I can't ever imagine more wonderful than sharing My life with You

തിങ്കളാഴ്‌ച, ഓഗസ്റ്റ് 18

സച്ചിൻ ടെണ്ടുൽകർ ഓഫ് ഇന്ത്യൻ വോളിബോൾ

സച്ചിൻ ടെണ്ടുൽകർ ഓഫ് ഇന്ത്യൻ വോളിബോൾ
                                        ഫിറോസ് തടിക്കാട്,9446706338


ഞ്ചപാണ്ടവന്മാരല്ല, അഞ്ചും അർജുനന്മാരും അർജുനത്തികളും തന്നെ. ടോം ജോസഫ് ( വോളിബോൾ), ടിന്റു ലൂക്ക( അത് ലറ്റിക്സ് ), ഗീതു അന്നാ ജോസ് ( ബാസ്കറ്റ് ബോൾ), സജി തോമസ് (തുഴച്ചിൽ ), വി. ദിജു (ബാഡ്മിന്റൺ) . ഇവർ അഞ്ചു പേരാണ് ഇത്തവണ (2014) അർജുന അവാർഡ് പട്ടികയിൽ ഇടം പിടിച്ച മലയാളികൾ . ക്രിക്കറ്റ് താരം കപിൽ ദേവ്  അധ്യക്ഷനായുള്ള അർജുന അവാർഡ് കമ്മിറ്റിയാണ്  അവാർഡിനുള്ള പ്രതിഭകളെ കണ്ടെത്തിയത്. 1961  മുതൽ നൽകിപ്പോരുന്ന 5,00,000 രൂപയും വെങ്കല പ്രതിമയുമടങ്ങുന്ന അർജുന അവാർഡ് മറ്റു പല അവാർഡുകളെയും പോലെ എപ്പോഴും ഇപ്പോഴും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഉത്തേജക മരുന്നു വിവാദത്തെ തുടർന്ന് കഴിഞ്ഞ തവണ രഞ്ജിത്ത് മഹേശ്വരിക്കുണ്ടായ ദുരനുഭവം ഇത്തവണയും അർജുന അവാർഡിനെ പിടിച്ച് കുലുക്കി. മാത്രമല്ല, അവാർഡ് പട്ടികയിൽ ദേശീയ കായിക വിനോദമായ ഹോക്കിയിൽ നിന്നും ഒരാൾ പോലും ഉൾപ്പെട്ടിട്ടില്ല എന്ന് കണ്ട് ഹോക്കി ഇന്ത്യയും പരാതിയുമായി രംഗത്തുണ്ട്. ഏതായാലും അവാർഡ് നിർണ്ണയത്തിൽ വീഴ്ച പറ്റി എന്ന് അധ്യക്ഷൻ കൂടി അഭിപ്രായം പ്രകടിപ്പിച്ച സ്ഥിതിയ്ക്ക് പുന:പരിശോധന നടക്കുകയാണ്.

          നോബൽ സമ്മാനത്തിനൊരു കളങ്കമുണ്ട്. അഞ്ച് തവണ നാമനിർദേശം ലഭിച്ചിട്ടും ലോകത്തിന്റെ സമാധാന പ്രവാചകന് പുരസ്കാരം നിരസിച്ചു എന്നുള്ളതാണ് ആ കളങ്കം . സമാനമായ കളങ്കമാണ് ഇത്തവണ അർജുന അവാർഡ് പ്രഖ്യാപനത്തിലൂടെ മായ്ക്കപ്പെട്ടത്. നാലും ആറുമല്ല ,പതിനാറു വർഷത്തെ കരിയറിൽ പത്തു തവണയാണ് ടോം ജോസഫ് അർജുന അവാർഡിനായി നാമ നിർദേശം നൽകപ്പെട്ടത്. ചരിത്രത്തിൽ ടോം ജോസഫിനെ മാത്രമാകും രണ്ട് ദശാബ്ദക്കാലം ഒരു അവാർഡ് കമ്മിറ്റി പുറത്തിരുത്തിയിട്ടുണ്ടാവുക. ഇപ്പോൾ അവാർഡ് പുനർനിർണ്ണയം കഴിയുമ്പോൾ പുറത്താകരുതേ എന്നാണ് മലയാളികളുടെ പ്രാർത്ഥന. കാരണം, കേരള വോളിബോൾ പ്രേമികളും ടോം ജോസഫും അവാർഡ് നിരാസത്തോട് അത്രയേറെ പൊരുത്തപ്പെട്ടു പോയിരിക്കുന്നു.

          ഇതിഹാസ താരം ജിമ്മി ജോർജ്ജിനു ശേഷം കേരളം ഇന്ത്യയ്ക്കു സംഭാവന ചെയ്ത താരമാണ് ടോം ജോസഫ്. സച്ചിൻ ടെണ്ടുൽകർ ഓഫ് ഇന്ത്യൻ വോളിബോൾ എന്നാണ് ഇന്ത്യൻ വോളിബോൾ പ്രേമികൾക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. 1995 ൽ സായ് സെലക്ഷൻ ലഭിച്ചതു മുതൽ ടോം ഇന്ത്യയുടെ വോളിബോൾ സ്വപ്നങ്ങളിൽ സാന്നിധ്യമാകുന്നുണ്ട്.
                   1986 ൽ സിയോൾ ഗെയിംസിൽ  വെങ്കല മെഡൽ നേടിയതൊഴിച്ചാൽ എടുത്തു പറയാനില്ലാത്ത ഇന്ത്യൻ വോളിബോളിനെ ചലനാത്മകമാക്കിയതിൽ ടോമിന്റെ റോക്കറ്റ് സ്മാഷുകളായിരുന്നു. 1999,2004,2006 എന്നീ വർഷങ്ങളിൽ  ഇന്ത്യ സാഫ് ഗെയിംസ് ചാമ്പ്യന്മാരായത് ടോമിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. 2001,2011,2012 വർഷങ്ങളിൽ കേരളത്തെ ദേശീയ വോളിബോൾ ചമ്പ്യന്മാരാക്കിയതും ടോമിന്റെ കരുത്തും ബുദ്ധിയുമായിരുന്നു. 2011 ൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും ടോം തന്നെയായിരുന്നു.
                  
                   1999 ലെ സാഫ് ഗെയിംസിന്റെ ഫൈനലിൽ ചിര വൈരികളായ പാകിസ്താനെ നിഷ്പ്രഭമാക്കിയതു മുതൽ ശബ്ദം കൊണ്ടും തടുക്കാനാകാത്ത ആക്രമണം കൊണ്ടും എതിരാളികളെ മാനസികമായും ശാരീരികമായും തളർത്തുന്ന ടോമിന്റെ വൈഭവം നാം പലകുറി കണ്ടതാണ്. 2000 ൽ ദുബായിൽ വച്ചു നടന്ന റഷീദ് മെമ്മോറിയൽ ഇന്റർനാഷണാൽ വോളിബോൾ ടൂർണമെന്റിൽ ദേശീയ സീനിയർ ടീമിനു വേണ്ടി ക്യാപ്റ്റന്റെ ജേഴ്സി അണിഞ്ഞ ഈ കോഴിക്കോട് കാവിലുമ്പാറക്കാരൻ സ്വർണ്ണ മെഡൽ ജേതാക്കളോടൊപ്പമായിരുന്നു മടങ്ങിയത്. കൊച്ചി ബി പി സി എൽ ജീവനക്കാരനായ ഈ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ മിടുക്കിലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക് യോഗ്യതാ റൌണ്ടിൽ കളിക്കുന്നത്. ജർമനിയിൽ 2012 ൽ നടന്ന ഈ ടൂർണമെന്റിൽ  ഇന്ത്യ പരാജയമായെങ്കിലും ടോം ജോസഫ്  വിജയമായിരുന്നെന്ന് വിദേശ കോച്ചുകൾ വിലയിരുത്തി.
          സായ് പരിശീലകൻ പി.എ. ജോസഫും ദേശീയ ശിക്ഷകൻ ശ്രീധരനുമാണ് ടോമിനെ പാകപ്പെടുത്തിയെടുത്തത്. നൽകാതിരിക്കാൻ കമ്മിറ്റിയും ചരിത്രവും  മത്സരിച്ചെങ്കിലും നിഷേധം ശീലമാക്കിയ അവാർഡിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടി വന്നു. എത്ര അമർത്തി ചവിട്ടിയാലും പ്രതിഭ ഉയർന്നു വരുമെന്നും ചരിത്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുമെന്നും കളിക്ക് പുറത്ത് വിനയവും കളിക്കകത്ത് വീറും നിറയ്ക്കുന്ന ടോം നമ്മെ ഓർമ്മപ്പെടുത്തുന്നു.