I can't ever imagine more wonderful than sharing My life with You

തിങ്കളാഴ്‌ച, സെപ്റ്റംബർ 22

അരൂപി

   അരൂപി


ന്റെ കൃഷ്ണ ശിലമേൽ പോറലുകൾ
ഉരച്ചത് നിന്റെ കൈകൾ.

എന്റെ തിരുമുറിവുകളടഞ്ഞു
മറച്ചതു നിന്റെ കറുപ്പട്ടകൾ.

എന്റെ ബോധിവൃക്ഷം മൂടറ്റു
ചവിട്ടേറ്റതു നിന്റെ പാദങ്ങളാൽ.

എന്റെ മാന്ത്രിക വടികൾ നിരത്ഭുതമായി
പതിച്ചതു നിന്റെ സ്വസ്തിക ചിഹ്നത്താൽ.

എന്റെ മിനാരങ്ങൾ നിലം പൊത്തി
അടർന്നതു നിന്റെ ശൂല ദംഷ്ട്രകളാൽ.

എന്റെ രക്തസാക്ഷിക്കഴുമരങ്ങൾ ചോരച്ചു
നനഞ്ഞതു നിന്റെ കീശത്തടിപ്പാൽ.

എന്റെ ശാന്തമുദാരമടിവാരങ്ങൾ പിളർന്നു
മിന്നൽ നിന്റെ താരകച്ചുവപ്പാൽ.

എന്റെ ജനിതകപ്പൂക്കൾ കൊഴിഞ്ഞു
വാടിയത് നിന്റെ വംശഗർജ്ജനത്താൽ.

എന്റെ ജീവന്റെ തൊട്ടിൽ,
പ്രണയത്തിരത്തോഴിമാർ,
അസുഖ സഹ പ്പിറാവുകൾ
അരിഞ്ഞെത്ര വീഴ്ത്തി നീ
നിന്റെ കവച കുണ്ഡലങ്ങളാൽ.

അരൂപീ നീ
വിരൂപങ്ങളാക്കുന്നു
എന്റെ രൂപാന്തരങ്ങളെ.
                          ഫിറോസ്‌ തടിക്കാട്  ,9446706338

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19

ബാഡ്മിന്റണിൽ ഒരു മലയാളി വസന്തം



ബാഡ്മിന്റണിൽ ഒരു മലയാളി വസന്തം     
                                                                   ഫിറോസ് തടിക്കാട് - 9446706338
പാലോംബാങിൽ നടന്ന ഇന്തോനേഷ്യൻ  മാസ്റ്റേഴ്സ്  ഗ്രാന്റ് പ്രീ ഗോൾഡ് ബാഡ്മിന്റൺ കപ്പ് -2014  ഇന്ത്യയുടെ മലയാളി താരം എച്ച്. എസ് . പ്രണോയ് നേടി. സൈന നെഹ്വാളിനും ( ഇന്ത്യൻ ഗ്രാന്റ് പ്രീ ഗോൾഡ്  കപ്പ് -2014) അരവിന്ദ് ഭട്ടിനും (ജർമ്മൻ ഗ്രാന്റ് പ്രീ ഗോൾഡ്  കപ്പ് - 2014) ശേഷം ഒരു ക്ലാസിക്  ഗ്രാന്റ് പ്രീ ഗോൾഡ്  കപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി പ്രണോയ് മാറി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് 22 കാരനായ ഈ തിരുവനന്തപുരം ആനയറ സ്വദേശി ഗ്രാന്റ് പ്രീ ഫൈനൽ കളിക്കുന്നത്.  കഴിഞ്ഞ വിയറ്റ്നാം ഗ്രാന്റ് പ്രീ ടൂർണമെന്റിന്റെ ഫൈനലിൽ തായ് ലന്റിന്റെ പിസിത്  പുഡ്ചലതിനോട് പരാജയപ്പെട്ട പ്രണോയ് വർദ്ധിത വീര്യത്തോടെയാണ് ഇന്തോനേഷ്യയിൽ എത്തിയത്.

ഇന്തോനേഷ്യൻ  മാസ്റ്റേഴ്സ്  ഗ്രാന്റ് പ്രീ- വിജയ വഴി
ക്വാർട്ടർ
          37 മിനിറ്റ് നീണ്ട മത്സരത്തിൽ മലേഷ്യയുടെ റിയനാഡോ സുബാങ്ജ യെ 21-13,21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി.
സെമി ഫൈനൽ
          പ്രണോയ് യുടെ സഹതാരവും മലയാളിയുമായ സായ് പ്രണിതിനെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയ മലേഷ്യയുടെ തന്നെ ഡാരൻ ലിയു വിനെ 21-14, 14-21,21-14 എന്ന സ്കോറിന് തകർത്തു.
ഫൈനൽ
          ഇന്തോനേഷ്യൻ താരം ഫിർമാൻ അബ്ദുള്ള ഖോലിക്കിനെ 21-11,21-20 എന്ന സ്കോറിന്  വിജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ കീഴടക്കി.

 അങ്ങനെ 1,25000 അമേരിക്കൻ ഡോളർ സമ്മനത്തുകയുള്ള ( 76 ലക്ഷം ഇന്ത്യൻ രൂപ) ഇന്തോനേഷ്യൻ ഗ്രാന്റ് പ്രീ ഒരു വിദേശി നേടുന്നത് ആദ്യമായാണ്  , എന്നു മാത്രമല്ല ഫൈനൽ പോലും കളിക്കുന്നത് ആദ്യമായാണ്.
          2010 ൽ സിംഗപ്പൂരിൽ വച്ചു നടന്ന യൂത്ത് സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതും വേൾഡ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയതുമായിരുന്നു പ്രണോയ് യുടെ കിരീട നേട്ടങ്ങൾ.
          2010 ലെ യൂത്ത് സമ്മർ ഒളിമ്പിക്സ് സെമിയിൽ ഒന്നാം സീഡ് കൊറിയയുടെ ജീവ് കാങിനെ അട്ടിമറിച്ച് പ്രണോയ് വരവറിയിച്ചിരുന്നു.
2013 ലെ ഇന്ത്യൻ ഗ്രാന്റ് പ്രീ ടൂർണമെന്റിൽ  ഒന്നാം നമ്പർ ഇന്തോനേഷ്യയുടെ തൌഫീക്ക് ഹിദായത്തിനെ കാർട്ടർ ഫൈനലിൽ 26-24,21-9 എന്ന് സ്കോറിന് പരാജയപ്പെടുത്തി. അതും തൌഫീക്ക് ഹിദായത്ത് പ്രണോയ് യുടെ ഐഡൾ ആയിരുന്നു.ഇപ്പോൾ ലോക റാങ്കിങ്ങിൽ 50- ആം സ്ഥാനത്തുള്ള പ്രണോയ് 34-ആം സ്ഥാനം വരെ ഉയർന്നിരുന്നു. ദേശീയ പരിശീലകൻ ഗോപി ചന്ദിനു കീഴിൽ പ്രണോയ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഗോപി ചന്ദ് പക്ഷാഭേദം കാട്ടുന്നു എന്ന് മുതിർന്ന താരങ്ങളിൽ നിന്നു പോലും ആക്ഷേപം നേരിടുമ്പോൾ കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രണോയ് കരസ്ഥമാക്കിയ നേട്ടം ഗോപിചന്ദിന് ആശ്വാസം പകരുന്നതാണ്.
                   ദേശിയ തലത്തിൽ തന്നെ ബാഡ്മിന്റൺ മേഖലയിൽ വസന്തം വിടരുമ്പോൾ കായിക കേരളത്തിന് നിശ്ശബ്ദമാകാൻ കഴിയില്ലല്ലോ. പ്രണോയ് മാത്രമല്ല , പി.വി .തുളസിയും സായ് പ്രണീതും രാജ്യാന്തര ബാഡ്മിന്റൺ വേദിയിലേക്കുയർന്നിരിക്കുന്നു. വരും കാലങ്ങളിൽ ഒരു പക്ഷേ, ക്രിക്കറ്റിന്റെ സ്ഥാനം ഇന്ത്യയിൽ ബാഡ്മിന്റൺ കൈയടക്കിയേക്കും.