ് ആര്‍ ടി സി കുളത്തുപുഴ ഡിപ്പോ യില്‍ കണ്ടക്ടറായി സേവനമനുഷ്ടിച്ചിട്ടുന്റ്റ് . സ്വന്തം ബ്ലോഗ്‌ കവിതകളുടെ സമാഹാരമായ ബ്ലോഗില്‍ വിടര്‍ന്നത് (മൈത്രി ബുക്സ്, Tvm), C ++ ഭാഷയെ പരിചയപ്പെടുത്തുന്ന Tripple  Pluz (Sanctum ,Anchal  ) എന്നീ പുസ്തകങ്ങള്‍ 2012  ല്‍ പ്രസിധികരിച്ചു .