I can't ever imagine more wonderful than sharing My life with You

വെള്ളിയാഴ്‌ച, ഏപ്രിൽ 24

കൊല്ലാത്ത ഓർമ്മകൾ

കൊല്ലാത്ത ഓർമ്മകൾ
* * * * * * * * * * * * * * *
     നോമ്പ് കാലത്തേക്കുറിച്ചോർക്കുമ്പോൾ ഏറ്റവും ആദ്യമെത്തുന്നത് നീരിറക്കാതെ മാമ്പഴം ചവച്ചു തുപ്പിയ നാലാം ക്ലാസിലാണ് . പിന്നീട് രസ്ന പാക്കറ്റ് കൊണ്ട് നോമ്പുകാലം മുറിക്കുന്ന വീടോർമകളാണ്. തടിക്കാട് പള്ളിയിൽ നോമ്പ് തുറയ്ക്ക് കൂടുമ്പോൾ ചായയും ഈന്തപ്പഴവുമായി പത്തിരുപത് പേർ മാത്രമുള്ള പള്ളിമുറ്റം. അവലിനും പഴത്തിനും പന്ത്രണ്ട് മണി വരെ കാത്തിരിക്കുന്ന പതിനേഴാം രാവ്.
     അത് വളർന്ന് ആയിരം പേരോളമുള്ള , കഴിച്ചാൽ തീരാത്ത വിഭവങ്ങളുള്ള എസ്റ്റാബ്ലിഷ്ട് നോമ്പ് തുറയായി തടിക്കാട്  പള്ളി വളർന്നിട്ടാണ് ജോലി സൗകര്യം നോക്കി അഞ്ചൽ പട്ടണത്തിലേക്ക് പകൽ അറുതിയോളം താമസം മാറ്റിയത്. ട്യൂഷൻ സെൻററിനോട് ചേർന്നുള്ള അഞ്ചൽ വലിയ പള്ളിയിലെ നോമ്പ് തുറ, അഞ്ചൽ മുക്കടപ്പള്ളിയിലെ തറാവീഹും ബിരിയാണിപ്പൊതിയും . പൊതിയുള്ള ദിവസം വിളിച്ചറിയിക്കാൻ കുട്ടികളുടെ സൗഹൃദവലയം. ക്ലബിൽ കൂട്ടുകാരുടെ പരിശ്രമത്തിൽ നോമ്പ് തുറക്കാലം. വിഭവങ്ങൾ കുറവായാൽ അതിന് കൂടാതെ പള്ളിയിൽ പോകുന്ന കൂട്ടുകാരുമുണ്ടായിരുന്നു. നോമ്പ് കാലത്ത് ഹോം ട്യൂഷനുകൾ മുഴുവൻ താറുമാറാകും. രാവിലെ അഞ്ച് മണിക്ക് വിളിച്ചുണർത്തി പഠിപ്പിച്ചിട്ടുണ്ട്. നോമ്പാണെന്ന് മനസിലാക്കി നോമ്പ് തുറയ്ക്ക് ഭക്ഷണം തയ്യാറാക്കിത്തന്ന അമുസ്ലിങ്ങളായ ട്യൂഷൻ വീട്ടുകാർ. കെ എസ് ആർ ടി സി യിൽ ആയിരുന്നപ്പോൾ കണ്ടക്ടർ സീറ്റിനടിയിൽ കരുതിയ വെള്ളത്തിൽ മുറിച്ച നോമ്പുകൾ.
ബീവറേജസിൽ നിന്ന് ഒരു മാസം ലീവെടുത്താണ് നോമ്പെടുത്തത്. വില്ലേജ് ഓഫീസിലായിരുന്നപ്പോൾ പുനലൂർ താലൂക്ക് ഓഫീസിൽ സ്റ്റാഫുകളുടെ നേതൃത്വത്തിൽ മെഗാ നോമ്പ് തുറ.  പിന്നീട് അധ്യാപകനായി തൃശൂരിലെത്തുമ്പോൾ ആദ്യ മൂന്ന് വർഷം ചെട്ടിയങ്ങാടി പള്ളിയിൽ നിന്ന് നോമ്പ് തുറ , മിൽമ ഹോട്ടലിൽ നിന്ന് പൊറോട്ടയും ഓംലെറ്റും. വല്ലപ്പോഴും ഹോട്ടൽ അലങ്കാറിൽ നിന്നും പൊറോട്ടയും ബീഫും ഇടയത്താഴ റിസർവേഷൻ. ( ബീഫ് ബിരിയാണിയോട് ഇഷ്ടം തോന്നിയതിന് അലങ്കാറിനോടാണ് കടപ്പാട് ) . രാത്രി 2 മണിക്ക് ലോഡ്ജിൽ നിന്ന് ഉണർന്നെഴുന്നേറ്റ് കെ എസ് ആർ ടി സി സ്റ്റാന്റിൽ പോയി ഏത്തപ്പഴവും ചായയുമായി ഇടയത്താഴം. മറ്റ് ചിലപ്പോൾ വിശക്കാതിരിക്കാൻ  രാത്രി 11 മണിക്ക് ഹീറോ ഹോട്ടലിൽ നിന്ന് ഡബിൾ ഓംലെറ്റും ചായയും. ചെട്ടിയങ്ങാടി ഇമാമിനെ പരിചയപ്പെടുന്നതും ഒരു നോമ്പ് കാലത്താണ് .
ഭാര്യ കൂടി തൃശൂരിലെത്തിയപ്പോൾ നോമ്പ് തുറ സുഹൃത്തുമൊത്ത് ഒളരി പളളിയിലേക്ക് മാറ്റി. അവിടെ കട്ടൻ ചായയും നെയ്ച്ചോറുമായി നോമ്പുതുറ . തറാവീഹിന് ചെട്ടിയങ്ങാടി പളളിയിൽ നിന്ന് ചുക്ക് കാപ്പിയും പഴവും അയ്യന്തോളിൽ നിന്ന് പൊറോട്ടയും മുടക്കറിയും ,ചിലപ്പോൾ പടിഞ്ഞാറേകോട്ടയിൽ നിന്ന് ചപ്പാത്തിയും കൊള്ളിക്കറിയും. തൃശൂർ ഗവ മോഡൽ ഗേൾസിലെ അധ്യാപകർ ,സ്കുളിലെ വിവിധ പരിപാടികൾക്ക് വിതരണം ചെയ്യുന്ന മധുര പലഹാരങ്ങൾ  നോമ്പ് തുറന്നതിന് ശേഷം കഴിക്കാൻ കരുതലോടെ എന്റെ മേശപ്പുറത്തും ബാഗിലുമായി വച്ചിരുന്നു. നോമ്പുകാലത്ത് ചോറ് തിന്നാൻ കൊതിച്ച് രാത്രി തൃശൂർ നഗരത്തിലെ ഹോട്ടലുകൾ മുഴുവൻ കയറിയിറങ്ങിയിരുന്നു. ഇപ്പോൾ കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തിയിരിക്കുന്നു. അ പഴയ രസ്നക്കാലത്തെ ഓർമ്മകളിലേയ്ക്ക് . എന്തൊരു തിരിച്ചു പോക്കാണ് ചരിത്രത്തിന് .
ഇവിടിരുന്നങ്ങനെ ഓർത്തെടുക്കുമ്പോൾ പഠനത്തിരക്കിൽ നിന്ന് ജോലിത്തിരക്കിലേയ്ക്ക് , ചെറിയ വരുമാനത്തിൽ നിന്ന് വലിയ വരുമാനത്തിലേയ്ക്ക് ചെറിയ ബാധ്യതകളിൽ നിന്ന് വലിയ ബാധ്യതകളിലേയ്ക്ക് എന്നുള്ള ആരോഹണം മാത്രമല്ല , ആന്ദോളനം കൂടിയുണ്ട് ചരിത്രത്തിന് മഹാമാരി കൂട്ടിലടയ്ക്കുമ്പൊഴും...

"ഓർമ്മകൾ തന്ന ദൈവത്തിന് സർവ്വ സ്തുതിയും "
       

വ്യാഴാഴ്‌ച, ഏപ്രിൽ 23

avihitham അവിഹിതം


അവിഹിതം



ഇന്നലെ

കമ്പ്യൂട്ടറിനു മുന്‍പില്‍

ഞാനിരുന്നപ്പോള്‍

സിപിയുവില്‍ നിന്നൊരു ബഹളം

ഞാനൊന്നു ശ്രദ്ധിച്ചു.



വൈറസും ആന്റി വൈറസും

ഇണ ചേര്‍ന്ന്‌ പെറ്റു പെരുകുന്നു,

നില്‍ക്കാന്‍ ശേഷി കിട്ടിയവര്‍

സി പിയു വിന്റെ ഫാനിനു നേരെയുള്ള

വിടവിലൂടെ പുറത്ത്‌ ചാടുന്നു.



ആയുധങ്ങളുമായി അവർ

എന്റെ മേശപ്പുറത്ത്

വരിവരിയായി നിരന്നു.







ഞാന്‍ ശ്രദ്ധിക്കുന്നുവെന്നു മനസ്സിലാക്കിയ

സേനാനായകന്‍

ട്രോജന്‍ ഹോഴ്‌സിന്റെയും

അവേരയുടെയും അവിഹിത സന്തതി



ഫയർവാളും കുക്കീസും ചാടിക്കിടന്ന

അഹങ്കാരത്തോടെ എന്നോട്‌ ചോദിച്ചു.

ഈ ചാള്‍സ്‌ ബാബേജിനെ

ഒന്നു കാണാന്‍ പറ്റുമോ



ഞെട്ടി വിറച്ച ഞാന്‍

കമ്പ്യൂട്ടർ ഓഫ്‌ ചെയ്ത്‌

പേടിയെ പേടി കൊണ്ട്‌ മാറ്റാന്‍

സ്വപ്നം  കാണുന്ന യന്ത്രത്തില്‍

ഒരു ഹൊറർ  ചിത്രമിട്ടു കിടന്നുറങ്ങി.

                [ ഫിറോസ് തടിക്കാട് ]