രാജാവല്ല ചക്രവർത്തി തന്നെ .ഫിറോസ് തടിക്കാട്(9446706338)
റാഫേൽ
നദാൽ കളിമൺ കോർട്ടിലെ രാജാവല്ല, ചക്രവർത്തി തന്നെ. ഒൻപതാം തവണയല്ലേ കക്ഷി ഫ്രഞ്ച്
ഓപ്പൺ നേടുന്നത്. റൊളാങ് ഗാരോ വിലെ കളിമൺ പ്രതലവും റാഫേൽ നദാലിന്റെ പേശികളും
തമ്മിൽ അത്രയേറെ ബന്ധമുണ്ട്. 2005,06,07,08,10,11,12,13,14 വർഷങ്ങളിലെ ഫ്രഞ്ച് ഓപ്പൺ
കപ്പിൽ നദാലിന്റെ മുൻവരി പല്ലുകളുടെ പാടുണ്ട്. പണ്ട് ഗ്രാന്റ് സ്ലാമിന്റെ തിളക്കം
വരുന്നതിനു മുൻപ് എട്ട് തവണ ഫ്രഞ്ച് ഓപ്പൺ നേടിയ ഫ്രാൻസിന്റെ മാക്സ് സെകുഗിസിന്റെ
റെകാർഡ് മറി കടക്കുക മാത്രമല്ല സാക്ഷാൽ പീറ്റ് സാമ്പ്രാസിന്റെ ഒരേ ടൈറ്റിലിൽ ഏറ്റവും കൂടുതൽ കപ്പെന്ന റെകോർഡും ( എട്ട്
വിംബിൾഡൺ ) നദാൽ മറി കടന്നിരിക്കുന്നു. മാത്രമോ പതിനാലു കിരീടങ്ങൾ നേടി
സാമ്പ്രാസിനൊപ്പവും, 17 കിരീടങ്ങളുള്ള റോജർ ഫെഡറർക്ക് പിന്നിലും. ഈ പോക്കിൽ
താമസിയാതെ ഫെഡററും പിന്നിലാകും.
സാമ്പ്രാസിന്റെയും
അഗാസിയുടേയും മടക്കത്തിനു ശേഷം എതിരാളികളില്ലാത്ത ഫെഡററുടെ ജൈത്രയാത്രയ്ക്ക്
കടിഞ്ഞാണിട്ടത് റഫേൽ നദാലായിരുന്നു. അതും പതിനേഴാം വയസ്സിൽ. പിന്നീട് പല തവണ പല
ഫൈനലുകളിൽ ഫെഡറർക്കു മുന്നിൽ നദാൽ പരാജയം സമ്മതിച്ചു. ആസ്ത്രേലിയയിലേയും
അമേരിക്കയിലേയും ഹാർഡ് ഗ്രൌണ്ടുകളും വിമ്പിൾഡണിലെ പുൽതകിടിയും കൈ വിട്ടപ്പൊഴും
ഫ്രഞ്ച് കളിമൺ കോർട്ട് തുടർച്ചയായി എൺപത്തിയൊന്നു കളികളാണ് നദാലിനു വേണ്ടി
കളിച്ചത്.
ഈ ജൂൺ
എട്ടിനു റൊളാങ് ഗാരോ യിൽ 3-6,7-5,6-2,6-4 എന്ന സ്കോറിനാണ് ‘മാഡ്രിഡിന്റെ
ദത്തു പുത്രൻ’ നദാൽ ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയത്. തൊട്ടു മുൻപുള്ള രണ്ടു
ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിലും നദാൽ പരാജയപ്പെടുത്തിയതു കൊണ്ട് ദ്യോകോവിച്ച്
തിരിച്ചടിക്കും എന്നാണ് കരുതിയത്. ഇത്തവണ
കൂടുതൽ കരുതൽ വേണ്ടി വരുമെന്ന് നദാൽ പറയുകയും ചെയ്തിരുന്നു. എല്ലാ കിരീടങ്ങളും നേടിയിട്ടും ദ്യോകോവിച്ചിനു
മുന്നിൽ ഫ്രഞ്ച് ഓപ്പൺ മാത്രം വഴി മാറുന്നതിനു കാരണം നദാൽ തന്നെ. ഒരു തവണ പോലും
നദാലിനെ കളിമൺ കോർട്ടിൽ പരാജയപ്പെടുത്താൻ ദ്യോകോവിച്ചിനായിട്ടില്ല.
അഗാസിക്കു ശേഷം കരിയർ ഗോൾഡൺ സ്ലാം ( കരിയർ ഗ്രാൻഡ് സ്ലാം +
ഒളിമ്പിക് ഗോൾഡ് ) നേടുന്ന ഏക പുരുഷ കായിക താരമാണ് നദാൽ. 2008 ലെ ഒളിമ്പിക്
സ്വർണത്തോടെയാണ് ആ ലഷ്യം നേടിയത്. റാഫാ
ഗ്ലാഡിയേറ്റർ അപരാജിതമെന്നു കരുതിയ
ഫെഡററുടെ പല റെകാർഡുകൾക്കും പോറലേൽപ്പിച്ചു കഴിഞ്ഞു. പരിക്കുകൾ
ശല്യപ്പെടുത്തിയില്ലായിരുന്നെങ്കിൽ മറ്റു പല രെക്കർഡുകളും നിലം പൊത്തുമായിരുന്നു. സൌമ്യയതയുടെയും
കുലീനതയുടെയും പര്യായമാണു ഫെഡറർ. ആരും ആരാധിച്ചു പോന്ന വശ്യത. എന്നാൽ വന്യതയുടെ പ്രതീകമാണ്
നദാൽ. ആ വന്യതയുടെ വേട്ടക്കാലമാണ് കളിമൺ
കാടുകളിൽ നാം കാണുന്നത്. ഫെഡററോടുള്ള
കടുത്ത ആരാധന ഉള്ളിലൊതുക്കിയാണ് ആന്ദ്രേ അഗാസി പറഞ്ഞത് “ ഫെഡററല്ല കേമൻ,
നദാൽ തന്നെയാണ് ” എന്ന്. ഇനി കാലം തെളിയിക്കട്ടെ .