കഥേതരമായ
ആഖ്യാനങ്ങള്‍
ആനന്ദിന്റെ നോവലുകളെയും ജോണ്‍ എബ്രഹാമിന്റെ ചലച്ചിത്രങ്ങളെയും ആസ്പദമാക്കി ഒരു
അന്വേഷണം
നോവലും
ചലച്ചിത്രവും നിയതമായ നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത വിധം സങ്കീർണ്ണമായ കലാരൂപങ്ങളാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും
അനുഭൂതികളും ചിന്തകളും വികാരങ്ങളുമെല്ലാം ഉൾക്കൊള്ളാൻ പറ്റിയ ചട്ടക്കൂടാണ് നോവലിനും
ചലച്ചിത്രത്തിനുമുള്ളത്. സമ്പൂര്‍ണ്ണമായ കഥാവതരണമായതിനാല്‍ ഏറെ ജനകീയ സ്വഭാവം കലാരൂപങ്ങള്‍ക്ക്
കൈവന്നിട്ടുണ്ട്. കഥാവതരണം എന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ദാര്‍ശനികമായി
കലാരൂപങ്ങളെ കാണാന്‍ കലാകാരന്‍മാര്‍ ശ്രമിച്ചത് കഥേതരാഖ്യാനത്തിന് വഴി തെളിച്ചു. നോവലിസ്റ്റ് ആനന്ദും
ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമും മലയാളത്തില്‍ ഈ രീതി പിന്തുടര്‍ന്നവരാണ്. ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള
കഥാനിർമാണം ഉപേക്ഷിച്ച് ദര്‍ശനങ്ങൾക്കും
ചിന്തകൾക്കും അവര്‍ പ്രാധാന്യം
നൽകുന്നതിനു പിന്നിലെ പ്രചോദനം പഠനവിധേയമാക്കേണ്ടതാണ്. ചരിത്രം, രാഷ്ട്രിയം,
സാമൂഹികം എന്നീ അംശങ്ങളെ അടിസ്ഥാനമാക്കി ആനന്ദിന്റെ നോവലുകളിലെയും ജോണ്‍
എബ്രഹാമിന്റെ ചലച്ചിത്രങ്ങളിലെയും ദർശനങ്ങളെ പഠിക്കാനുള്ള ശ്രമമാണിത്.
പാശ്ചാത്യ
മനഃശാസ്ത്രതത്ത്വങ്ങളും ശാസ്ത്രചിന്തകളും സാഹിത്യത്തിലേക്കും ചലച്ചിത്രത്തിലേക്കും
കടന്നുവന്നത് ആധുനികതയ്ക്ക് വഴി തെളിച്ചു.
കഥ പറയുക എന്ന സാങ്കേതികതയില്‍ നിന്ന് വ്യത്യസ്തമായി എഴുത്തുകാരന്‍ ചിന്തിക്കുകയും
തനിക്ക് പറയാനുള്ളത് മറ്റെന്തോ ആണെന്ന് നിര്‍വചിച്ചു തുടങ്ങുകയും ചെയ്യുന്ന പ്രവണത
എക്സിസ്റ്റ്യന്‍ഷ്യലിസത്തിന്റെ വരവോടെയാണ് പ്രചാരത്തിലായത്. രീതിയ്ക്കും ശൈലിക്കും
പ്രാധാന്യം നല്കുന്ന ആഖ്യാന രീതി മലയാളസാഹിത്യത്തില്‍ പിന്തുടര്‍ന്നത് 1960 കളില്‍ മലയാളസാഹിത്യമേഖലയില്‍ കടന്നുവന്ന
ഒ വി വിജയന്‍, എം മുകുന്ദന്‍, കാക്കനാടന്‍, ആനന്ദ് എന്നിവരിലൂടെയായിരുന്നു. സിനിമയിലെ നവീനത അടൂർ,
അരവിന്ദൻ, ജോൺ എബ്രഹാം, കെ ജി ജോർജ്ജ്, പത്മരാജൻ എന്നിവരുടെ ചിത്രങ്ങളിലാണ്
പ്രത്യക്ഷമായത്. എങ്കിലും സഹ
എഴുത്തുകാരില്‍ നിന്നും ആനന്ദും സഹ ചലച്ചിത്രകാരന്മാരില്‍ നിന്നും ജോണ്‍ എബ്രഹാമും
തികച്ചും വ്യത്യസ്തരാണ്. ജോണിന്റെ ചലച്ചിത്രങ്ങളും ആനന്ദിന്റെ നോവലുകളും മാത്രം
പിന്തുടരുന്ന ഒരു സഹൃദയന്‍ നോവലിനും ചലച്ചിത്രത്തിനും നല്കുന്ന നിര്‍വചനങ്ങള്‍
മറ്റൊന്നായിരിക്കും. കര്‍ക്കശമായ ഭാഷ സ്വീകരിക്കുകയും നോവലിനെ തത്വചിന്തയിലേക്കും
സാമൂഹിക വിശകലനത്തിലേക്കും ആനന്ദ്
തിരിച്ചു വിട്ടപ്പോള്‍ അടുക്കിത്തീര്‍ക്കാത്ത ഫ്രെയിമുകളുമായി ജോണ്‍
പ്രേക്ഷകനെ ധൈഷണിക വ്യവഹാരങ്ങളിലേക്ക് നയിച്ചു.
ആനന്ദ്
1970
ല്‍ 34 –ആം വയസ്സിൽ ആൾക്കുട്ടവുമായി ആനന്ദ് രംഗപ്രവേശം നടത്തി. അതുവരെ സാഹിത്യലോകത്ത് അല്പം പോലും അറിയപ്പെടതിരുന്ന ആ മനുഷ്യന്റെ തീക്ഷ്ണവും Kuരവാർഹവുമായ ആ കൃതി എന്തു
ചെയ്യണമെന്നറിയാതെ പ്രസാധകലോകം അത്ഭുതപ്പെടുകയാണുണ്ടായത്. കഥേതരരീതി ആനന്ദ്
സ്വീകരിക്കുന്നതിലെ രചനാതന്ത്രത്തിന്റെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
‘സാഹിത്യത്തിന്റെയും നോവലിന്റെയും ലക്ഷണങ്ങളും സങ്കേതങ്ങളും ഒന്നും
എനിക്കറിഞ്ഞുകൂടാ. അതിൽ വലിയ താത്പര്യവുമില്ല. പക്ഷേ, എന്റെ അനുഭവം പുറത്തേക്കു
വഴിയുക ഒരാവശ്യമായി തോന്നി.’ എന്നാണ് നോവൽ രചനയെക്കുറിച്ച് ആനന്ദ് പറയുന്നത്. ചരിത്രതേയും
രാഷ്ട്രീയത്തേയും സമൂഹത്തെയും കുറിച്ചുള്ള തന്റെ ദർശനങ്ങൾ പ്രകടിപ്പിക്കൻ നോവലിനെ
ആനന്ദ് സമീപിക്കുമ്പോൾ നോവൽഘടനയ്ക്ക് ഒരു വിലക്ഷണത സംഭവിക്കുന്നു. പ്രബന്ധ
സമാനമയാണ് ആനന്ദ് നോവലിനെ കാണുന്നത്.
ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന ജനതയും നിയമങ്ങളുടെ കുടുക്കിൽ കുടുങ്ങുന്നവരും
ചരിത്രത്തിലൂടെ നടന്നടുക്കുന്ന അഭയാർത്ഥികളും സർക്കാർ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന മരുഭൂമികളും
നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന യാത്രകളുമടക്കം ചരിത്രം, സമൂഹം, രാഷ്ട്രീയം ഏന്നീ
ഘടകങ്ങളിലൂടെയാണ് ആനന്ദിന്റെ നോവൽ എന്ന മാധ്യമസങ്കല്പം സഞ്ചരിക്കുന്നത്.
ജോൺ എബ്രഹാം
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ
ഡിപ്ലോമാചിത്രമായ പ്രിയ യിലൂടെയാണ് ജോൺ ചലച്ചിത്രലോകത്തെത്തിയത്. സിനിമയെ കൂടുതൽ
ജനകീയമാക്കുന്നതിനു വേണ്ടി കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന ഫിലിം സൊസൈറ്റി
രൂപീകരിച്ചു. വെറും നാലു സിനിമകൾ കൊണ്ടു മാത്രം ചലച്ചിത്രലോകത്ത് ചിരപ്രതിഷ്ഠ നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമ
ജോണിനൊരാദർശമാണ്. തന്റെ ആകുലതകളും സംശയങ്ങളും വിശ്വാസങ്ങളും പങ്കുവയ്ക്കാൻ സിനിമയെ
ജോൺ പ്രയോജനപ്പെടുത്തുന്നു. ജോണിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഞാൻ ആത്മസാക്ഷാത്കാരത്തിനു
വേണ്ടിയല്ല സിനിമയെടുക്കുന്നത്. ജനങ്ങളോട് ചിലതു പറയാനുണ്ടെന്നു തോന്നുമ്പോഴാണ്
ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും
അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്കു നിർബന്ധമുണ്ട്’. അതിനാൽ ഈ
കലാകാരന്റെ ചിത്രങ്ങൾ ആസ്വദിക്കുമ്പോൾ അതിന്റെ പിന്നിലെ ദർശനം കണ്ടെത്തേണ്ടതുണ്ട്.
ജോൺ സിനിമകളുടെ ദർശനത്തെ ചരിത്രം, സാമൂഹികം, രാഷ്ട്രിയം, എന്നീ നിലകളിൽ
വായിക്കാവുന്നതാണ്.
ചരിത്രം
ആനന്ദിന്റെ നോവലുകളിലെ കഥാപത്രങ്ങൾ അഭയാർതികളായി
സിന്ധൂനദീതടസംസ്കാരം മുതൽ വർത്തമാനകാലം വരെ ചാക്രികചലനത്തിലേർപ്പെട്ടിരിക്കുകയാണ്.
പരാജിതർക്കും പീഡിതർക്കും വേണ്ടിയുള്ള ഇതിഹാസരചനയിലണ് ആനന്ദ്.അതു ചരിത്രത്തിന്റെ
പൊളിച്ചെഴുത്താണ്. എക്കാലവും രാജവാഴ്ചയുടെയും പടയോട്ടങ്ങളുടെയും മാത്രമാണ്
ചരിത്രമെന്ന് ആനന്ദ് ഗോവർധന്റെ യാത്രകളിലൂടെ ഓർക്കുന്നു. ഒരു വർത്തമാനകാലം അതിന്റെ
ചരിത്രം കൂടി പേറുന്നു. അതു കൊണ്ടാവണം അഭയാർത്ഥികളിൽ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള
കാലം അവതരിപ്പിക്കുമ്പോഴും സിന്ധൂനദീതടസംസ്കാരം കടന്നുവന്ന് അനുവാചകനെ സ്ഥലകാലവിഭ്രമത്തിലാക്കുന്നത്.
നീതിയ്ക്കുവേണ്ടിയുള്ള നിരന്തരാന്വേഷണമാണ്
ആനന്ദ് ചരിത്രത്തിലുടനീളം നടത്തുന്നത്. ആനന്ദ് തന്റെ കഥാപത്രങ്ങളെ
പ്രാദേശികതയിൽ നിന്നുയർത്തി അവയ്ക്കൊരു സാർവeuകിക മുഖം നൽകുന്നു. ഇതിഹാസത്തിൽ നിന്നും
ചരിത്രത്തിൽ നിന്നും കഥാപത്രങ്ങളെ സ്വീകരിച്ച് ചരിത്രത്തിനു പുനരാഖ്യാനം
നടത്തുമ്പോൾ മനുഷ്യന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണദ്ദേഹം
അവതരിപ്പിക്കുന്നത്. ഏകാധിപത്യവും മുതലാളിത്തവും മതauലികതയും ചേർന്ന് മാനവികതയ്ക്കു മേൽ സൃഷ്ടിച്ച
മുറിവുകളുടെ കണക്കെടുപ്പുകൂടി ആനന്ദ് നടത്തുന്നു.
ചരിത്രത്തിന്റെ ക്രൂരതകള്‍ പിന്‍തലമുറയെക്കൂടി വേട്ടയാടുന്നുണ്ടെന്ന്
ജോണിന്റെ സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അമ്മ അറിയാൻ എന്ന സിനിമയിൽ ജോൺ
സിനിമയിലേക്ക് വലിച്ചിട്ട ചരിത്രങ്ങൾ നിരവധിയാണ്. കൊളോണിയൽ ഭരണത്തിന്റെ
തിക്തനുഭവങ്ങളിൽ നിന്നും നമുക്കിതുവരെ മോചനം ലഭിച്ചിട്ടില്ലെന്ന് ജോൺ നമ്മെ ഓർമ്മിപ്പിക്കുന്നു.
വൈപ്പിൻ വിഷമദ്യദുരന്തം, കോട്ടപ്പുറം ജനകീയ സമരം എന്നിവ ജോൺ ചർച്ചാവിഷയമാക്കുന്നു.
അഗ്രഹാരത്തിലെ കഴുതയിൽ കാലാകാലങ്ങളായി സവർണ്ണ ബ്രാഹ്മണസമൂഹം പുലർത്തിയിരുന്ന
നീചമായ അന്ധവിശ്വസങ്ങളെ ജോൺ ചോദ്യം ചെയ്യുന്നു. ബ്രാഹ്മണർ ആരാധിച്ചിരുന്ന
തീയെക്കൊണ്ട് അഗ്രഹാരം ചുടുന്നു. അഗ്നിക്കു വഴി വച്ചതാകട്ടെ ബ്രാഹ്മണർ നീചമായി
കണ്ട കഴുത തന്നെ. കേരളത്തിലുണ്ടായിരുന്ന ജന്മിത്ത സമ്പ്രദായം ചെയ്ത ക്രൂരകൃത്യങ്ങളെകുറിച്ചോർത്ത്
ആ കുറ്റബോധത്തില്‍ കഴിയുന്ന ചെറിയച്ചൻ സത്യത്തിൽ ഒരു ക്രൂരക്രുത്യവും
ചെയ്തിട്ടില്ല. ആയാളുടെ മുൻപുള്ളവരുടെ ചരിത്രം അയാളിൽ അന്തർലീനമാവുകയും ഒരുതരം സ്വയം പീഡനത്തിനു വിധേയമാകുകയും
ചെയ്യുന്നു.
രാഷ്ട്രീയം
മുതലാളിത്തത്തിനു ശേഷം വന്ന ജനാധിപത്യം
ഒരുതരം സാമൂഹികമുതലാളിത്തമാണെന്ന് ആനന്ദ് അഭിപ്രായപ്പെടുന്നു. നിസ്സഹായനായ
വ്യക്തിക്ക് അധികാരത്തോട് നടത്തേണ്ടി വരുന്ന അനന്തമായ സമരമാണ് ഗോവർദ്ധന്റെ യാത്രകളിലെങ്കിൽ
നിസ്സഹായരെ രക്ഷിക്കാൻ അധികാരവുമായി സമരത്തിലേർപ്പെടുന്നതാണ് മരുഭൂമികൾ
ഉണ്ടാകുന്നതിലെ പ്രമേയം. വിഭജനങ്ങളിൽ കുട്ടികളെ നപുംസകങ്ങളാക്കുന്നതിലൂടെ രാഷ്ട്രം
ജനതയെ നിസ്സഹായരാക്കുന്നതായി ആനന്ദ് കരുതുന്നു. ‘ഇവിടുത്തെ കൊലമരത്തിൽ ഒരു
കുടുക്കേയുള്ളൂ. അതിൽ തടിച്ചവരുടെ കഴുത്ത് കടക്കുകയില്ല’. എന്ന ന്യായാധിപന്റെ വിധി
ശ്രദ്ധേയമാണ്.തത്വശാസ്ത്രത്തിന്റെയും നിയമത്തിന്റെയും പിൻബലത്തിൽ
ലോകത്തെല്ലായിടത്തും മർദ്ദകർ പീഡിതരെ അടിച്ചമർത്തുന്നതായി ആനന്ദ്
സാക്ഷ്യപ്പെടുത്തുന്നു. പഴയ രാജഭരണവാഴ്ചയുടെ തിന്മയിൽ നിന്നും പുതിയ നിയമവാഴ്ചയുടെ
ഹൃദയശൂന്യതയിലേക്ക് ഭരണം പറിച്ചു
നട്ടപ്പോഴും രാഷ്ട്രീയാന്തരീക്ഷത്തിനു
മാറ്റമുണ്ടായില്ലെന്നും സാധാരണ മനുഷ്യരുടെ മേലുള്ള കുടുക്കുകൾ മുറുക്കുകയാണിന്ത്യൻ
അധികാരവർഗ്ഗമെന്നും ആനന്ദിനഭിപ്രായമുണ്ട്. മതമേധാവികൾ ശിക്ഷാകേന്ദ്രങ്ങളായി മാറി. രാജാക്കന്മാരുടെ
യുദ്ധക്കൊതിയും രക്തദാഹവും കാമാർത്തിയും കാവ്യവിഷയങ്ങളാക്കി രാജസദസ്സുകളെ
അലങ്കരിക്കുകയാണ് കാളിദാസൻ മുതലായ സാഹിത്യകാരന്മാർ പോലും ചെയ്തത്. ദൈവത്തിൽ
വിശ്വസിക്കുന്നവരുടെ ഭരണം കൊണ്ടും ശാസ്ത്രത്തിന്റെ നിയമത്തിൽ നിന്നുകൊണ്ടും
മനുഷ്യനു നീതി കിട്ടില്ലെന്നദ്ദേഹം അഭിപ്രായപ്പെടുന്നു. രാഷ്ട്രത്തിന്റെ
അധികാരപ്രമത്തത ജനങ്ങളുടെ മേൽ എങ്ങനെ
അനീതി വിതയ്ക്കുന്നുവെന്ന് ആനന്ദ് തന്റെ നോവലുകളിലൂടെ അവതരിപ്പിക്കുന്നു.
അഗ്രഹാരത്തിലെ കഴുതയെന്ന സിനിമയിൽ
സവർണ്ണമേധാവിത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെങ്കിൽ അമ്മ അറിയാൻ എന്ന സിനിമയിൽ തീവ്ര
ഇടതുപക്ഷത്തിന്റെയും സ്ഥിതിസമത്വവാദത്തിന്റെയും രാഷ്ട്രീയ മാനങ്ങളാണ് ജോണ്‍ അവതരിപ്പിക്കുന്നത്. ചെറിയാച്ചന്റെ
ക്രൂരക്രുത്യങ്ങളിൽ ദുഷ്പ്രഭുത്വത്തെ തെങ്ങുകയറ്റുകയാണെങ്കിൽ വിദ്യാർത്ഥികളെ
ഇതിലെയിൽ താനൊരു വിഗ്രഹഭഞ്ജകനാണെന്ന് തെളിയിക്കുന്നു. ദൈവസങ്കല്പത്തെക്കുറിച്ചുള്ള
പ്രൊജെക്റ്റാണ് പാറു ചെയ്യുന്നത്.ദുർഗ്ഗയെ രക്തഭക്ഷിണിയായും മാംസഭക്ഷിണിയായും
അവതരിപ്പിക്കുന്നു. മാക്സിസം തന്റെ ഫിലോസഫിയാണ്.അത് നടപ്പാക്കുന്ന രീതിയോട്
തനിക്കു യോജിപ്പില്ലെന്നു ബാലേട്ടൻ അഭിപ്രായപ്പെടുന്നു. വൈദ്യശസ്ത്രമേഖലയിലെ
സ്വകാര്യവത്കരണത്തിനെതിരേ നടന്ന സമരവും പോസ്റ്റർ കടിച്ചു കീറുന്ന പശുവും ജോൺ
സിനിമയിൽ സോദ്ദേശ്യപരമായി അവതരിപ്പിക്കുന്നു. പള്ളികളും പള്ളിക്കൂടങ്ങളും നിയമവും
ന്യായക്കോടതികളും നേരു മറയ്ക്കുമ്പോൾ നേരു കണ്ടറിയാൻ ജോൺ ആവശ്യപ്പെടുന്നു. ‘ഒരു
ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം
ചെയ്യപ്പെടും ഇവരുടെ കഥകളിലും കവിതകളിലും പോലും ദരിദ്രർ ഇടം പിടിച്ചിട്ടില്ല.’ എന്ന്
ജോൺ ഓർക്കുന്നു. പ്രൊഫസറെ കൊണ്ട് കഴുതയെ വളർത്തിച്ചു. വിദ്യാർത്ഥികളെ കൊണ്ട്
വികലമായ സമരങ്ങൾ നടത്തിച്ചു.‘Man is a
political animal’ എന്ന പോസ്റ്റർ പതിപ്പിച്ചു.നല്ലവനായിരിന്നിട്ടു കൂടി
ചെറിയാച്ചനെ മുന്‍തലമുറയുടെ പ്രേതം അലട്ടി. വള്ളത്തിൽ നിന്നും അടിയാന്മാരുടെ
ശവങ്ങൾ പുറത്തേക്കിടുന്നതായി തോന്നലുണ്ടാക്കി.രാഷ്ട്രീയമായ തന്റെ ദർശനങ്ങൾക്ക്
ശക്തി പകരാൻ സിനിമയെ ജോൺ പരമാവധി ഉപയോഗിച്ചു.
സാമൂഹികം
തന്റെ നോവലുകളിലൂടെ സമൂഹത്തെ ആനന്ദ് തുറന്നു
കാട്ടുന്നു. വിഭജനങ്ങൾ സമൂഹത്തിന്റെ കഥയാണവതരിപ്പിക്കുന്നത്. അപഹരിക്കപ്പെട്ട
ദൈവങ്ങൾ നിയതമായ ഒരു ദൈവത്തിലേക്കും സമൂഹത്തെ നയിക്കുന്നില്ലെന്ന്
വ്യക്തമാക്കുന്നു. തിരിച്ചു ചെല്ലാൻ ഒരിടവും ഇല്ലാത്ത ചരിത്രവും കാലവും കടന്നു പോകുകയാണ് ആനന്ദിന്റെ
കഥാപാത്രങ്ങൾ. ഒരു യുവതിയെ ഒരു മണിക്കൂറോളം സമയമെടുത്താണ് ഭ്രാന്തൻ കൊന്നത്. അവനെ
ഫ്ലാറ്റിലൂടെ സമൂഹം നോക്കി നിന്നതേയിള്ളൂ. നിത്യമായ അഭയമില്ലാത്ത കഥാപാത്രങ്ങൾ
നോവലുകളിൽ നിന്നും നോവലുകളിലേക്ക് അലഞ്ഞു തിരിയുന്നു. പുലർന്നു പോവുക എന്നതിൽ
കവിഞ്ഞ് ഒരു ജീവിത വ്യവഹാരവുമില്ലാത്തവരായി സമൂഹം മാറി.അധികാരത്തിന്റെ
വ്യവഹാരമേഖലകൾ ഓരോന്നും മനുഷ്യസമൂഹത്തിനേല്പിക്കുന്ന മുറിവുകളെ സ്ഥലകാലാതീതമായി
അദ്ദേഹം വിശകലനം ചെയ്യുന്നു.
‘സ്നേഹം മാത്രമാണെന്റെ ഫിലോസഫി. സ്നേഹിക്കുന്നവർക്കു
വേണ്ടിയാണ് ഞാൻ പടം പിടിക്കുന്നത്.’ ജോൺ
വ്യക്തമാക്കുന്നു. ഈശ്വരനിന്ദ നടത്തിയവരെ പിടികൂടി ശിക്ഷിക്കാൻ മാത്രമാണ്
മതമേധാവിത്വം.പാവം പൊട്ടിപ്പെണ്ണിനെ പിഴപ്പിച്ചതവർക്കു പ്രശ്നമല്ല. അമ്മ ജോണിനെ
സ്വാധീനിച്ച വ്യക്തിത്വമാണ്. അമ്മയെ വിവരങ്ങൾ ധരിപ്പിക്കുന്ന രണ്ട് വീക്ഷണ
കോണുകളിലൂടെയാണ് അമ്മ അറിയാൻ എന്ന സിനിമ വികസിക്കുന്നത്. നഗരത്തിന്റെ
ദുഷ്ടതകളിലേക്ക് യുവതലമുറ വലിച്ചെറിയപ്പെടുന്നതിനെ ജോൺ ശപിക്കുന്നു. നാരായണൻ
കുട്ടിക്കുണ്ടാകുന്ന പൊലീസ് മർദ്ദനങ്ങളിൽ ഭയന്ന് ചേച്ചി ഭ്രാന്തിയാകുന്നു.ഹരി
ആത്മഹത്യ ചെയ്യാൻ കാരണം അവന് വ്യക്തിത്വം നഷ്ടപ്പെട്ടതാണ്. താറാവിന് ധാന്യം കൊടുക്കുമ്പോഴും ദുഷ്പ്രഭുത്വത്തിന്റെ പതിത്വം
പേറുന്ന ചെറിയാച്ചൻ ഈ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുന്ന ദരിദ്രരെ ഓർക്കുന്നു. ഒരു
തരം നിരാശ ബാധിച്ച യുവതലമുറയ്ക്ക് ഊർജ്ജം നൽകാൻ ജോൺ ശ്രമിക്കുന്നു.
സാഹിത്യാദി കലകളിൽ കഥാഖ്യാനരീതി വിട്ട്
കലാകാരൻ സഞ്ചരിക്കുന്നത് സമൂഹത്തോടുള്ള കടമകളിൽ അവൻ ചിന്താമഗ്നനാകുന്നതു കൊണ്ടാണ്.
ദാർശനികവും മാനസികവുമായ ഒരു തലം അതിനുണ്ടാകും.സമാനതകളില്ലാത്ത
സാമൂഹികബോധത്തിന്റെയും വിട്ടുവീഴ്ചയില്ലത്ത മനുഷ്യവിശ്വാസത്തിന്റെയും
പ്രഖ്യാപനങ്ങളാണ് ആനന്ദിന്റെ നോവലുകളും ജോണിന്റെ സിനിമകളും.അവ ജനങ്ങളോടുള്ള
സംവാദങ്ങളാണ്. പട്ടിണി കിടന്നാലും സിനിമ നിർമ്മിച്ചാൽ മതി എന്ന പക്ഷക്കാരനാണ് ജോൺ.
ജനങ്ങളിൽ നിന്നും ഒന്നും രണ്ടും തുകകൾ സ്വീകരിച്ച് പ്രൊജെക്ടറുമായി കവലകൾ തോറും
ജോൺ സിനിമ പ്രദർശിപ്പിച്ചു.കർമ്മോന്മുഖമാക്കുവാൻ ഹൃദയങ്ങളെ ഉത്തേജിപ്പിക്കുകയാണ്
മാധ്യമധർമ്മമെന്നവർ വിശ്വസിക്കുന്നു.ആത്മഗതങ്ങളും അശരീരികളും സംവാദങ്ങളും കൊണ്ടവർ
തങ്ങളുടെ കലാസൃഷ്ടികളെ നിറയ്ക്കുന്നു.തന്റെ നിലപാടുകളെ അവതരിപ്പിക്കാനുള്ള
മാധ്യമമായി സിനിമയെ ജോൺ കണ്ടപ്പോൾ അവിടെ നായകനും ദുഷ്ടകഥാപാത്രങ്ങളും ജനിച്ചില്ല.ആനന്ദാകട്ടെ
അനുഭവയാഥാർത്ഥ്യങ്ങളെയാണ് നായകരും ദുഷ്ടരുമാക്കിയത്.കഥാത്മകമല്ലെങ്കിൽ കൂടി
അനുവാചകനെ പിടിച്ചിരുത്തി കണ്ണുകളിൽ സൂചിമുന കൊള്ളുന്ന ഒരുതരം അനുഭവം സൃഷ്ടിക്കാൻ
അവയ്ക്കു കഴിയുന്നതെന്തുകൊണ്ടാണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.