I can't ever imagine more wonderful than sharing My life with You

വ്യാഴാഴ്‌ച, ജനുവരി 30

ആരാധകന്റെ  സങ്കടങ്ങൾ

        അർജന്റീനയുടെ ലീഡിങ്ങ് ഗോൾ സ്കോറർ ആണ് ഗബ്രിയേൽ ബാസ്റ്റിറ്റ്യൂട്ട. സത്യം പറയാം. ആ പേരിനോടുള്ള കമ്പം കൊണ്ടാണ് ഞാൻ ബാറ്റിയുടെ ആരാധകനായത്. ലാറ്റിനമേരിക്കൻ ശൈലിയുടെ ഈസ്തെറ്റിക് ആർട്ടിനെകുറിച്ചു കേൾക്കുന്നതിനു മുൻപേ ഞാൻ അർജന്റീനയുടെ ആരാധകനായി മാറിയിരുന്നു. 1998 കളോടെ ഫുഡ്ബോളിനു വേണ്ടി ഊണും ഉറക്കവും നഷ്ടപ്പെടുത്തിയപ്പോൾ ആ വർഷത്തെ ലോകകപ്പിൽ ബാറ്റി ഹാട്രിക് കാണാൻ കഴിഞ്ഞു. പക്ഷേ,  അധികം നീണ്ടു നിന്നില്ല ബാറ്റിയുടേയും അർജന്റീനയുടേയും സാന്നിധ്യം. പിന്നീട് ഫ്രാൻസിന്റെയും ജർമനിയുടെയും സ്പെയിനിന്റെയും ആരാധകനാകാൻ കഴിയാഞ്ഞതിലെ സങ്കടം ഒരു ആരാധകനോടു ചോദിച്ചാൽ മനസ്സിലാകും.
        കളി കണ്ടമ്പരന്നു ആരാധകനായത് സിദാനിലൂടെയാണ്. ബ്രസീലും ഫ്രാൻസും തമ്മിലുള്ള ക്വാർട്ടർ മത്സരം ‘പെർസിസ്റ്റൻസ് ഓഫ് വിഷനേ ‘ യും വെല്ലു വിളിച്ചുകൊണ്ട് ഇപ്പോഴും കണ്മുൻപിലുണ്ട്. റൊണാൾഡോ പന്ത് കാൽ വരുതിയിലാക്കാൻ പ്രയാസപ്പെടുമ്പോൾ സിദാന്റെ ശരീര പേശികളിലൂടെ ഒരു തരം ലൈംഗികാ‍നുഭൂതിയോടെ സോഫ്റ്റ് കോറിന്റെ ശൈലിയിൽ പന്ത് മുട്ടിയുരുമ്മി നടന്നപ്പോഴാണ് ആ ഇതിഹാസത്തോട് കമ്പം തോന്നിയത്. സിദാനും എന്നെ സങ്കടങ്ങളിലേക്ക് കൊണ്ടെത്തിച്ചു. മറ്റൊരു ലോകകപ്പിലേക്ക് സിദാനിലൂടെ ഫ്രാൻസ് നീങ്ങുമ്പോഴായിരുന്നു ജീവിതത്തിലാദ്യമായി സിദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തേയ്ക്ക് പോകുന്നത്. ഫ്രഞ്ച് ജനത സിദാനെ സമാധാനിപ്പിച്ചപ്പോൾ എന്റെ സങ്കടങ്ങൾ ആരാധകന്റേതു മാത്രമായി ഒറ്റപ്പെട്ടു.
         മാർട്ടിനാ ഹിംഗിസിന്റെ മുഖമാണ് എന്നെ അവരുടെ ആരാധകനാക്കി മാറ്റിയത്. 2002 ൽ നിരന്തരമായ പരിക്കുകളെ പിന്തുടർന്ന് അവർ കളം വിട്ടപ്പോൾ ഞാനും ടെന്നീസിനോടുള്ള ബന്ധം ഉപേക്ഷിച്ചു. 2006 ൽ തിരികേയെത്തി കിരീടം ചൂടിയെങ്കിലും ഡെവെൻപോർട്ടോ വില്ല്യം സഹോദരിമാരോ റോജർ ഫെഡററോ ആരാധകരാകാതിരുന്നതിലുള്ള സങ്കടം വളർന്നു വലുതായി.
                സച്ചിന്റെ വസന്ത കാലത്താണ് ഞാൻ ക്രികറ്റിലേക്ക് കടന്നു വരുന്നത്. എന്തു കൊണ്ടോ സച്ചിന്റെ ആരാധകനാകാൻ എനിക്കു കഴിഞ്ഞില്ല. സ്വഭാവത്തിലെ എന്റെ ശാന്തത കൊണ്ട് ദ്രാവിഡിന്റെ ബാറ്റിങ്ങ് ശൈലിയോടായിരുന്നു താത്പര്യം. സച്ചിൻ സെഞ്ചറി നേടിയപ്പോഴൊക്കെ എന്റെ സങ്കടം തെകിട്ടി വന്നു കൊണ്ടിരുന്നു. കളി കൈ വിട്ടെന്നതു പോലെ തല കുനിച്ച് ഫുൾ കൈ താഴ്ത്തിയിട്ട് ഒരു കാലിൽ ബലം കൊടുത്ത് മറ്റേ കാൽ ആട്ടി പുൽതകിടിയിൽ സജീവമാകുകയും റിസ്റ്റ് ഷോട്ടുകളുടെ രാജാവാകുകയും ചെയ്ത മുഹമ്മദ് അഷറുദ്ദീനും വ്യക്തി ജീവിതത്തിലേയും കോഴവിവാദത്തിലേയും കാരണങ്ങളാൽ എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഇപ്പോഴും ആ പേരു കേൾക്കുമ്പൊൾ എന്തോ ഒരു സന്തോഷമാണ്.
·            കോഴ വിവാദത്തിൽ എന്നെ കൂടുതൽ കരയിപ്പിച്ച മറ്റൊരു താരമാണ് ഹാൻസി ക്രോണ്യെ. ഇന്ത്യൻ പര്യടനത്തിൽ   സുനിൽ ജോഷിയുടെ സ്പിൻ കുഴികളിൽ വീണ് തകർന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലും ജോഷിയിൽ നിന്നും തിരിച്ചടി നേരിട്ടപ്പോൾ ബാറ്റിങ്ങ് ഓർഡറിൽ മാറ്റം വരുത്തി ക്രീസിലെത്തുകയും ജോഷിയെ സ്റ്റേഡിയത്തിനു പുറത്തേയ്ക്ക് പറത്തുകയും ചെത ക്രോണ്യെ എന്റെ  പ്രിയ താരമാകുന്നതിനു മറ്റൊരു സെന്റിമെന്റൽ ഫാക്റ്റർ കൂടിയുണ്ട്. ഫൈനലിൽ തോൽക്കുക എന്ന  ആ ടീമിന്റെ നിരാശയാണ് ഇന്ത്യയെക്കാൾ കൂടുതൽ ഞാൻ ദക്ഷിണാഫ്രിക്കയുടെ  ആരാധകനാകുന്നതിനു കാരണമായത്.
·        മിതാലി രാജും ജുലാൻ ഗോസ്വാമിയും തകർത്തടിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിലുമുണ്ട്  ഒരു ഹീറോയിൻ. റീമാ മൽഹൊത്ര. എന്റെ ഒരു കുഞ്ഞമ്മയുടെ ഛായയുണ്ട് അവർക്ക്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ പുറത്താകുന്ന മത്സരത്തിൽ വീറുറ്റ പോരാട്ടം നടത്തി അവർ പുറത്തായപ്പോൾ ഇന്ത്യ പുറത്തായതിനേക്കാൾ വിഷമമായിരുന്നു എനിക്ക്. സാറാ ടെയ്ലറിന്റെ ഇംഗ്ലണ്ട് ടീമിൽ വക്ഷോജങ്ങളുടെ ദൃഢത ജേഴ്സിക്കു മുകളിലൂടെ ദൃശ്യമായതു കൊണ്ടാണ് ചാർലെ എഡ്വേഡ് എന്റെ സങ്കടങ്ങളിലേക്ക് കടന്നു വന്നത്.
·                            ശോഭനയും മഞുവും അരങ്ങു തകർത്ത മലയാള സിനിമയിൽ അച്ചിവിന്റെ പുളിപ്പും ഒരേ       കടലിലെ ഡിസിപ്ളിനുമാണ് എന്നെ മീരയിലേക്കടുപ്പിച്ചത്. ഇനി എത്ര വലിയ നടിമാരുണ്ടായാലും എന്റെ സങ്കടങ്ങൾ മീരയുടെ വീഴ്ച്കകളിലായിരിക്കും.
·            വിശ്വ സിനിമയുടെ അത്ഭുതമാണ് മോഹൻലാൽ എന്ന നടൻ. അഭിനയ സങ്കേതങ്ങളോടും കഥാപാത്ര ശീലങ്ങളോടും സംവദിക്കാൻ ഇത്രയും കഴിവുള്ള ഒരു നടൻ ലോകത്തില്ല.  മോഹൻ ലാലിന്റെ ആരാധകനാകാണമെന്ന് പല തവണ ആഗ്രഹിച്ചതാണ്. പക്ഷേ, മമ്മൂട്ടിയുടെ വീഴ്ചകളിൽ സങ്കടപ്പെടാനായിരുന്നു എന്റെ വിധി. ആരാണു മികച്ച നടൻ, ഞാൻ പലതവണ ചിന്തിച്ചിട്ടുണ്ട്. രാമുവിന്റെ കണക്കിന്റെ മാർക്കും രാജുവിന്റെ ഇംഗ്ലീഷിന്റെ മാർക്കും താരതമ്യപ്പെടുത്തി ആരാണു മിടുക്കൻ എന്നു പറയാൻ കഴിയാത്തതു പോലെ വ്യത്യസ്തമായ അഭിനയ ശീലങ്ങൾ അടയാളമാക്കിയ മമ്മൂട്ടിയേയും മോഹൻ ലാലിനേയും താരതമ്യപ്പെടുത്താൻ കഴിയില്ല.  എന്നിരിക്കിലും സൂക്ഷ്മമായ ചില നിരീക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു.
·         
·                    ആദ്യകാല സിനിമകളിൽ ഒന്നുകിൽ ഏറ്റവും ഉയർന്ന നിലയിലുള്ള കഥാപാത്രങ്ങൾ  അല്ലെങ്കിൽ ഏറ്റവും താഴെയുള്ള കഥാപാത്രങ്ങൾ , അങ്ങനെ സാധാരണ പ്രേക്ഷകരോട്  സംവദിക്കാൻ കഴിയുന്ന കഥാപാത്രങ്ങളായിരുന്നില്ല മമ്മൂടി കൈ കാര്യം ചെയ്തിരുന്നത്. മോഹൻ ലാലാകട്ടെ , ജനകീയവും ഗ്രാമ്യവുമായ കഥാപാത്രങ്ങളെ ലഭിച്ചതോടെ പ്രേക്ഷകനോടൊട്ടി നിൽക്കുന്ന ഒരു പ്രതീതിയുണ്ടാകുകയും മമ്മൂട്ടിയേക്കൾ ജനപ്രീതി നേടുകയും ചെയ്തു.

·            ഷാരൂഖ് – അമിതാഭ്  ദ്വന്ദ്വം പോലെയാണ് ലാൽ- മമ്മൂട്ടി ദ്വന്ദ്വം. ലാലിലും ഷാരൂഖിലുമുള്ള സ്ത്രൈണ ഭാവമാണവരുടെ ജനകീയതയ്ക്കുള്ള മറ്റൊരു കാരണം. എന്നാൽ സംഭാഷനത്തിലുൾപ്പടെ ഉദാത്തമായ പൌരുഷമാണു മമ്മൂടിയിലും ബച്ചനിലുമുള്ളത്.

·        സച്ചിൻ - ദ്രാവിഡ് താരതമ്യവും ലാൽ- മമ്മൂട്ടി താരതമ്യത്തിനു ഉപയോഗിക്കാവുന്നതാണ്. ക്രിക്കറ്റ് ബാറ്റിങ്ങ് എത്ര നിസ്സാരമാണെന്നു നമുക്കു തോന്നും സച്ചിന്റെ കളി കണ്ടാൽ. അത്രയും സ്വാഭാവികതയുണ്ട് ലാലിന്റെ അഭിനയത്തിനും. ക്രിക്കറ്റ് ദുഷ്കരമായ കളിയാ‍ണെന്നു തോന്നും ദ്രാവിഡിന്റെ പെർഫെക്ഷനിൽ പോലും. ദ്രാവിഡ് ഒരു മമ്മൂടി ലൈൻ ആണ്.

·            അഭിനയത്തെ സൂക്ഷ്മമായി വീക്ഷിച്ചാൽ കഥാപാത്രങ്ങളിൽ അച്ചടക്കം സൂക്ഷിക്കുന്നതിലും “ ആരോപിതം” ( മറ്റൊരാളായി മാറുക ) “ ആഹാര്യം “ ( വസ്ത്ര ധാരണം വഴി മറ്റൊരാളാവുകാ) എന്നീ സിനിമയുടെ സാങ്കേതികതകളിലും മമ്മൂട്ടി മോഹൻ ലാലിനേക്കാൾ മുൻപിലാണ്. അതു കൊണ്ട് തന്നെയാണ്  നമ്മുടെ സാഹിത്യ കൃതികൾ സിനിമകളായപ്പോൾ മമ്മൂടി സംവിധായകരുടെ ഇഷ്ടനടനായി മാറിയത്.ഭാവങ്ങളേക്കാൾ അതിഭാവുകത്വത്തിനു പ്രാധാന്യം നൽകുന്ന കഥകളി സകേതങ്ങളോടാണ് ലാലിന്റെ അഭിനയത്തിനു സാമ്യം.


·         ഭാരതീയ അഭിനയ സങ്കേതങ്ങൾക്ക് നൃത്ത നാട്യ രീതികളുടെ സന്നിവേശം കാണാൻ കഴിയും. ഇവ സമർഥമായി സമ്മേളിച്ച ഒരു പൌരസ്ത്യ നടനാണ് ലാൽ. വഴക്കങ്ങൾക്ക് പകരം വടിവുകൾ സൂക്ഷിക്കുന്ന ഒരു പാശ്ചാത്യനടന്റെ ചേഷ്ടകളാണ് മമ്മൂട്ടിയൂടേത്.

·        കഥാപാത്രങ്ങൾക്കു വേണ്ടി മാനറിസങ്ങൾ സൃഷ്ടിക്കുന്നതിൽ മമ്മൂട്ടിയുടെ കഴിവ് അപാരമാണ്. അദ്ദേഹത്തിന്റെ പരാചയപ്പെട്ട ഒരു കഥാപാത്രം പോലും അതിന്റെ നടത്തത്തിൽ, സംഭാഷണത്തിൽ, നോട്ടത്തിൽ  , വസ്ത്ര ധാരണത്തിഒൽ അങ്ങനെ എത്രയെത്ര വൈവിധ്യങ്ങളാണ് ആ നടൻ ഒരുക്കുന്നത്. ലാലിന്റെ ഒന്നിൽ കൂടുതൽ സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ആവർത്തനം വരാറുണ്ട്.


·        മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഭേദപ്പെട്ട രീതിയിലെങ്കിലും അഭിനയിക്കാൻ  മോഹൻ ലാലിനു കഴിയും. എന്നാൽ ലാലിന്റെ ഏറ്റവും മികച്ച കഥപാത്രങ്ങൾ മമ്മൂടിയിൽ ഒട്ടും സുരക്ഷിതമല്ല.

·        അങ്ങനെ ഒരു തരത്തിലും സാമ്യപ്പെടുത്താൻ കഴിയാത്ത ( അലുവയും മത്തിക്കറിയും പോലെ ) അപാരമായ റേഞ്ച് ഉള്ള രണ്ടു പേരാണ് അവർ. ലോക സിനിമയിൽ ഒന്നാം സ്ഥാനം മോഹൻലാൽ തന്നെയാണ്. എന്നാൽ രണ്ടോ അതിൽ താഴെയോ അല്ല മമ്മൂട്ടി.


            അലക്ഷ്യമായി പലതും പറഞ്ഞു നിങ്ങളെ ബോറടിപ്പിച്ചെന്ന സങ്കടം തോന്നിയേക്കാം. നമ്മൾ ആരാധനയ്ക്കായി സ്വീകരിക്കുന്ന പലരും ഒന്നാമന്മാരാകണമെന്നില്ല, സമാനരോ രണ്ടാമന്മാരോ ആയിപ്പോകാം. അങ്ങനെ സങ്കടങ്ങൾ നമ്മെ പിന്തുടരുകയും ചെയ്യും. ആരാധകരാകുക എന്നത് ഒരു ഐച്ഛിക പ്രവർത്തനമല്ല. അത് ഒരു മാനസിക പ്രവർത്തനമാണ്. ചിലപ്പോൾ പ്രതിഭാ ബാഹ്യമായ കാരണങ്ങളാൽ പോലും നാം പല താരങ്ങളുടേയും ആരാധകരാകാറുണ്ട്.നിങ്ങളെ നിങ്ങളുടെ ഹീറോയിലേക്ക് വലിച്ചടുപ്പിക്കുന്ന കാര്യങ്ങളേക്കുറിച്ച് ഒന്നു ചിന്തിച്ച് നോക്കൂ.