സച്ചിൻ ടെണ്ടുൽകർ ഓഫ് ഇന്ത്യൻ വോളിബോൾ
ഫിറോസ് തടിക്കാട്,9446706338
നോബൽ സമ്മാനത്തിനൊരു കളങ്കമുണ്ട്. അഞ്ച് തവണ നാമനിർദേശം ലഭിച്ചിട്ടും ലോകത്തിന്റെ സമാധാന പ്രവാചകന് പുരസ്കാരം നിരസിച്ചു എന്നുള്ളതാണ് ആ കളങ്കം . സമാനമായ കളങ്കമാണ് ഇത്തവണ അർജുന അവാർഡ് പ്രഖ്യാപനത്തിലൂടെ മായ്ക്കപ്പെട്ടത്. നാലും ആറുമല്ല ,പതിനാറു വർഷത്തെ കരിയറിൽ പത്തു തവണയാണ് ടോം ജോസഫ് അർജുന അവാർഡിനായി നാമ നിർദേശം നൽകപ്പെട്ടത്. ചരിത്രത്തിൽ ടോം ജോസഫിനെ മാത്രമാകും രണ്ട് ദശാബ്ദക്കാലം ഒരു അവാർഡ് കമ്മിറ്റി പുറത്തിരുത്തിയിട്ടുണ്ടാവുക. ഇപ്പോൾ അവാർഡ് പുനർനിർണ്ണയം കഴിയുമ്പോൾ പുറത്താകരുതേ എന്നാണ് മലയാളികളുടെ പ്രാർത്ഥന. കാരണം, കേരള വോളിബോൾ പ്രേമികളും ടോം ജോസഫും അവാർഡ് നിരാസത്തോട് അത്രയേറെ പൊരുത്തപ്പെട്ടു പോയിരിക്കുന്നു.
ഇതിഹാസ താരം ജിമ്മി ജോർജ്ജിനു ശേഷം കേരളം ഇന്ത്യയ്ക്കു സംഭാവന ചെയ്ത താരമാണ് ടോം ജോസഫ്. സച്ചിൻ ടെണ്ടുൽകർ ഓഫ് ഇന്ത്യൻ വോളിബോൾ എന്നാണ് ഇന്ത്യൻ വോളിബോൾ പ്രേമികൾക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. 1995 ൽ സായ് സെലക്ഷൻ ലഭിച്ചതു മുതൽ ടോം ഇന്ത്യയുടെ വോളിബോൾ സ്വപ്നങ്ങളിൽ സാന്നിധ്യമാകുന്നുണ്ട്.
1999 ലെ സാഫ് ഗെയിംസിന്റെ ഫൈനലിൽ ചിര വൈരികളായ പാകിസ്താനെ നിഷ്പ്രഭമാക്കിയതു മുതൽ ശബ്ദം കൊണ്ടും തടുക്കാനാകാത്ത ആക്രമണം കൊണ്ടും എതിരാളികളെ മാനസികമായും ശാരീരികമായും തളർത്തുന്ന ടോമിന്റെ വൈഭവം നാം പലകുറി കണ്ടതാണ്. 2000 ൽ ദുബായിൽ വച്ചു നടന്ന റഷീദ് മെമ്മോറിയൽ ഇന്റർനാഷണാൽ വോളിബോൾ ടൂർണമെന്റിൽ ദേശീയ സീനിയർ ടീമിനു വേണ്ടി ക്യാപ്റ്റന്റെ ജേഴ്സി അണിഞ്ഞ ഈ കോഴിക്കോട് കാവിലുമ്പാറക്കാരൻ സ്വർണ്ണ മെഡൽ ജേതാക്കളോടൊപ്പമായിരുന്നു മടങ്ങിയത്. കൊച്ചി ബി പി സി എൽ ജീവനക്കാരനായ ഈ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ മിടുക്കിലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക് യോഗ്യതാ റൌണ്ടിൽ കളിക്കുന്നത്. ജർമനിയിൽ 2012 ൽ നടന്ന ഈ ടൂർണമെന്റിൽ ഇന്ത്യ പരാജയമായെങ്കിലും ടോം ജോസഫ് വിജയമായിരുന്നെന്ന് വിദേശ കോച്ചുകൾ വിലയിരുത്തി.
സായ് പരിശീലകൻ പി.എ. ജോസഫും ദേശീയ ശിക്ഷകൻ ശ്രീധരനുമാണ് ടോമിനെ പാകപ്പെടുത്തിയെടുത്തത്. നൽകാതിരിക്കാൻ കമ്മിറ്റിയും ചരിത്രവും മത്സരിച്ചെങ്കിലും നിഷേധം ശീലമാക്കിയ അവാർഡിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടി വന്നു. എത്ര അമർത്തി ചവിട്ടിയാലും പ്രതിഭ ഉയർന്നു വരുമെന്നും ചരിത്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുമെന്നും കളിക്ക് പുറത്ത് വിനയവും കളിക്കകത്ത് വീറും നിറയ്ക്കുന്ന ടോം നമ്മെ ഓർമ്മപ്പെടുത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ