I can't ever imagine more wonderful than sharing My life with You

ചൊവ്വാഴ്ച, മാർച്ച് 12

പിറവി


പിറവി

                   ചെറുകഥയും കവിതയും തമ്മില്‍ വ്യത്യാസം പ്രകടമായി മനസിലാകാത്ത കാലമാണിത്. രുപപരമായി കവിത ചെറുകഥയോടടുക്കുകയും ഭാവപരമായി ചെറുകഥ കവിതയോടടുക്കുകയും ചെയ്തിരിക്കുന്നു. മാത്രമോ , കവിത പാരായണത്തെ മറികടന്ന് പുനർവായന ആവശ്യപ്പെടുന്ന കാലമാണിത്.എന്റെ രചന ഒരു കവിതയാണ് അല്ലെങ്കിൽ ഒരു ചെറുകഥയാണ് എന്ന് രചയിതാവ് പറയേണ്ടുന്ന അവസ്ഥയുമാണ്. വായനക്കാരനെ കൂടി കവിയാ‍ക്കാൻ കവി കവിതയിൽ സ്പെയിസ് അവശേഷിപ്പിക്കുന്നു. എന്നാൽ ചെറുകഥയിൽ അങ്ങനെയൊരു സ്പെയിസ് ഇല്ല. കൌശലക്കാരനായ വായനക്കാരൻ ചെറുകഥയിൽ മനപ്പൂർവം സ്പെയിസ് സ്‌ഷ്ടിക്കുകയാണ് ചെയ്യുന്നത്. നവീന കവിത ഒരു നിമിഷത്തിന്റെ ഉത്പന്നമാണ്. അത് വലിച്ചു നീട്ടാനോ ചുരുട്ടി ഒതുക്കാനോ എന്തിന് തിരുത്താനോ പോലും അവസരം നൽകുന്നില്ല. എന്നാൽ ചെറുകഥ കഥാതന്തുവിനെ രൂപപ്പെടുത്തുന്നതിന് കഥാകാരന് അവസരം നൽകുന്നു.
                   ക്ലാസ് അവസാനിപ്പിച്ച് രവീന്ദ്രൻ സ്റ്റാഫ് റൂമിലെത്തിയപ്പോഴേക്കും സഹപ്രവർത്തകരെല്ലാം പോയിരുന്നു. നീണ്ട പ്രണയത്തിന്റെ സാഫല്യമായിരുന്നു രവിയുടേയും ശാലിനിയുടേയും. വിവാഹത്തിന്റെ തിരക്കുകൾ ഒഴിവാക്കി ഒരാഴ്ച കഴിഞ്ഞാണ് അയാൾ കോളേജിലെത്തിയത്. ശാലിനി ഹൈസ്കൂൾ ഗണിതാധ്യാപികയും.
                   എസ് എൻ കോളേജിന്റെ മലയാളം കംബൈന്റ് ക്ലാസുകളിൽ പുലർന്നതായിരുന്നു ആ പ്രണയം. ആദ്യം പറഞ്ഞത് രവി തന്നെ ആയിരുന്നു.
          “ നിനക്കെന്നെ ഇഷ്ടമാണോ എന്ന് ഞാൻ ചോദിക്കുന്നില്ല. നിന്നെ ഞൻ സ്നേഹിക്കുന്നതിൽ നിനക്ക് തടസമുണ്ടോ എന്നാണെനിക്ക് അറിയേണ്ടത്. ”
          “ ഉത്തരം അത്ര എളുപ്പമല്ല. ഗണിതശാസ്ത്രത്തിനു കുറുക്കു വഴികളില്ല. മാ‍ത്രമല്ല, പെട്ടെന്നു പ്രണയിക്കൻ തക്ക ഒന്നും ഞാൻ കാണുന്നുമില്ല”
          അയാൾ സ്നേഹിക്കുന്നതിൽ തനിക്കെന്തു പ്രശ്നം. പിറ്റേന്നു തന്നെ ശാലിനി സമ്മതം നൽകി.നീണ്ട ഒന്നര വർഷം ഒന്നു വിഷ് ചെയ്യുന്നതിലും മധുരമായി എന്തെങ്കിലും സംസാരിക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രവിയുടെ സാന്നിധ്യം അവളുടെ ഫോണിൽ നിന്നും ഹൃദയത്തിലേക്ക് ബ്ലൂ റ്റൂത്തിലൂടെ പ്രവഹിച്ചു.
                   ഹോസ്റ്റൽ മുറിയ്ല് കൂട്ടുകാരികൾ കുടുംബ കര്യങ്ങൾ പറഞ്ഞ് വിഷയം മാറ്റി , കാമുകന്മാരുടെ അശ്ലീല ചുവയുള്ള സംഭാഷണങ്ങളിൽ നിന്നും മെസേജുകളിൽ നിന്നും രക്ഷ പെടാൻ പെടാപാട് പെടുന്നത് അവൾ കാണാറുണ്ട്. സൈബർ വൈകൃതങ്ങളില്ലാത്ത രവിയെ അവൾ കൂടുതൽ സ്നേഹിച്ചു.
                   പ്രണയത്തിന്റ്റെ 59 ആം മിനിറ്റിൽ സംഭവിക്കേണ്ടത് 59 ആം സെക്കന്റിൽ സംഭവിക്കുന്നതിനോട് രവിക്ക് താത്പര്യം ഇല്ലയിരുന്നെന്നു വേണം കരുതാൻ.വൈകുന്നേരം രവി മടങ്ങിയെത്തിയപ്പോഴേക്കും ശാലിനിലും സ്കൂളിൽ നിന്നുംവീട്ടിലെത്തിയിരുന്നു. നിശ്വാസവായു രവീന്ദ്രന്റെ കവിളിൽ സ്പർശിക്കുമാറായിരുന്നു ശാലിനി ഒരാഴ്ച ദാമ്പത്യം പിന്നിട്ട രവിയോടാ ചോദ്യം ചോദിച്ചത്.
          “നമുക്ക് ആദ്യം ഒരാൺ കുഞ്ഞിനെ മതി”
                   ഭവതി ഒരു സിഗ്മണ്ട് ഫ്രോയിഡ് ലൈൻ ആണോ ഉദ്ദേശിക്കുന്നത്.
          “ ഏയ് , അല്ല. പെൺ പിറവിയ്ക്ക് ചരിത്രത്തിൽ മൂന്ന് സമവാക്യങ്ങളുണ്ട്. ഒന്ന്, കുഞ്ഞ് പിറക്കുന്നത് ദുശ്ശകുനമായി കണ്ടിരുന്ന ചരിത്രാരംഭ ജനതയുടേതാണ്. രണ്ട് , സ്ത്രീധനം മുതലായ സാമ്പത്തിക തലത്തിലുള്ള ചരിത്രമധ്യ ജനതയുടേതാണ്. മൂന്നാകട്ടെ, വർതമാന കാല വാർത്തകളാണ് പെൺകുഞ്ഞ് ജനിക്കുന്നതിൽ നിന്ന് വിപരീതമായി ചിന്തിക്കാൻ ദമ്പതിമാരെ പ്രേരിപ്പിക്കുന്നത്. ”
                   “ ശാലിനീ, ഇത് ഗീതോപദേശം പോലെ ആയിപ്പോ‍യി.പുരുഷന്മാർ വില്ലന്മാരായി പ്രത്യക്ഷപ്പെടുന്നത് നീ അറിഞ്ഞില്ലെന്നാണോ. മൂന്ന് വയസുകാരിയെ ബ്ലയ്ഡ് ഉപയോഗിച്ച് വിസ്തീർണ്ണം കൂട്ടിയതിനു ശേഷം പീഡിപ്പിച്ചത് 17 കാരനാണ്. അവന്റെ അമ്മയാകാൻ നീ ആഗ്രഹിക്കുന്നുവോ ?”
          “ രവിയേട്ടാ, ഒമ്പതാം ക്ലാസിൽ പഠിക്കൂന്ന രഘുവിന്റെ കണക്കു ബുക്കിന്റെ പിൻ ഭാഗത്ത് അവന്റെ ക്ലാസിലെ നാലു പെൺകുട്ടികൾ ഡേറ്റാകുന്നതിന്റെ തീയതി അവൻ എഴുതിയിട്ടിരിക്കുന്നു. ഇത് അവൻ ആരു പറഞ്ഞറിഞ്ഞു. ”
                   “ ശാലിനീ, ഗൺ പോയിന്റിൽ നിൽക്കുന്ന പെൺകുട്ടി ഉറക്കെ നില വിളിച്ചില്ലെന്നും ഓടി രക്ഷപെട്ടില്ലെന്നും പറയുന്നവരാണ് നാം. ഗൺ പോയിന്റിൽ നിന്ന ആരും അങ്ങനെ പറയില്ല . ”
          “ രവിയേട്ടാ, എന്റെ ക്ലാസിലെ സുരഭിയുടെ ബാഗിൽ നിന്നും എനിക്ക് ലഭിച്ചത് 5 സിം കാർഡുകളാണ്. അതും അടുത്തുള്ള കോളേജിലെ 5 വിദ്യാർത്ഥികളുടെ”
 ഞെട്ടിത്തെറിച്ചതു പോലെ രവിയുടെ കൈ ശാലിനിയുടെ കൈകളിൽ നിന്നും കുതറി മാ‍റി.
                   “ ശാലിനീ, പണ്ട് അച്ഛനേയും സഹോദരനേയും പെൺകുഞ്ഞിനെ ഏല്പിച്ചിട്ടാണ് അമ്മ പുറത്ത് പോയിരുന്നത്. ഇന്ന് എന്ത് സമാധാനത്തോടെ ആ അമ്മ പുറത്ത് പോകും.”
                   “രവിയേട്ടാ, ഒമ്പതിലെ അശ്വതിയുടെ മൊബൈലിൽ നിന്നും അവൾ കൂട്ടുകാരനു അയച്ചത് വയറു വേദനയുടെ വിശേഷങ്ങളായിരുന്നു.”
          “ ശാലിനീ, എയർ ഹോളടച്ചിരുന്ന തെർമോക്കോളിൽ നിന്നാ‍ണ് പെൺകുട്ടികളുടെ ബാത്ത് റൂമിൽ കോളേജ് ലക്ചറുടെ ഫോൺ കണ്ടത്. ”
                   “ രവീ, രവീണ തന്റെ മൂന്ന് കൂട്ടുകാരികളുളെ മൊബൈൽ നമ്പർ അവളുടെ ബോയ് ഫ്രണ്ടിനു നൽകിയത് അവൾ ക്ലാസിൽ നാലാം സ്ഥാനക്കാരിയായതിന്റെ ദേഷ്യത്താലായിരുന്നു.”
                   “ശാലിനീ, ഒന്നാം വർഷ ഇംഗ്ലീഷുകാരൻ കൂട്ടുകാരനിൽ നിന്ന് അവന്റെ അമ്മയുടെ ചിത്രം വാങ്ങിയാണ് മോർഫ് ചെയ്തത്.”
                   “ രവിയേട്ടാ , ഭർത്താവിനേയും പാലു കുടി മാറാത്ത കൈക്കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ചവളാണ് പഞ്ചായത്ത് കിണറ്റിൽ പൊങ്ങിയത്. ”
         
                   “ ശാലിനീ, മോഷണത്തിനിടെയാണ് പാവക്കുട്ടിയെ കെട്ടിപിടിച്ചുറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കള്ളന്മാർ പിച്ചി ചീന്തിയത്. പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് ആ കുഞ്ഞ് കരഞ്ഞത്,ഹോ”
          അവളുടെ തലയണയിൽ നിന്നും ശിരസുയർത്തി രവി തന്റെ തലയണയിലേക്ക് കിടന്നു.
                   “  രവിയേട്ടാ, അടി വസ്ത്രങ്ങളുടെ പരസ്യങ്ങൾ ടെലി വിഷനിൽ കുടുംബ ചിത്രങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുന്നതെന്തിനാണ്. നമ്മുടെ സൂപ്പർ താരങ്ങളുടെ ഡയലോഗുകളിലും സീനുകളിലും അശ്ലീലം കലരുന്നത് അവ അനുവദനീയമാണന്നുള്ള ചിന്ത കുട്ടികളിലുണ്ടാക്കില്ലേ, ഫാൻസുകാരായ യുവാക്കളുട കൈയടി കിട്ടാൻ കാണിക്കുന്ന ഇത്തരം പ്രകടനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ “ ആരും അനുകരിക്കരുത് “ എന്ന് എഴുതിയെങ്കിലും കാണിക്കണ്ടേ.
                   “ ഇപ്പറഞ്ഞത് വളരേ ശരിയാണ്. ഒന്നു കൂടിയുണ്ട്. വ്വളവുകളിൽ വച്ചിരിക്കുന്ന പല പരസ്യങ്ങളും രാത്രി ഡ്രൈവർമാർക്ക് മനശ്ചാഞ്ചല്യം ഉണ്ടാക്കുന്നതാണെന്ന് പല ഡ്രൈവർമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.നമ്മുടെ ചില അധ്യാപർക്കും കുഴപ്പമുണ്ട്, ക്ലാസിൽ അശ്ലീല ചുവയുള്ള സംഭാഷണം നടത്തുന്ന ചില വിരുതന്മാരുണ്ട്. ”

                   “ രവിയേട്ടാ, ജനിക്കുന്നതിനു മുൻപു തന്നെ നമ്മുടെ പെൺ കുട്ടികൾ പീഡന വാർത്തകൾ കേൾക്കുന്നു. എന്നിട്ടും അവർ പ്രണയക്കുഴികളിൽ വീഴുകയും അവന്മാരോടൊപ്പം ഇറങ്ങിപ്പോകുകയും ചെയ്യുന്നതെന്താണ്. ഞാൻ പറയുന്നതൊന്നും പീഡനത്തിന്റെ ന്യായീകരണങ്ങളാണെന്ന് കരുതരുത്. 50% പീഡനങ്ങളിലും സ്ത്രീകൾ പങ്കാളികളാകുകയോ പെൺകുട്ടികൾ വീടു വിട്ടിറങ്ങുകയോ ചെയ്യുന്നുണ്ട്. ഒരു കൂട്ടം പുരുഷന്മാർ തുനിഞ്ഞിറങ്ങിയാൽ സ്ത്രീകൾ മുങ്കരുതൽ സ്വീകരികേണ്ടതല്ലെ.”
                   “ ശാലിനീ, ചെറു പ്രായത്തിൽ തന്നെ അശ്ലീല ചിത്രങ്ങൾ കാണാൻ അവസരം നൽകുന്ന മൊബൈൽ ഫോണുകളും ഇന്റെർനെറ്റും സ്വകാര്യമായി ഉപയോഗിക്കാൻ 18വയസു വരെ എങ്കിലും വീടുകളിൽ അനുവദിക്കരുത്.“
                   “ രവിയേട്ടാ, സംഭാഷണം മുറുകുന്തോറും നമ്മുടെ ഇടയിലെ അകലം കൂടി വരികയാണല്ലോ...”


പിന്നീടൂള്ള സംഭാഷണ ശകലങ്ങൾക്ക് ഇവിടെ പ്രസക്തിയില്ലാത്തതിനാൽ ഉപേക്ഷിക്കുകയാണ്. രണ്ടു വർഷത്തിനു ശേഷവും അവർ ഒരു തീരുമാനത്തിലെത്തിയിരുന്നില്ലെന്ന് ഇരുവരുടേയും ലീവ് റികോർഡുകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ