I can't ever imagine more wonderful than sharing My life with You

വ്യാഴാഴ്‌ച, നവംബർ 29

വിജയത്തിനു പിന്നിൽ


വിജയത്തിനു പിന്നിൽ
                   വിജയം എന്നത് ഏത് ദു:ഖത്തിനിടയിലും മനുഷ്യനെ അല്പമെങ്കിലും സന്തോഷിപ്പിക്കുന്നുണ്ട്. വിജയിക്കുവാൻ ആഗ്രഹിക്കാത്തതായി അരെങ്കിലും ഉള്ളതായി കരുതേണ്ടതില്ല. വിജയത്തിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചിന്തകൾ വിജയത്തിന് കുറുക്കുവഴികളില്ല, പരിശ്രമമൊന്നുകൊണ്ടു മാത്രമേ വിജയപീഠത്തിൽ കയറാൻ കഴിയൂ എന്ന അവസ്ഥയിലാണ് കൊണ്ടെത്തിച്ചത്. ഏതൊരു വിജയത്തിനും പിന്നിൽ കുറുക്കു വഴികളില്ലാത്ത , വിജയം വരെ പൊരുതാനുള്ള ക്ഷമയും താത്പര്യവും നിലനിർത്താനുതകുന്ന ചില എളുപ്പവഴികളുണ്ട്. വിജയത്തിലേക്കുള്ള യാത്രയെ നാലു ഘട്ടങ്ങളായി തിരിക്കാം.

1)               ആഗ്രഹിക്കുക

     നാമെന്തു നേടുന്നതിനാണോ വിജയം എന്നു പറയാൻ താത്പര്യപ്പെടുന്നത് ആ വസ്തു ലഭിക്കാൻ അമിതമായി ആഗ്രഹിക്കുക. അമിതവും വസ്തുനിഷ്ഠവുമായ ആ ആഗ്രഹം ദുരാഗ്രഹങ്ങളാൽ സമ്പന്നമോ പരോപദ്രവം നിറഞ്ഞതോ ദൈവത്തിന് അഹിതമോ ആകാൻ പാടില്ല. ആഗ്രഹത്തിന്റെ ശക്തിയനുസരിച്ചാണ് വിജയത്തിലേയ്ക്കുള്ളാ യാത്ര ആവശ്യമായി മാറ്റപ്പെടുന്നത്. ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ എ പി ജെ അബ്ദുൽ കലാം പറഞ്ഞതു പോലെ പറക്കാനുള്ള യാതൊരു സാ‍ദ്ധ്യതകളുമില്ലാത്തതും പറക്കുന്നതിന് തടസമായ രൂപമുള്ളതുമായ വണ്ട് എന്തുകൊണ്ടാണ് പറക്കുന്നത്. പറക്കണമെന്നുള്ള വണ്ടിന്റെ അതിയായ ആഗ്രഹമാണ്. വണ്ട് നൽകുന്ന പാഠവുമതാണ്.

2  സ്വപ്നം കാണുക

     ഗ്രഹിച്ചു കഴിഞ്ഞാൽ അടുത്ത പടി സ്വപ്നം കാണുക തന്നെയാ‍ണ്. സ്വപ്നം നമ്മുടെ ആഗ്രഹത്തെ പ്രത്യക്ഷവത്കരിക്കും. ഒരു മന:ശാസ്ത്രപരമായ കാഴ്ചപ്പാട് തന്നെയാണ് ഇതിനു പിന്നിലും. നമ്മുടെ അമിതമായ താല്പര്യങ്ങൾ സ്വപ്നങ്ങളായി പരിണമിച്ചേയ്ക്കും. മാത്രമല്ല, അവ സ്വപ്നം കാണണമെന്ന് ആഗ്രഹിക്കുക കൂടി ചെയ്യണം. വിജയ പീഠത്തിൽ പരിപൂർണ സന്തോഷവാനായി നിൽക്കുന്നതും അനുമോദനങ്ങളും ആശംസകളും കൊണ്ട് നാം വീർപ്പുമുട്ടി നിൽക്കുന്നതും വർണ്ണാങ്കിതമായി നാം കാണുമ്പോൾ മുൻപ് പറഞ്ഞ അതേ ആഗ്രഹം നമ്മെ വിജയത്തിലേയ്ക്കുള്ള കഠിനമായ പരിശ്രമത്തിന് മാനസികമായി തയാറാകും.

3) പരിശ്രമിക്കുക

     വിജയത്തിന് കുറുക്കുവഴികളില്ലെന്ന് പറയുന്നത് പരിശ്രമത്തിന്റെ പ്രാധാന്യത്താലണ്. വിജയം 90% വും പരിശ്രമത്തിനു പിന്നിലാണ്. ഇവിടെ വിജയ മാർഗത്തിൽ പ്രത്യക്ഷപ്പെടുന്ന താത്കാലിക പ്രതിഭാസങ്ങളായ പരാജയങ്ങൾ വഴി മുടക്കികളായേക്കാം. നാം ലക്ഷ്യമാക്കിയ വിജയത്തിനായി എന്ത് വിട്ടുവീഴ്ചകൾക്കും തയാറാകണം. ലക്ഷ്യത്തിൽ നിന്നും ഒരു വിട്ടു വീഴ്ചകൾക്കും തയാറാകുകയുമരുത്. വീഴ്ചകളെ അനുഭവങ്ങളായി മാത്രം കണ്ട് മുന്നേറണം. പരാജയങ്ങളുടെ ആക്കം കുറച്ചെടുത്ത് വിജയത്തിന്റെ മാന്ത്രികതയിലേയ്ക്ക് പറന്നടുക്കണം. എബ്രഹാം ലിങ്കണെ നമ്മൾ അനുസ്മരിക്കേണ്ടതിവിടെയാണ്. മഹാന്മാരുടെ പരിശ്രമങ്ങൾ നമുക്ക് ശുഭാപ്തി വിശ്വാസവും ആത്മബലവും നൽകും.

4) പ്രാർത്ഥിക്കുക
    
     പ്രാർത്ഥനയെ നിരീശ്വരവാദികൾ തള്ളിക്കളഞ്ഞേക്കുമെങ്കിലും നമുക്കാശ്രയം ദൈവം തന്നെയാണ്. ഇതെന്റെ വിധിയാണെന്ന് പറഞ്ഞ് കഴിഞ്ഞു കൂടുന്നവർക്ക് ഒരിക്കലും വിജയത്തിന്റെ മാധുര്യം അനുഭവിക്കാൻ കഴിയില്ല. വിധിയെ കവച്ചു കടക്കാൻ ദൈവത്തിന്റെ സഹായം വേണം. അമാനുഷികമായ തിരിച്ചടികളിൽ നിന്നും നമ്മുടെ പരിശ്രമം കൊണ്ട് മാത്രം മറികടക്കാൻ കഴിയും. അവിടെ നമുക്ക് മുൻകൂറായി നേടാൻ കഴിയുന്ന ജാമ്യം പ്രാർത്ഥന മാത്രമാണ്. തങ്ങളുടെ പ്രാർത്ഥനകളൊന്നും ദൈവം കേൾക്കുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്.

              ചക്രവർത്തി ഔറംഗസീബിന്റെ കാലത്ത് ഒരു ദിവസം പ്രാർത്ഥനയ്ക്കായി അദ്ദേഹം ഒരു പള്ളിയിലെത്തി. പള്ളിയുടെ മുൻപിൽ ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹം തനിക്ക് കാഴ്ചശക്തി നൽകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. കൂടാതെ തന്റെ മുമ്പിൽ വിരിച്ച തുണിയിൽ ആളുകൾ ഭിക്ഷ നൽകുന്നുമുണ്ട്. ചക്രവർത്തി അന്ധനെ സമീപിച്ച് ചോദിച്ചു.
 “ താൻ എത്ര നാളായി ഇങ്ങനെ പ്രാർത്ഥിക്കുന്നു”.
              40 കൊല്ലമായി .
” ഇതുവരെ തനിക്ക് കാഴ്ച ശക്തി ലഭിച്ചില്ലേ”.
              ഇല്ല.
“ഞാൻ ഈപള്ളിയിൽ കയറി 5 മിനിറ്റ് പ്രാർത്ഥിച്ചതിനു ശേഷം തിരികേ വരുമ്പോൾ തനിക്ക് കാഴ്ച ശക്തി ലഭിച്ചിരിക്കണം. ഇല്ലെങ്കിൽ തന്റെ തല ഞാനെടുക്കും” .
     ക്രവർത്തി പള്ളിയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ച്. തിരികേ വന്നപ്പോൾ അന്ധനു കാഴ്ച ശക്തി ലഭിച്ചിരുന്നു. 40 വർഷമായി പ്രാർത്ഥിച്ചിട്ട് ലഭിക്കാത്തത് വെറും 5 മിനിറ്റിന്റെ പ്രാർത്ഥന കൊണ്ട് ലഭിച്ചെങ്കിൽ അതിനു പിന്നിൽ നിന്ന് എന്തർത്ഥമാണ് ലഭിക്കുക.           അതു വരെയുള്ള അയാളുടെ പ്രാർത്ഥന ഭിക്ഷ ലഭിക്കാൻ മാത്രമുള്ളതായിരുന്നു. എന്നാൽ ജീവൻ അപകടത്തിലാ‍യ നിമിഷം അയാളുടെ പ്രർത്ഥന യഥാർത്ഥ ലക്ഷ്യത്തിലേയ്ക്കായി. നമ്മുടേയും പ്രാർത്ഥനകൾ ആത്മാർത്ഥത നിറഞ്ഞതാണെങ്കിൽ വിധിയെ മറികടന്ന് നമുക്ക് ദൈവാധീനത്തോടെ വിജയപീഠത്തിലിരിക്കാം.

                   എന്താ, തയാറാണോ? ശരി. എങ്കിൽ ഇനി നിങ്ങളുടെ വിജയത്തിലേയ്ക്കുള്ള ലക്ഷ്യങ്ങളിൽ , രീക്ഷിച്ചറിഞ്ഞ ഈ തത്വങ്ങൾ കൂടി സൂക്ഷിക്കുക. വിജയശ്രീലാളിതരായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ.          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ