തവളകൾ ഇപ്പോൾ ഉഭയജീവികളല്ല
ഫിറോസ് തടിക്കാട്
വീടിന്റെ പിറകിലായി ഒരു കൈത്തോടുണ്ട്. ഒന്നല്ല രണ്ടെണ്ണം. ഗംഗയും ബ്രഹ്മപുത്രയും. മഴക്കാലത്തു മാത്രം നിറഞ്ഞൊഴുകുന്നതാണ് ഗംഗ. കിണറിനു വളരെ അടുത്ത്. വർഷകാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കുളിമുറിയുടെ ചാരിയ കതകിനിടയിലൂടെ പമ്മി പമ്മി കയറി മഴ തീരുവോളം കുളിയും പാസാക്കി ഒടുവിൽ തിരിച്ചിറങ്ങി പോകും. അടിവസ്ത്രങ്ങൾ പോലെ പാമ്പും പഴുതാരയും ഞണ്ടും ചപ്പും ചവറും കുളിമുറിയിൽ ഉപേക്ഷിച്ച്, അയ്യേ, വൃത്തികെട്ടവൾ.
ആ കൈത്തോട് കടന്നാൽ ബ്രഹ്മപുത്രയാണ്. ഏതു വേനൽ കാലത്തും വെള്ളമുണ്ടാകും. അടുത്തുള്ള മലയിലെ ഒരു ചൂരൽ കുളത്തിൽ നിന്നാണ് ഉത്ഭവം. യക്ഷിയും അഞ്ചരക്കണ്ണനുമൊക്കെയുള്ള ഒരു മാനസസരസ്. അവിടെ മനുഷ്യരാരും പോകില്ല. പോയാൽ കറുത്ത ചരട് കൈയിലോ അരയിലോ കെട്ടി നടക്കേണ്ടി വരും.
കുഞ്ഞായിരിക്കുമ്പോൾ ഒരു ദിവസം ബ്രഹ്മപുത്രയിൽ പോയി. നിറയെ കറുത്ത മീനുകൾ. ഉടുത്തിരുന്ന തോർത്ത് ഉരിഞ്ഞു പിടിച്ചു. ഏഴെട്ടെണ്ണത്തിനെ . പൊത്തക്കുഞ്ഞിനെ തന്നെ. ചേമ്പിലയിൽ പൊതിഞ്ഞ് വീട്ടിലെത്തി. തൊട്ടിയിലാക്കി കിണറ്റിൽ ഇറക്കി. മീനുള്ളത് നല്ലതാണ്. വെള്ളം ശുദ്ധമാകും. പണ്ടൊരിക്കൽ കടയിൽ നിന്നും നെത്തോലി വാങ്ങി വന്നപ്പോൾ രണ്ടെണ്ണത്തിനെ കിണറ്റിലിട്ടു. “ഏതായാലും പൊരിക്കാൻ പോകുവാ, നിങ്ങളെങ്കിലും രക്ഷപെട്ടോളൂ. പോയി ജീവിക്ക്, ഇണ ചേർന്നു പെറ്റു പെരുകണം.”
ഒരാഴ്ച്ച കഴിഞ്ഞില്ല. കിണറ്റിൽ നിന്നും ക്രോം ക്രോം വിളികളുയർന്നു. നോക്കിയപ്പോൾ ആറേഴു തവളകൾ കിണറ്റിലുണ്ട്. അമ്മയും അനിയത്തിയും കൂടി ചിരിച്ച് ചിരിച്ച് മണ്ണു കപ്പി. വാൽമാക്രിയായിരുന്നു പോലും അവയെല്ലാം. എന്നലും നെത്തോലിയുണ്ടല്ലോ കിണറ്റിൽ, നെത്തോലി ഒരു ചെറിയ മീനല്ല. ഞാൻ ആശ്വസിച്ചു.
പശുവിനു കൊടുക്കാൻ പുല്ല് പിഴുതെടുക്കേണ്ടി വരും മഴക്കാലമായാൽ. അപ്പോൾ മൺ വെട്ടിയും വാഴപ്പോളയും കൊണ്ട് ബ്രഹ്മപുത്രയിൽ അണക്കെട്ടുണ്ടാക്കും. പുല്ലു കഴുകാൻ വേണ്ടി. തോടു നിറഞ്ഞു വെള്ളം തെങ്ങിൻ തോപ്പിലേയ്ക്ക് കയറും. അവിടെ അരയാൾ പൊക്കത്തിൽ തെങ്ങിൻ തടമുണ്ട്. വെള്ളം കെട്ടി കിടന്ന് മണ്ണിൽ ആഴ്ന്നിറങ്ങാൻ വേണ്ടിയാണത്രേ.
തോടിനിരുവശവും ഒരു തരം ചെടിയുണ്ട്. അതിന്റെ ഇല പൊട്ടിച്ചെടുത്ത് കൈയിൽ വച്ചാൽ ഒരു ഡിസൈൻ പതിയും. അനിയത്തി ആ ചെടിയുടെ പിറകേയാണ്. ഒരു ഹെലികോപ്റ്റർ തുമ്പി വെള്ളത്തിൽ മുട്ടി പറന്നുയർന്നു. “ ഈ ഹെലികോപ്റ്റർ തുമ്പി ഉഭയ ജീവിയാണോ” – അനിയത്തിക്ക് സംശയമായി. കൈത്തോട് നീന്തിയതിന്റെ പാടുണ്ട് ഇപ്പോഴും നെഞ്ചിൽ . വെള്ളം കുറവുള്ളപ്പോൾ കുപ്പിച്ചില്ലും ചരൽ കല്ലുകളും കൊണ്ടതാണ്.
തോട് കഴിഞ്ഞ് നെല്പാടമാണ്. വഴി നിറയെ വൈക്കോൽ ഉണക്കാനിട്ടിരിക്കുകയാണ്. ചാടി തിമിർത്ത് കുത്തി മറിഞ്ഞ് വൈകുന്നേരമാകുമ്പോൾ ശരീരമാസകലം ചൊറിഞ്ഞ്…
വൈക്കോലിലും ഭൂമിയിലും ജീവിക്കുന്ന ഉഭയ ജീവികൾ ഉണ്ടോ എന്തോ !
കുപ്പിയിൽ പിടിച്ചിട്ട മീനുകളുമായി വീട്ടിലെത്തി. മേശപ്പുറത്ത് കുപ്പി. കുപ്പിയിൽ വെള്ളം.വെള്ളത്തിൽ മീനും മീനിനു തിന്നാൻ ചോറും മീനും. കളിക്കൻ ചെടിത്തലപ്പുകളും. ഇമ വെട്ടാതെ അവയെ നോക്കിയിരുന്നപ്പോൾ ചെരിഞ്ഞു ചെരിഞ്ഞു കമിഴ്ന്നു വീണ് വെള്ളത്തിനു മുകളിൽ ചത്തു മലച്ചു വീണു. ഒടുവിൽ കോഴി തട്ടി മറിച്ചിട്ട് തിന്നാൻ തുടങ്ങിയപ്പോൾ തട്ടിപ്പറിച്ച് കുഴിച്ചിട്ടു. ശവമെങ്കിലും വിട്ടു കൊടുക്കണ്ടേ.
പെട്ടെന്ന് തോട്ടു പരിസരത്തു നിന്നൊരു ബഹളം. ഓടി അവിടേയ്ക്ക്. അടുത്ത വീട്ടിലെ പയ്യൻ പൊരിച്ച് തിന്നത് നീർക്കോലിയെ. നെടുമീനെ തിന്നാൻ കൊള്ളാമെന്നും നീർക്കോലിയെ കൊള്ളില്ലെന്നും ടാക്സോണാമി കണ്ടെത്തിയവനെ സമ്മതിക്കണം. ചുട്ട നീർക്കോലി ഉള്ളിലും ചുട്ട അടി പുറത്തുമായി അവനെ അമ്മ കൊണ്ടു പോകുമ്പോൾ തെറി കിട്ടിയത് എന്റെ അമ്മയ്ക്കും. അമ്മയാരാ മോള്, പലഹാരം വീതിക്കുമ്പോൾ ഇല്ലാത്ത ഒരു പക്ഷാഭേദം എന്നോട് കാട്ടി. കൂടുതൽ എനിക്കും കുറച്ച് അനിയത്തിക്കും.
എന്തായാലും നെത്തോലിയുടെ ഡെലിവറി കഴിഞ്ഞോ എന്നറിയാൻ ഇറങ്ങി ചെന്നതാണ് ഞാൻ. മാനസസരസ്സിൽ നിന്നൊരു ബഹളം. ഓടി അങ്ങോട്ടേയ്ക്ക്. എന്തൊരു ചൂട്. മാനസസരസ്സിൽ നിന്നും സ്ത്രീകൾ ചെളിവെള്ളമൂറ്റി കുടത്തിലാക്കി കൊണ്ടു പോകുന്നു. അതു തെളിച്ചെടുത്തിട്ടു വേണം ചോറ് വയ്ക്കാൻ. ഇപ്പോൾ അവിടെ പോകാൻ ആർക്കും ഭയമില്ല. പാർക്കാൻ മരമോ കുടിക്കാൻ വെള്ളാമോ ഇല്ലതെ ഉഭയജീവികലല്ലാത്ത യക്ഷികൾ ചത്തു പോയി.
കൈത്തോട് ഉണങ്ങി വരണ്ട് കിടക്കുന്നു. അവളുടെ പൊക്കിൾ ചുഴിയിൽ റബ്ബർ ഇലകൾ വീണ് മൂടി കിടക്കുന്നു. കിണറ്റിൻ കരയിലൂടെ ഓടി കയറിയപ്പോൾ കിണറ്റിലൊന്ന് എത്തി നോക്കി. നെത്തോലിയുമില്ല, വെള്ളവുമില്ല. കറുത്ത് മെലിഞ്ഞ രണ്ട് തവളകൾ മാത്രം. കോൺക്രീറ്റ് തൊടികൾ വാർത്തിറക്കിയ കിണറ്റിൽ വീടൊരുക്കാൻ കഴിയാതെ അവർ നിൽക്കുന്നു. എന്റെ നോട്ടം ശ്രദ്ധിച്ച അവർ ഇടറിയ സ്വരത്തിൽ പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ ഉഭയ ജീവികളല്ല.”