I can't ever imagine more wonderful than sharing My life with You

ചൊവ്വാഴ്ച, മാർച്ച് 24

പ്രകാശം പരത്തുന്ന സാജൻ



പ്രകാശം പരത്തുന്ന സാജൻ
          ഫിറോസ് തടിക്കാട്,9446706338
പിരപ്പങ്കോട് മിഹിർസെൻ അക്വാട്ടിക്  കോംപ്ലക്സിലെ നീന്തൽ കുളത്തിൽ മൈക്കിൾ ഫെലിപ്സ് എത്തിയ പ്രതീതിയായിരുന്നു 35 മത് ദേശിയ ഗെയിംസ് ആസ്വദിക്കാനെത്തിയവരുടെ മനസ്സിൽ.
          നീന്തൽ കുളത്തിൽ മുങ്ങി നിവരുമ്പോൾ കൈ നിറയെ മെഡലുകളും ബുക്ക് നിറയെ റെക്കാഡുകളുമായി ഒരു മലയാളി പയ്യൻ , സെബാസ്റ്റ്യൻ സേവ്യറെ അനുസ്മരിപ്പിക്കുമാറ് ഇന്ത്യയുടെ മൈക്കിൾ ഫെലിപ്സ് സാജൻ പ്രകാശ് എന്ന 21 കാരൻ............
ഒൻപത് മെഡലുകൾ, അതിൽ 6 എണ്ണം സ്വർണ്ണം, അതിൽ 4 ഉം റെകോഡോടെ...



          കേരളം 35 മത് ദേശിയ ഗെയിംസിനു വേദിയാവുകയും സർവീസസിനു കനത്ത വെല്ലുവിളി നൽകിക്കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതിനു പിന്നിൽ സാജൻ പ്രകാശിന്റെ മെഡലുകളും ആ മെഡലുകൾ മറ്റു കായിക താരങ്ങളിൽ സൃഷ്ടിച്ച പ്രേരണകളുമുണ്ട്.
                   100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ ബട്ടർ ഫ്ലൈ ഇനങ്ങളിലും 400 മീറ്റർ , 800 മീറ്റർ ,1500 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണ്ണം നേടിയ സാജൻ അക്ഷരാർത്ഥത്തിൽ മിഹിർ സെൻ അക്വാട്ടിക് കോംപ്ലക്സിലെ ജലം കുടിച്ചു വറ്റിച്ച് സ്വർണ്ണ മെഡലുകൾ പെറുക്കിയെടുക്കുകയായിരുന്നു. നീന്തൽ കുളത്തിൽ നിന്നും 3 വെള്ളി മെഡലുകൾ കൂടി നീന്തിയെടുത്ത് ഈ ഗെയിംസിലെ മികച്ച പുരുഷ താരമായി സാജൻ മാറി.
          2013 ലെ ദെശിയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണവും 2 വെള്ളിയും നേടി സാജൻ വരവറിയിച്ചിരുന്നു. ദേശിയ ഗെയിംസിൽ 11 ഇനങ്ങളിൽ മത്സരിച്ച സാജന്റെ ഇഷ്ട ഇനം 1500 മീറ്റർ ഫ്രീസ്റ്റൈലാണ്. 15.55.28 മിനിറ്റിൽ ഗെയിംസ് റെകോഡോടെയാണ് ഈ ഇനത്തിൽ സ്വർണ്ണം നേടുന്നത്. ജൂലൈയിൽ റഷ്യയിലെ കസാനിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് ഈ ഇനത്തിൽ സാജൻ യോഗ്യത നേടി. 11 സ്വർണ്ണത്തോടെ മഹാരാഷ്ട്രയും 10 സ്വർണ്ണത്തോടെ മധ്യപ്രദേശും നീന്തൽ കുളം അടക്കി വാണിട്ടും സ്വർണ്ണം കൈയിൽ വാരിക്കൂട്ടിയത് കേരളത്തിന്റെ സാജൻ പ്രകാശായിരുന്നു.
          ഗ്ലാസ്ഗോ ഒളിമ്പിക്സിൽ 400 മീറ്റർ ഫ്രിസ്റ്റൈലിൽ പത്താമതായി മാത്രമാണ് സാജൻ ഫിനിഷ് ചെയ്തതെങ്കിലും 3:58:51 എന്നത് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സമയമായിരുന്നു. 2016 റിയോ ഒളിമ്പിക്സിൽ  പങ്കെടുക്കുകയല്ല മെഡൽ നേടുക തന്നെയാണ് തന്റ്റെ ലക്ഷ്യമെന്ന് സാജൻ വെളിപ്പെടുത്തിയിരിക്കുന്നു.
          പി.ടി ഉഷയുടെ സഹതാരമായിരുന്ന ഷാന്റി മോളാണ് സാജന്റെ അമ്മയും കോച്ചും. തമിഴ്നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനിലെ ജീവനക്കാരിയായ ഷാന്റി മോളുടെ ശമ്പളം മുഴുവൻ സാജന്റെ പരിശീലനത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. ബംഗുളുരുവിലെ സസനഗുഡി അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനം നടത്തുന്ന സാജൻ റെയിൽ വേയുടെ താരമാണ്.

          ആറു ദിവസത്തെ ജോലിക്കു ശേഷം തന്നെ കാണാൻ ക്ഷീണമൊക്കെ മാറ്റി വച്ചു  ബംഗുളുരുവിലേയ്ക്കു തിരിക്കുന്ന..........
          ഇഷ്ട ഭക്ഷണം വച്ചു തരുന്ന..........
ഉപേക്ഷിച്ചു പോയ അച്ഛന്റെ വിടവറിയിക്കാത്ത......
ആശ്രയമില്ലാ‍ത്ത ബന്ധു ജനങ്ങളുടെ സ്നേഹം കൂടി വിളമ്പിത്തരുന്ന.........
ആഴ്ച്ച തോറും 800 കിലോമീറ്ററോളം യാത്ര ചെയ്ത് തന്നെ കെട്ടിപ്പിടിച്ചു യാത്ര തിരിക്കുന്ന.....
സാമ്പത്തിക പരാധീനതകൾക്കിടയിലും തനിക്കു പരിശീലനം മുടങ്ങാതിരിക്കാൻ ഭക്ഷണവും ഉറക്കവും മാറ്റിവച്ചു പാഞ്ഞു നടക്കുന്ന......


                   അമ്മയുടെ നാടിനു വേണ്ടി ഈ ഗ്രീൻഫീൽഡ് ഗെയിംസിൽ മത്സരിക്കാൻ സാജൻ തീരുമാനിച്ചതു നമ്മുടെ ഭാഗ്യം.

          സ്പോർട്സിനോടും മാതൃഭൂമിയോടും അമ്മയും മകനും കാട്ടുന്ന ആത്മസമർപ്പണത്തിന്റെ കഥ  ഷാന്റിയുടെ ജന്മനാടായ ഇടുക്കിയിലെ വാഴത്തോപ്പിൽ നിന്നും നെയ്‌വേലിയിലെ ലിഗ്നൈറ്റ് കോർപറേഷനിൽ നിന്നും ബംഗളുരുവിലെ സസനഗുഡി അക്വാട്ടിക് കോംപ്ലക്സിൽ നിന്നും കായിക ലോകം ആവേശത്തോടെ സ്വീകരിക്കുന്നു. മലയാളത്തിന്റെയും ഷാന്റി മോളുടെയും ഒളിമ്പിക് മെഡൽ മോഹം പൂവണിയാൻ നമുക്കു കാത്തിരിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ