I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, ജൂലൈ 16

സൂപ്പർ സൈന

                              സൂപ്പർ സൈന    ഫിറോസ് തടിക്കാട് ,9446706338


ണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം സൈന നെഹ്വാൾ സൂപ്പറായി. 2014 ജൂൺ 29 ന് സിഡ്നിയിൽ 43 മിനിറ്റ് നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ കരോലിന മരീനയെ 21-18, 21-11 എന്ന സ്കോറിന് തകർത്തു കൊണ്ടാണ് ഓസ്ട്രേലിയൻ ബാഡ്മിന്റൺ  ഓപ്പൺ സീരീസ് കിരീടം സൈന സ്വന്തമാക്കിയത്. സെമിയിൽ ലോക രണ്ടാം നമ്പർ ചൈനയുടെ ഷിയാങ് വാങിനെ 21-19,16-21,21-15 എന്ന സ്കോറിനു 1.16 മണിക്കൂർ നീണ്ട മത്സരത്തിൽ അട്ടിമറിച്ചു കൊണ്ട് മുൻ നിര താരങ്ങളെ തകർക്കുന്ന വീര്യം സൈന വീണ്ടെടുത്തു. എട്ടാം റാങ്കിലേയ്ക്ക് തിരിച്ചുയർന്ന ഈ 24 കാരിയുടെ ഏഴാം സൂപ്പർ സീരീസ് കിരീടമാണിത്.

        2012 ഡെന്മാർക്ക് ഓപ്പൺ സീരീസിനു ശേഷം പരിക്കും ഫോമില്ലായ്മയും അലട്ടിയ സൈനയുടെ തിരിച്ചു വരവാണ് 2014 ൽ ഇതുവരെ നാം കണ്ടത്. ജനുവരിയിൽ ഇന്ത്യൻ ഓപ്പൺ ഗ്രാന്റ് പ്രീ ചാമ്പ്യൻഷിപ്പ്  നേടിക്കൊണ്ട് സൈന ശക്തമായ തിരിച്ചു വരവ് നടത്തിയെങ്കിലും ഏപ്രിലിൽ കൊറിയയിൽ വച്ചു നടന്ന ഏഷ്യൻ ബാഡ്മിന്റൺ സീരീസിൽ തിരിച്ചടി നേരിട്ട് പുറത്തു പോകുകയും യൂബർ കപ്പിന്റെ തയ്യറെടുപ്പിനായി ജപ്പാൻ ഓപ്പണിൽ നിന്നും പിന്മാറുകയും ചെയ്തു. ചരിത്രത്തിലേക്കുള്ള പിന്മാറ്റമായിരുന്നു അത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ യൂബർ കപ്പിന്റെ സെമിയിലെത്തി. ജ്വാല ഗൂട്ടയും പി വി സിന്ധുവും സൈനയുമടങ്ങിയ വനിതാനിര ന്യൂഡൽഹിയിലെ സിരി ഫോർട്ട് സ്പോർട്സ് കോമ്പ്ലക്സിൽ വച്ചു നടന്ന സെമിയിൽ 2-0 ലീഡു നേടിയ ശേഷം തേർഡ് സിംഗിൾസും രണ്ട് ഡബിൾസും , അഞ്ചു തവണ ചാമ്പ്യന്മാരായ ജപ്പാനോട് തോറ്റു പുറത്താവുകയായിരുന്നു. അങ്ങനെ ഇന്ത്യ ആദ്യമായി യൂബർ കപ്പിൽ വെങ്കല മെഡൽ ജേതാക്കളായി.

        2008 ൽ പൂനയിൽ വച്ചു നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് സൈന നടത്തിയ ജൈത്ര യാത്രയിൽ 2010 ന്യൂ ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം, അതേ വർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം, 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം  , അങ്ങനെ പോകുന്നു 2008 ലെ ബെസ്റ്റ് പ്രോമിസിങ്ങ് പ്ലെയറുടെ സൂപ്പർ സീരീസിനു പുറത്തുള്ള പോരാട്ടങ്ങൾ. പുല്ലേല ഗോപിചന്ദിനു കീഴിൽ ഈ ഹൈദ്രാബാദ് ഹോട്ട്ഷോട്ട് താരം വളരേയേറെ മുന്നേറിക്കഴിഞ്ഞു, സഹാറാ ഇന്ത്യാ പരിവാർ ബ്രാന്റ് അംബാ‍സിഡറായ സൈന അർജ്ജുന അവാർഡ്(2009), പദ്മശ്രീ(2010), ഖേൽ രത്ന (2010) എന്നിവ ഇതിനകം നേടിക്കഴിഞ്ഞു.

2014 ലെ ഇന്ത്യയിലെ സെക്സീസ്റ്റ് വുമൺ ആയി തെരഞ്ഞെടുക്കപ്പെട്ട സൈനയുടെ സൌന്ദര്യത്തിന്റേയും കളി മികവിന്റേയും പ്രചോദനം സ്വികരിച്ചു കൊണ്ട് ഇന്ത്യൻ സ്കൂൾ കോളേജ് കാമ്പസ്സുകളിൽ ബാഡ്മിന്റൺ കോർട്ടുകൾ സജീവമാകുന്നത് സൈനയിൽ തുടങ്ങുന്ന കായിക വിപ്ലവത്തിന്റെ സൂചനയാണ്. “പ്ലേയിങ്ങ് റ്റു വിൻ , മൈ ലൈഫ് ഓൺ ആന്റ് ഓഫ് കോർട്ട് ” അവളുടെ ആത്മകഥയുടെ ശീർഷകം പോലും എന്തു പ്രചോദനാത്മകം.( Super Saina NehWal  )