ഒരു സാഹിത്യ കൃതി ബാഹ്യപ്രകൃതിയിൽ ചെലുത്തുന്ന സ്വാധീനവും ബാഹ്യപ്രകൃതി ആ കൃതിയിൽ ചെലുത്തുന്ന സ്വാധീനവുമടങ്ങുന്ന മേഖലയെ കൃതിപ്രഭാവമേഖല എന്നു വിളിക്കാം.
1)
കൃതി : എഴുതപ്പെട്ടതെന്താണോ അതിനെ കൃതി എന്നു വിളിക്കാം. അപ്പോൾ വായ്മൊഴി സാഹിത്യമോ എന്നൊരു ചോദ്യമുണ്ട്. അതിനേയും വേണമെങ്കിൽ ഉൾപെടുത്താം. ഒരു വായ്മൊഴി അതിന്റെ യഥാർത്ഥ ടെക്സ്റ്റിൽ നിന്നും ശതമാനക്കണക്കിന് വ്യത്യസ്തമായിരിക്കും.
2)
എഴുത്തുകാരന്റെ ഭാവതലം : എഴുത്തുകാരന്റെ ഭാവനയാണ് ഒരു കൃതി ജന്മമെടുക്കുന്നതിന് അവസരം നൽകുന്ന ഗർഭാശയം. അവിടെ നിന്നും ലഭിക്കുന്ന പരിചരണങ്ങളാൽ വളർന്ന് ഗർഭപൂർത്തി നേടി കൃതി വെളിച്ചം കാണുന്നത്. അതിനാൽ ഒരു കൃതിയെ ചുറ്റി നിൽക്കുന്ന ഒന്നാമത്തെ ഘടകം എഴുത്തുകാരന്റെ ഭാവതലമാണ്. ഒരു കൃതി ശരിയായി മനസിലാക്കുന്നതിന് എഴുത്തുകാരന്റെ ഭാവതലം കണ്ടെത്തേണ്ടതുണ്ട്. എഴുത്തുകാരൻ രചനാവൈവിധ്യം സ്വീകരിക്കുന്നതിന്റെ കാരണം തന്നെ ഭാവതലവുമായി ബന്ധപ്പെട്ടതാണ്. “ഡെത്ത് ഓഫ് ഓതർ” എന്ന പേരിൽ ആധുനിക സാഹിത്യ നിരൂപകന്മാർ എഴുത്തുകാരനെ കൊന്നു കളയുന്നത് ശരിയാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
3)
നിരൂപകന്റെ വ്യാഖ്യാനതലം : ആഖ്യാന വൈവിധ്യങ്ങളാൽ മനപ്പൂർവമായോ അല്ലാതെയോ ഒരു കൃതിയിൽ ഗോപനം ചെയ്യപ്പെട്ട രഹസ്യങ്ങളെ പുറത്തു വലിച്ചിടുന്നയാളാണല്ലോ നിരൂപകൻ. ഒരു കൃതിയ്ക്ക് സാഹിത്യപരിസരം സൃഷ്ടിക്കുന്നതും നിഷേധിക്കുന്നതും നിരൂപകനാണ്. എഴുത്തുകാരന്റെ ഭാവതലത്തേയാണ് നിരൂപകർ വിമർശന വിധേയമാക്കുന്നത്.
4)
വായനക്കാരന്റെ ആസ്വാദനതലം : ആസ്വാദനം മാത്രമല്ല കവിതയുടെ ലക്ഷ്യം എന്നു നമുക്കറിയാം. പക്ഷേ, വായനക്കാരൻ ഒരു കൃതിയെ സ്വീകരിക്കുന്നത് ആസ്വാദനത്തിലൂടെയാണ്. എഴുത്തുകാരന്റെ ഭാവതലത്തിലും നിരൂപകന്റെ വ്യാഖ്യാന തലത്തിലും ഉൾപ്പെടാത്ത വിധം പുതിയ അർത്ഥ തലങ്ങൾ സൃഷ്ടിക്കാൻ ചിലപ്പോൾ വായനക്കാരനു കഴിഞ്ഞേക്കും. അത് പാരായണ ചരിത്രം വഴി കൃതിയുമായി വായനക്കാരൻ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതു കൊണ്ടാണ്. –എങ്കിലും ഭാവവ്യാഖ്യാന തലങ്ങൾ വഴി വായനക്കാരൻ കൃതിയെ സമീപിക്കുന്നത് നന്നായിരിക്കും. ഭാരതപര്യടനം വായിക്കുന്നതിനു മുൻപും ശേഷവും മഹാഭാരതം നിങ്ങളിൽ സൃഷ്ടിക്കുന്ന വൈയക്തികങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്കത് മനസിലാകും.
5)
പുനർവായനയുടെ തലം : ഡീ കൺസ്റ്റ്രക്റ്റിവിസം എന്ന ഒരു സാങ്കേതിക പദം നാം കുറേ നാളുകളായി കേട്ടു തുടങ്ങിയിട്ട്. ഒരു കൃതി ഒരിക്കൽ കൂടി വായിക്കുന്നത് നിലവിൽ നാം ആ കൃതിക്ക് നൽകിയിട്ടുള്ള അർത്ഥതലങ്ങൾ പൊളിച്ചെഴുതുന്നതിന് കാരണമാകും. ഈ പൊളിച്ചെഴുത്ത് കൃതിക്ക് പുതിയ മാനങ്ങൾ നൽകുന്നു. പുതിയ നിലപാടുകളും ആസ്വാദന തലങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പുനർവായനയ്ക്ക് ഓരോ കൃതിയും , പ്രത്യേകിച്ച് ഓരോ കവിതയും നിങ്ങളോട് അപേക്ഷിക്കുന്നുണ്ട്.
6)
എഴുത്തുകാരന്റെ മാനസികതലം: പലപ്പോഴും വേദ ഗ്രന്ഥങ്ങളെ നിരീശ്വര വാദികൾ വിമർശിക്കാറുണ്ട്. അതിലെ വരികൾക്ക് വ്യത്യസ്ത മാനങ്ങൾ നൽകി അവർ പറഞ്ഞു സമർഥിക്കുകയാണത്. അതിനും കുടി അവസരം നൽകുന്നത് ആ കൃതികളുടെ മേന്മയായി വേണം വിലയിരുത്താൻ. അതുപോലെയാണ്
ഒരു കൃതി, നിരൂപകർക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിനും വായനക്കാരന് വ്യത്യസ്തമായ ആസ്വാദന തലങ്ങൾ സൃഷ്ടിക്കുന്നതിനും അപനിർമാണവാദികൾക്ക് പുതിയ അർഥ തലങ്ങൾ സൃഷ്ടിക്കുന്നതിനും അവസരം നൽകുന്നത്. കൃതിയുടെ ഈ സവിശേഷത എഴുത്തുകാരന്റെ മാനസിക തലവുമായി ബന്ധപ്പെട്ടതാണ്. ആ കൃതിയുടെ എല്ലാ പരിസരങ്ങളേയും മനസിലാക്കുന്നതിന് ആ കൃതി രചിക്കാനിടവന്ന എഴുത്തുകാരൻ ആ കൃതി പൂർണമാകുന്നതു വരെ സഞ്ചരിച്ച മാനസിക തലമറിയണം.. എന്നാൽ ഈ മാനസിക തലം കണ്ടെത്തിയാൽ മാത്രമേ കൃതിയുടെ ലക്ഷ്യം പൂർത്തിയാകൂ എന്നു പറയാൻ കഴിയില്ല.
ഈ ചക്രങ്ങളെ ഭേദിച്ചു കൊണ്ട് വരക്കുന്ന പാരായണ ചരിത്രം എന്ന കുറുക്കു വഴിയിലൂടെ ഏത് ചക്രത്തിനും കൃതിയുമായി നേരിട്ട് ഇടപഴകാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ